ഋതുസംഹാരം

മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന ഒരു ലഘു കാവ്യമാണ് ഋതുസംഹാരം. ഋതുപരിവർത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്റെ ഉള്ളടക്കം.ആറ് ലഘുസർഗങ്ങളും 155 പദ്യങ്ങളുമടങ്ങിയ

ഈ കാവ്യത്തിന്റെ കർതൃത്വത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാളിദാസന്റെ തന്നെ ആദ്യരചനയായാണ് ഇന്ന് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.[1]ഈ കൃതി ലത്തീൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകളിലേക്കും ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .[അവലംബം ആവശ്യമാണ്]

ഉള്ളടക്കം

[തിരുത്തുക]

ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വർഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകൻ കാമുകിക്ക് വർണിച്ചു കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. [2] ഒരോ ഋതുവിനും ഒന്ന് എന്ന കണക്കിൽ ഗ്രീഷ്മവർണ്ണനം, വർഷവർണ്ണനം, ശരദ്വർണ്ണനം, ഹേമന്തവർണ്ണനം, ശിശിരവർണ്ണനം, വസന്തവർണ്ണനം എന്നിങ്ങനെ ആറു സർഗ്ഗളുണ്ട് ഈ കാവ്യത്തിൽ. ഋതുപരിവർത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും കാമുമീകാമുകന്മാരുടെ സല്ലാപകേളികൾക്ക് ഏതൊക്കെ മട്ടിൽ അവസരമൊരുക്കുന്നുവെന്നും വിവരിക്കുന്ന ഈ കാവ്യം ശൃംഗാരരസപ്രാധാനമാണ്. എല്ലാ ഋതുക്കളുടെ ചിത്രീകരണത്തിലും കാണാവുന്ന ശൃംഗാര ഭാവത്തിനും കാവ്യത്തിന്റെ പൊതുസ്വഭാവത്തിനും താഴെക്കൊടുക്കുന്ന[2] വർണ്ണനകൾ ഉദാഹരണങ്ങളാണ്:-

  • ഗ്രീഷ്മവർണ്ണനം: "കാമിനിമാർ രാവുകളിൽ വെണ്മാടങ്ങളിൽ എത്തി സുഖമായി ഉറങ്ങുന്നു. അവരുടെ മുഖദർശനത്തിൽ നാണം പൊറുക്കാനാവാത്തതിനാൽ ചന്ദ്രന്റെ മുഖം വിളറി വിവർണ്ണമാകുന്നു".
  • വർഷവർണ്ണനം: "മഴവില്ല്, മിന്നൽക്കൊടി, ഇവ ആഭരണങ്ങളായ മേഘങ്ങൾ, മനോഹരമായ കുണ്ഡലം, അരഞ്ഞാൺ ഇവയോടുകൂടിയ സുന്ദരാംഗിമാരെപ്പോലെ വിരഹദുഃഖിതരുടെ ഹൃദയം ഹരിക്കുന്നു.
  • ശരദ്വർണ്ണനം: "രാത്രി, കുമാരിയെപ്പോലെ നാൾക്കുനാൾ വളർന്നു. അവൾ നക്ഷത്രജാലമാകുന്ന സുവർണ്ണഭൂഷകൾ അണിഞ്ഞു. മഴമുകിലിന്റെ മൂടുപടം നീക്കി നറുതിങ്കൾ വദനത്തിൽ പുഞ്ചിരി വിരിഞ്ഞു. തൂവെണ്ണിലാവാകുന്ന പട്ടുചേലയുടുത്തു.
  • ഹേമന്തവർണ്ണനം: "ഒരു യുവസുന്ദരി, പ്രഭാതത്തിൽ കരത്തിൽ പിടിച്ച വാൽക്കണ്ണാടിയിൽ നോക്കി വദനത്തിൽ ചായങ്ങൾ അണിയുന്നു. കാന്തൻ നുകർന്നപ്പോൾ പല്ലുപതിഞ്ഞു പോറൽ പറ്റിയ ചുവന്ന അധരങ്ങൾ വലിച്ചുനോക്കുന്നു.
  • ശിശിരവർണ്ണനം: "താംബൂലം, കളഭലേപനങ്ങൾ ഇവയേന്തി പുഷ്പാസവത്താൽ മുഖം ഗന്ധഭരിതമാക്കി, അകിൽധൂമപരിമളം നിറയുന്ന കിടപ്പറകളിലേയ്ക്ക് കാമിനിമാർ സമുത്സുകരായി കടന്നുചെന്നുന്നു".
  • വസന്തവർണ്ണനം: "തേന്മാവിന്റെ ആസവും മോന്തി മദം പിടിച്ച ഇണയിൽ രാഗം വളർന്ന ആൺ കുയിലുകൾ ചുംബനം നൽകുമ്പോൾ, ചാടുവാക്യങ്ങൾ മുരണ്ട് താമരപ്പൂവിൽ വണ്ട് ഇണയ്ക്ക് പ്രിയമരുളുന്നു."

അവലംബം

[തിരുത്തുക]
  1. Kalidasa - Sri Aurobindo, പോണ്ടിച്ചേരി ശ്രീ അരവിന്ദാശ്രമം പ്രസിദ്ധീകരിച്ചത് "We see (Kalidasa's) characteristic gift even in the immature workmanship...and can distinguish the persistent personality in spite of the defective self-expression"
  2. 2.0 2.1 കാളിദാസകൃതികൾ, ഗദ്യശില്പം‍, സി.ജെ. മണ്ണുമ്മൂട് - സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം