ഇന്ത്യൻ ഭരണഘടനയുടെ 312-ം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്),[1] ഇന്ത്യൻ പൊലിസ് സർവീസ് (ഐ.പി.എസ്),[2] ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സർവീസുകൾ.[3] കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ഉന്നത സിവിൽ ഉദ്യോഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നത് ഈ സർവീസുകളിലെ അംഗങ്ങളാണ്.
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (UPSC) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളിൽനിന്ന് നിശ്ചിതകാലയളവിൽ ഡപ്യൂട്ടേഷനിൽ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ൽപ്പരം വകുപ്പുകളിലെ ഉയർന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റിൽ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സർവീസുകൾ -- Central Services -- എന്ന് വിളിക്കുന്നു.)
കൗടില്യന്റെ അർത്ഥശാസ്ത്ര(ക്രി.മു. 4-ം ശതക)ത്തിൽ ഒരു കേന്ദ്രീകൃത ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ സർവീസുകളുടെ തുടക്കം 1855-ൽ സ്ഥാപിതമായ ഇന്ത്യൻ സിവിൽ സർവീസ് (ഐ.സി.എസ്) ആണെന്നുവേണം കരുതാൻ. ഒരു തുറന്ന മത്സരപരീക്ഷയിലൂടെയായിരുന്നു ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും ലണ്ടനിൽ വച്ചുമാത്രം മത്സരപരീക്ഷ നടത്തിയിരുന്നതുകൊണ്ട് ഒരിന്ത്യാക്കാരന് ഐ.സി.എസ് അപ്രാപ്യമായിരുന്നു. 1864-ൽ സത്യേന്ദ്രനാഥ് ടാഗൂർ ആദ്യമായി ഐ.സി.എസ്. പാസ്സായ ഇന്ത്യക്കാരനായി.
ഇന്ത്യക്കാർക്ക് കൂടുതൽ അവസരം നല്കുവാനായി 1879-ൽ സ്റ്റാറ്റ്യൂട്ടറി സിവിൽ സർവീസ് എന്ന മറ്റൊരു സർവീസ് കൂടി തുടങ്ങി. ഈ സർവീസിലേയ്ക്ക് ഉദ്യോഗാർഥികളെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ സർക്കാരുകൾ നാമനിർദ്ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ 1892-ൽ ഈ സർവീസ് നിർത്തലാക്കുകയും ഇതിലെ ഉയർന്ന പദവികൾ ഐ.സി.എസ്സിൽ ലയിപ്പിക്കുകയും ചെയ്തു. താഴെക്കിടയിലുളള പദവികൾ പുതിയതായി ഉണ്ടാക്കിയ പ്രാദേശിക സിവിൽ സർവീസിൽ (Provincial Civil Service) ചേർക്കുകയും ചെയ്തു.
അഖിലേന്ത്യാ സർവീസ് എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം. ഇ. ഗോൺട്ലെറ്റ് (M.E Gauntlett) അധ്യക്ഷനായ കർത്തവ്യ വിഭജന കമ്മിറ്റി (Committee on Division of Functions ,1918)യുടെ റിപ്പോർട്ടിലാണ്. തുടർന്നുണ്ടായ 1919-ലെ ഇന്ത്യാ ആക്റ്റോടെ നിലവിലുണ്ടായിരുന്ന പല സർവീസുകളുടെയും ഘടനയിൽ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ പൊലിസ് സർവീസ്, ഇന്ത്യൻ മെഡിക്കൽ സർവീസ്, ഇന്ത്യൻ എഞ്ചിനിയറിങ് (ജലസേചന വിഭാഗം) സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവ ഒഴികെ മറ്റു കേന്ദ്രീകൃത സർവീസുകൾ (വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി മുതലായവ) നിർത്തലാക്കപ്പെട്ടു.
കൊളോണിയൽ ഭരണകർത്താക്കളുടെ ഉപകരണമായി പ്രവർത്തിച്ചിരുന്ന അഖിലേന്ത്യാ സർവീസുകളെ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലായിരുന്നു. ഐ.സി.എസ്സിന്റെ തുടർച്ചയായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നീ രണ്ടു സർവീസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 1960 ജൂല. 1-ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ടി.എസ്) എന്ന മൂന്നാമതൊരു അഖിലേന്ത്യാ സർവീസും നിലവിൽ വന്നു.
മെഡിക്കൽ, എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങൾക്ക് അഖിലേന്ത്യാ സർവീസുകൾ സൃഷ്ടിക്കുവാനുള്ള നിയമനിർമ്മാണം 1963-ൽത്തന്നെ നടത്തിയെങ്കിലും പല സംസ്ഥാനങ്ങളുടെയും ശക്തമായ എതിർപ്പിനെതുടർന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. (ഈ രണ്ടു വിഭാഗങ്ങൾക്കും കേന്ദ്രഗവണ്മെന്റ് വകുപ്പുകൾക്കു മാത്രമായി കേന്ദ്രസർവീസുകൾ നിലവിലുണ്ട്.) 2005 ജനുവരിയിലെ കണക്കനുസരിച്ച് ഐ.എ.എസ്സിൽ 4788-ഉം ഐ.പി.എസ്സിൽ 3666-ഉം ഫോറസ്റ്റ് സർവീസിൽ 2763-ഉം പദവികളാണ് ഇപ്പോൾ നിലവിലുള്ളത്.
തിരഞ്ഞെടുപ്പു പ്രക്രിയ. ഭരണഘടനയുടെ 315-ം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (UPSC) വർഷംതോറും നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് ഐ.എ.എസ്., ഐ.പി.എസ്. എന്നീ അഖിലേന്ത്യാ സർവീസുകളും മറ്റു കേന്ദ്ര സർവീസുകളുമടക്കം 27 ഓളം വരുന്ന സർവീസുകൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. (പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമുള്ളതുകൊണ്ട് ഫോറസ്റ്റ് സർവീസ് ഉദ്യോഗാർഥികൾക്ക് മാത്രമായി വേറെ ഒരു പരീക്ഷയാണ് യു.പി.എസ്.സി. നടത്താറ്.)
പ്രതിവർഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരിൽ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാൻ അർഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് വിവിധ സർവീസുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തപ്പെടുന്നു.
ലിസ്റ്റിൽ താരതമ്യേന ഉയർന്ന റാങ്കുള്ളവർ ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സർവീസുകൾ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയിൽ ഇന്ത്യൻ വിദേശകാര്യ സർവീസ് ഒരു കേന്ദ്രസർവീസാണ്).[4]
ഉത്തരാഞ്ചൽ സംസ്ഥാനത്തിലെ മസൂറി എന്ന സുഖവാസകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ലാൽ ബഹദൂർ ശാസ്ത്രി ദേശീയ രാജ്യഭരണ അക്കാദമി (LBS National Academy of Administration )യാണ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കുന്ന പ്രധാന സ്ഥാപനം.[5] സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സർവീസുകളിലെ ഉദ്യോഗസ്ഥർക്കും പൊതുവായി ഒരു അടിസ്ഥാന കോഴ്സും (Foundation Course ) ഈ സ്ഥാപനം നടത്തുന്നു. ഈ പൊതു പരിശീലനത്തിനുശേഷം ഐ.എ.എസ്. ഒഴിച്ച് മറ്റു സർവീസുകാർ അവരവരുടെ സർവീസുകളുടെ പ്രത്യേകം അക്കാദമികളിലേക്ക് ഉന്നത പരിശീലനത്തിനായി തിരിക്കുന്നു. ഐ.എ.എസ് പ്രൊബേഷണർമാർ ഇവിടെത്തന്നെ ഉന്നത പരിശീലനത്തിലേർപ്പെടുന്നു.
ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മുഖ്യ പരിശീലനകേന്ദ്രം ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ ദേശീയ പൊലിസ് അക്കാദമി (SVP National Police Academy)യാണ്.[6] ഫോറസ്റ്റ് സർവീസുകാരുടെ പരിശീലനം ഡെറാഡൂണിലെ (Dehra Dun) ഇന്ദിരാഗാന്ധി ദേശീയ ഫോറസ്റ്റ് അക്കാദമിയിലാണ് നടത്തുന്നത്.
സ്ഥാപനങ്ങളിലെ പരിശീലനത്തിനു പുറമേ വിവിധ ജോലികളിൽ പ്രായോഗിക പരീശീലനവും നേടേണ്ടതുണ്ട്. നിയമനം ലഭിക്കുന്ന സംസ്ഥാന കേഡറിലായിരിക്കും പ്രായോഗിക പരിശീലനം. അതോടൊപ്പം അതത് സംസ്ഥാനത്തെ ഭരണഭാഷയും സ്വായത്തമാക്കേണ്ടതുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഖിലേന്ത്യാ സർവീസുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |