ആറാട്ടുപുഴ പൂരം

ആറാട്ടുപുഴ പൂരം
ആറാട്ടുപുഴപൂരം

ക്ഷേത്രം

ആറാട്ടുപുഴ ക്ഷേത്രം

മാസവും, ദിവസവും

മീനമാസത്തിലെ പൂരം

ചടങ്ങുകൾ

പൂരം കൊടിയേറ്റ്തറയ്ക്കൽ പൂരംദേവസംഗമംകൂട്ടിയെഴുന്നെള്ളിപ്പ്ആറാട്ട്യാത്രയയപ്പ്ഗ്രാമബലികൊടിക്കുത്ത്

പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ

ആറാട്ടുപുഴ ക്ഷേത്രംതൃപ്രയാർ ശ്രീരാമക്ഷേത്രംകടലാശ്ശേരി പിഷാരിക്കൽ ഭഗവതിക്ഷേത്രംഊരകം അമ്മതിരുവടി ക്ഷേത്രംചേർപ്പ് ഭഗവതിക്ഷേത്രംതൊട്ടിപ്പാൾ ഭഗവതിക്ഷേത്രംഅയ്യകുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രംഅന്തിക്കാട് ശ്രീകാര്ത്ത്യായനി ക്ഷേത്രംചൂരക്കോട് ഭഗവതിക്ഷേത്രംഎടക്കുന്നി ദുർഗ്ഗാക്ഷേത്രംതൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രംപൂനിലാർകാവ് ഭഗവതിക്ഷേത്രംകടുപ്പശ്ശേരി ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രംചാലക്കുടി പിഷാരിക്കൽ ഭഗവതിക്ഷേത്രംചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രംചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രംചക്കംകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രംമാട്ടിൽ ശ്രീശാസ്താക്ഷേത്രംകല്ലേലി ശാസ്താക്ഷേത്രംമേടംകുളം ശാസ്താക്ഷേത്രംനാങ്കളം ശാസ്താക്ഷേത്രംകോടന്നൂർ ശാസ്താക്ഷേത്രംനെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രംതിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം

ഇതുംകാണുക

ആറാട്ടുപുഴ (തൃശുർ ജില്ല)

കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം (ഇംഗ്ലീഷ്: Aarattupuzha Pooram). ഈ ഉത്സവം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു.[1] 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നത്. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന[2] ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ ആറാട്ടുപുഴ പൂരം വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.

108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. "ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം" എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. ആറാട്ടുപുഴ ക്ഷേത്രത്തിലെ മീനമാസത്തിൽ വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന പെരുവനം പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.

ചരിത്രം

[തിരുത്തുക]

എ.ഡി. 583 ലാണ്‌ പെരുവനം പൂരം ആരംഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ അതിനേക്കാൾ മുന്ന് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ്‌ ചെയ്തത് എന്നാണ്‌ മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്ന് ദേവീദേവന്മാർ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു.

പങ്കാളികൾ

[തിരുത്തുക]

പെരുവനത്തുത്സവത്തിനു വന്നിരുന്ന നൂറ്റെട്ട് ദേവന്മാരെയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തിൽ കുട്ടനെല്ലൂർ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോർക്കാവ്, കുട്ടനെല്ലൂർ എന്നീ ഭഗവതിമാരും, മേടത്തിൽ തൃശൂർ പൂരത്തിൽ പങ്കുക്കൊള്ളുന്ന കണിമംഗലം, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ വന്നിരുന്നവരായിരുന്നു. 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന് 23 ക്ഷേത്രങ്ങളാണ്‌ പൂരത്തിൽ പങ്ക് ചേരുന്നത്. പെരുവനം മഹാദേവർ ക്ഷേത്രത്തിലെ ഇരട്ടിയപ്പൻ പൂരം ഘോഷയാത്രയിൽ പുറത്തെഴുന്നള്ളാറില്ല . [3]ശാസ്താവും ഭഗവതിമാരുമാണ്‌ പൂരത്തിനു പോകുന്ന ദേവതകൾ. താഴെ പറയുന്നവയാണ്‌ 23 ക്ഷേത്രങ്ങൾ

തൃപ്രയാർ തേവർ

ശാസ്താ ക്ഷേത്രങ്ങൾ

  1. ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
  2. ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
  3. ചക്കംകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രം
  4. മാട്ടിൽ ശ്രീശാസ്താക്ഷേത്രം
  5. കല്ലേലി ശാസ്താക്ഷേത്രം
  6. മേടംകുളം ശാസ്താക്ഷേത്രം
  7. നാങ്കുളം ശാസ്താക്ഷേത്രം
  8. കോടന്നൂർ ശാസ്താക്ഷേത്രം
  9. നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം
  10. തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
  11. ആറാട്ടുപുഴ ക്ഷേത്രം

ഭഗവതീക്ഷേത്രങ്ങൾ‍

  1. കടലാശ്ശേരി പിഷാരിക്കൽ ഭഗവതിക്ഷേത്രം
  2. ഊരകം അമ്മതിരുവടി ക്ഷേത്രം
  3. ചേർപ്പ് ഭഗവതിക്ഷേത്രം
  4. തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം
  5. അയ്യകുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം
  6. അന്തിക്കാട് ശ്രീകാര്ത്ത്യായനി ക്ഷേത്രം
  7. ചൂരക്കോട് ഭഗവതിക്ഷേത്രം
  8. എടക്കുന്നി ദുർഗ്ഗാക്ഷേത്രം
  9. തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രം
  10. പൂനിലാർകാവ് ഭഗവതിക്ഷേത്രം
  11. കടുപ്പശ്ശേരി ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രം
  12. ചാലക്കുടി പിഷാരിക്കൽ ഭഗവതിക്ഷേത്രം

ഇത് കൂടാതെ തൃപ്രയാർ തേവർ എന്ന ശാസ്താവും മുഖ്യാതിഥിയായെത്തുന്നു.

ചടങ്ങുകൾ

[തിരുത്തുക]

കൊടിയേറ്റം

[തിരുത്തുക]

പൂരമഹോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് മീനമാസത്തിലെ മകീര്യം നാളിലാണു കൊടിയേറ്റം. അത്യുത്സാഹപൂർവ്വം നാട്ടുകാർ മുറിച്ചുകൊണ്ടുവരുന്ന കവുങ്ങ് ചെത്തി മിനുക്കി ഉണ്ടാക്കുന്ന കൊടിമരം ഒന്നിടവിട്ട് ആലിലകളും മാവിലകളും ചാർത്തി ആഘോഷപൂർവം ഉയർത്തുന്നു. തുടർന്ന് ക്ഷേത്രം ഊരാളന്മാർ ദർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിക്കുന്ന ചടങ്ങാണു. നിശ്ശബ്ദതയിൽ ചമയങ്ങളൊന്നുമില്ലാതെ ഒരു ഗജവീരനെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിക്കും. ക്ഷേത്ര നടപ്പുരയിൽ വലന്തലയിൽ പൂരം കൊട്ടിവച്ചാൽ പുറത്ത് ആൽതറയ്ക്ക് സമീപം തിരുവായുധസമർപ്പണമെന്ന ചടങ്ങാണു. ക്ഷേത്രത്തിനകത്ത് ഈ സമയം നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി തുടങ്ങിയ തതന്ത്രികച്ചടങ്ങുകൾ ആരംഭിക്കും. തുടർന്നുള്ള എല്ലാ ദിവസവും ശ്രീഭൂതബലി, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവ ഉണ്ടാകും.

തറയ്ക്കൽ പൂരം

[തിരുത്തുക]

പൂരത്തലേന്ന്, അതായത് മകം നാളിൽ നടത്തപ്പെടുന്ന പൂരമാൺ തറയ്ക്കൽ പൂരം. അന്നേ ദിവസം സന്ധ്യക്ക് ചടങ്ങുകൾക്ക് ശേഷം ഒൻപത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് ചെമ്പട മേളവുമായി പുറത്തേക്കെഴുന്നള്ളുന്നു. അന്നേ ദിവസം ദേശത്തെ മുഴുവൻ ഭക്തജനങ്ങളും നിറപറകളുമായി ശാസ്താവിനെ എതിരേൽക്കുന്നു. 150-ല് പരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം തറക്കൽ പൂരത്തിൻ മിഴിവേകുന്നു. പടിഞ്ഞാറ് നിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപാൾ ഭഗവതിയും എഴുന്നള്ളുകയായി. പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും. തുടർന്ന് മൂന്ന് ദേവിദേവന്മാരും സംഗമിക്കുകയും എഴുന്നെള്ളിപ്പുകൾക്ക് മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും.

ദേവസംഗമം

[തിരുത്തുക]

പെരുവനം പൂരം കഴിഞ്ഞ് ആറാട്ട് പുഴ പൂരത്തിന്റെ ദിവസം അസ്തമയത്തിനു മുൻപ് തന്നെ 23 ക്ഷേത്രങ്ങളിലേയും പൂരങ്ങൾ ആറാട്ട്പുഴക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള വിശാലമായ പാടത്ത് അണിനിരക്കുന്നു. വാദ്യമേളഘോഷങ്ങൾ അകമ്പടി സേവിക്കുന്നു. ഇതിലെ ആറാട്ടുപുഴ, എടക്കുന്നി, അന്തിക്കാട്, ചൂരക്കോട്, കല്ലേലി, മേടംകുളം, തൈക്കാട്ടുശ്ശേരി, അച്ചുകുന്നു, ചിറ്റിച്ചാത്തക്കുടം, നാങ്കുളം, നെട്ടീശ്ശേരി, കോടന്നൂർ, മാട്ടിൽ എന്നീ 13 ദേവകൾക്ക് ഇറക്കവും മറ്റുള്ള 7 ദേവകൾക്ക് കയറ്റവുമാണ്‌.

മേൽ പറഞ്ഞ പൂരങ്ങളുടെ ആതിഥേയനാണ്‌ ആറാട്ടുപുഴ ശാസ്താവ്. എന്നാൽ മുഖ്യാതിഥിയായി പരിഗണിക്കപ്പെടുന്നത് തൃപ്രയാർ തേവരാണ്‌. പാടത്തിൻറെ പടിഞ്ഞാറുഭാഗത്തുള്ള “കൈതവളപ്പ്” എന്ന സ്ഥലത്ത് തേവർ എത്തുന്നതു വരെ ആറാട്ടുപുഴ ശാസ്താവ് നിലപാട് നിൽക്കുന്നു. പിന്നീട് തേവർ വന്നശേഷം എല്ലാ ചടങ്ങുകൾക്കും അദ്ദേഹമാണ്‌ പ്രധാനി. പാണ്ടിമേളവും വരവേല്പും പ്രധാന ചടങ്ങുകളാണ്. ഇതിനുശേഷമാണ്‌ കൂട്ടിയെഴുന്നള്ളിപ്പ്

കൂട്ടിയെഴുന്നെള്ളിപ്പ്

[തിരുത്തുക]

ആറാട്ടുപുഴപൂരം നാളിൽ അർദ്ധരരത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിലെത്തുന്നു. തൃപ്രയാർ തേവരെ മദ്ധ്യസ്ഥാനത്ത് നിർത്തി വശങ്ങളിലായി ആനപ്പുറത്ത് 23 ദേവകളേയും അണിനിരത്തപ്പെടുന്നു. ഊരകത്തമ്മ തിരുവടികൾ വലതു ഭാഗത്തായും ചേർപ്പിൽ ഭഗവതി ഇടതുഭാഗത്തായും വരുന്നു. മറ്റു തിടമ്പുകളെല്ലാം പാർശവങ്ങളിലായി അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ശ്രീ ഭഗവതിയോടും ഭൂമിദേവിയോടും വിരരജിക്കുകയാണ് എന്ന സങ്കല്പത്തോടെ പതിനനയിരക്കണക്കിനു ഭക്തർ തൊഴുത് പ്രദക്ഷിണം വയ്ക്കുന്നു. 101 ആനകളോളം ഉണ്ടായിരുന്ന ചടങ്ങിൽ നിന്ന് 50ഓളമായി ചുരുങ്ങിയിട്ടൂണ്ട്. 50 നുമേൽ ആനകളുടെ അകമ്പടിയോടെ മെല്ലെ മുന്നോട്ട് ആനയിക്കപ്പെടുന്ന ഈ ചടങ്ങ് സൂര്യൻ അടുത്ത ദിവസം ഉദിച്ചുയരുന്നതു വരെ തുടരുന്നു.

ആറാട്ട്

[തിരുത്തുക]
ആറാട്ട് നടക്കുന്ന മന്ദാരക്കടവ്

പിറ്റേ ദിവസം ഉത്രം നാളിൽ ആറാട്ട് നടത്തപ്പെടുന്നു. കരുവന്നൂർ പുഴയിൽ മന്ദാരക്കടവിൽ വച്ചാണ്‌ ആറാട്ട് നടക്കുന്നത്. ആറാട്ടുപുഴപൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരക്കടവിൽ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാൺ വിശ്വാസം. തേവർക്കായി താൽകാലിക മണ്ഡപം ഒരുക്കുന്നു. അതിനെ വലം വച്ച് മറ്റു ഭഗവതിമാർ ആറാടുന്നു. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാൺ ആദ്യം നീരാടുന്നത്. മീനമാസത്തിലെ പൂരം  നാളിൽ  രാത്രി  ചോതി  നക്ഷത്രം ഉച്ചസ്ഥ മാവുമ്പോളാണ്  കടലാശ്ശേരി  പിഷാരിയ്ക്കൽ  ഭഗവതി  മന്ദാരം കടവിൽ ആറാടുന്നത്.കാശി വിശ്വനാഥനും ഗംഗയും മുപ്പത്തിമുക്കോടി ദേവകളും ഈ ആറാട്ടിൽ പങ്കെടുക്കുന്നു എന്നാണ്  വിശ്വാസം  .തുടർന്ന്  മറ്റു ദേവിമാർ  ഓരോരുത്തരായി  ആറാടുന്നു  പരമപുണ്യമായ ഈ ആറാട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത് നിർവൃതിയടയുന്നു. ആറാട്ടിനു ശേഷം ഊരകത്തമ്മത്തിരുവടിയും തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേയ്ക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മത്തിരുവടിയാൺ ആറാട്ടുപുഴ ക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത്.

യാത്രയയപ്പ്

[തിരുത്തുക]

ആറാട്ട് കഴിഞ്ഞശേഷം ദേവീദേവന്മാരെ യാത്രയയക്കുന്ന ചടങ്ങാൺ. ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ്, അവരെ ഏഴുകണ്ടം അനുഗമിച്ച് യാത്രയയക്കുന്നു. ഇതിനിടയ്ക്ക് മൂന്ന് പ്രാവശ്യം അതിഥിയുടെ ആന പിന്നാക്കം തിരിഞ്ഞ് അതിഥിയുടേയും ആതിഥേയൻറേയും ആനകൾ ഒരേ സമയം തുമ്പിക്കയ്യുയർത്തി ഉപചാരം പറയുന്നു. പിറ്റേക്കൊല്ലത്തെ പൂരം നാൾ പ്രഖ്യാപിക്കുന്ന ചടങ്ങിനുശേഷം എല്ലാവരും അടുത്ത കൊല്ലം കാണാം എന്ന് ഉപചാരമർപ്പിച്ച് മടങ്ങിപ്പോകുന്നു. അതിഥി പടിഞ്ഞാട്ടും ആതിഥേയൻ കിഴക്കോട്ടും നടന്നു നീങ്ങുന്നു. രാജകീയ കിരീടത്തിൻറെ സൂചകമായ മകുടം ഒഴിവാക്കിയാൺ തേവരുടെ മടക്കയാത്ര.

ഗ്രാമബലി

[തിരുത്തുക]

പിറ്റേ ദിവസം ശാസ്താക്കന്മാർ നടന്നു “ഗ്രാമബലി” നിർവ്വഹിക്കുന്നു. ഗ്രാമത്തിൻറെ രക്ഷയാണ് ഗ്രാമബലി കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകീട്ട് ശ്രീഭൂതബലി കഴിഞ്ഞാൽ ശാസ്താവിനെ വാതിൽമാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച് വയ്ക്കുന്നു. തന്ത്രിയുടെ അനുമതിയോടെ യാത്രയാകുന്ന ചടങ്ങാണ് പിന്നീട്. വില്ലൂന്നിത്തറ, ജലാശയം, ക്ഷേത്രം, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമ വൃക്ഷം, ഗ്രാമത്തിൻറെ നാലതിരുകൾ എന്നിവിടങ്ങളിലും, പിന്നീട് അടുത്തുള്ള ക്ഷേത്രങ്ങളിലും ബലി തൂവുന്നു. എഴുന്നള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും തോരണങ്ങളും ചാർത്തി ആറാട്ടുപുഴ ശാസ്തതവിനെ ഭക്തിയൊടെ എതിരേൽക്കുകയാൺ ചെയ്യുന്നത്.

കൊടിക്കുത്ത്

[തിരുത്തുക]

ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രപാലകൻ ബലി തൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്താവ് ശ്രീകോവിലിലേക്ക് എഴുന്നള്ളി കഴിഞ്ഞാൽ കൊടിമരം ഇളക്കിമാറ്റുന്നു. എല്ലാ ക്ഷേത്രങ്ങളിലും കൊടി കുത്തുകയും ചെയ്യുന്നു. ഇതോടുകൂടി പൂരത്തിൻറെ എല്ലാ ചടങ്ങുകളും അവസാനിക്കുകയായി.

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആറാട്ടുപുഴ പൂരം - ഏററവും പുരാതന പൂരം (കേരളത്തിലെ ഉത്സവങ്ങൾ ) കേരള വിനോദ സഞ്ചാര വകുപ്പ്". 2020-12-04. Archived from the original on 2020-12-04. Retrieved 2020-12-04.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആറാട്ടുപുഴ പൂരം, ശ്രീ ശാസ്താ ക്ഷേത്രം, തൃശ്ശൂർ". 2020-12-04. Archived from the original on 2020-12-04. Retrieved 2020-12-04.{{cite web}}: CS1 maint: bot: original URL status unknown (link)
  3. [1][പ്രവർത്തിക്കാത്ത കണ്ണി] അഞ്ചാമത്തെ ഖണ്ഡിക നോക്കുക.

ചിത്രശാല

[തിരുത്തുക]