മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഇ. ഹരികുമാർ. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം 2020 മാർച്ചുമാസം 23 തീയതി അർദ്ധരാത്രിയോടെ തന്റെ 77 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.[1]
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിൽ ജനിച്ചു.[2] പൊന്നാനി എ. വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നു. ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. ദിനോസോറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന് 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3] 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.[4][5]