Active | 1889 | –1916
---|---|
മാതൃസ്ഥാപനം | സ്കോട്ടിഷ് അസോസിയേഷൻ ഫോർ ദ മെഡിക്കൽ എഡ്യുക്കേഷൻ ഓഫ് വിമൻ. |
എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വിമൻ എൽസി ഇംഗ്ലിസും അവരുടെ പിതാവ് ജോൺ ഇംഗ്ലിസും ചേർന്ന് സ്ഥാപിച്ച ഒരു വൈദ്യശാസ്ത്ര കലാലയമാണ്. വോട്ടവകാശ പ്രസ്ഥാനത്തിലെ ഒരു നേതാവായി ഉയർന്നുവന്ന് ഒന്നാം ലോകമഹായുദ്ധത്തിൽ സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽ ഓർഗനൈസേഷൻ സ്ഥാപിച്ച എൽസി ഇംഗ്ലിസ്, പിതാവുമായി ചേർന്ന് കലാലയം സ്ഥാപിക്കുന്ന കാലത്ത് അവൾ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു. ഇന്ത്യയിൽ ഒരു മുതിർന്ന സർക്കാർ ഉദ്യോഗം വഹിച്ചിരുന്ന അവരുടെ പിതാവ് ജോൺ ഇംഗ്ലിസ് അവിടെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചിരുന്നയാളായിരുന്നു. എഡിൻബർഗിൽ തിരിച്ചെത്തിയ അദ്ദേഹം സ്ത്രീകളുടെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തെ സർവ്വാത്മനാ പിന്തുണയ്ക്കുകയും വനിതകൾക്കായി ഒരു കലാലയം സ്ഥാപിക്കാൻ സഹായകമാകുന്ന രീതിയിൽ തന്റെ സ്വാധീനം ഉപയോഗിക്കുകയും ചെയ്തു. യു.കെ.യിലെ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാലയങ്ങളിലൊന്നുംതന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത സമയത്താണ് 1889 ൽ ഈ കലാലയം സ്ഥാപിക്കപ്പെട്ടത്.
എഡിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന സ്ഥാപനത്തിനുള്ളിലുണ്ടായ ഒരു തർക്കത്തിന്റെ ഫലമായാണ് ഈ കോളേജ് സ്ഥാപിക്കപ്പെട്ടത്. 1886-ൽ സോഫിയ ജെക്സ്-ബ്ലേക്ക് എന്ന വനിതയാണ് ഇത് സ്ഥാപിച്ചത്. അവരുടെ വിദ്യാർത്ഥികളിൽ പലരും അവരെ ഒരു കർക്കശക്കാരിയായ അച്ചടക്കക്കാരിയായി കണക്കാക്കിയിരുന്നു.[1] രണ്ട് വിദ്യാർത്ഥിനികളായ ഗ്രേസ് കേഡലും അവരുടെ സഹോദരി മാർത്തയും 1888-ൽ വിദ്യാലയത്തിലെ നിയമങ്ങളുടെ ലംഘനത്തിന് പിരിച്ചുവിടപ്പെട്ടപ്പോൾ, അവർ ജെക്സ്-ബ്ലേക്കിനും ഈ വൈദ്യശാസ്ത്ര വിദ്യാലയത്തിനുമെതിരേ വിജയകരമായി കേസ് നടത്തി. മറ്റൊരു വിദ്യാർത്ഥിനിയായ എൽസി ഇംഗ്ലിസ്, കേഡൽ സഹോദരിമാരോട് അനുഭാവം പുലർത്തുകയും ജെക്സ്-ബ്ലേക്കിനോട് കൂടുതൽ ശത്രുത പുലർത്തുകയും ചെയ്യുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ നേതാവായി ഉയർന്നുവന്നു.[2] അവരുടെ പിതാവായ ജോൺ ഇംഗ്ലിസിന് എഡിൻബർഗ് സർവകലാശാലയുടെ പ്രിൻസിപ്പൽ സർ വില്യം മുയർ ഉൾപ്പെടെ സ്വാധീനമുള്ള സുഹൃത്തുക്കളുടെ ഒരു വലയം തന്നെയുണ്ടായിരുന്നു. അവർ സ്കോട്ടിഷ് അസോസിയേഷൻ ഫോർ ദ മെഡിക്കൽ എഡ്യുക്കേഷൻ ഓഫ് വിമൻ സ്ഥാപിച്ചതോടെ, താമസിയാതെ അവരെ പിന്തുണയ്ക്കുന്നവരുടെയും സാമ്പത്തിക പിന്തുണ നൽകുന്നവരുടേയും ശ്രദ്ധേയമായ ഒരു പട്ടിക നിലവിൽവന്നു.[3] തന്റെ പിതാവ് പ്രൊഫ.റോബർട്ട് ക്രിസ്റ്റിസണിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ മാറ്റാൻ ശ്രമിച്ച സർ അലക്സാണ്ടർ ക്രിസ്റ്റിസണായിരുന്നു ഇതിൻറെ ആദ്യത്തെ പ്രസിഡന്റ്.[4] കോളേജിന്റെ ആവശ്യങ്ങൾക്ക് ഉതകുന്ന ലെക്ചർ റൂമുകളും ലബോറട്ടറികളും സ്ഥാപിക്കാനായി 30 ചേമ്പേഴ്‌സ് സ്ട്രീറ്റിലെ ഒരു വലിയ കെട്ടിടം അസോസിയേഷൻ വാടകയ്‌ക്കെടുത്തു.[5] 1889-ലാണ് കോളേജ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.[6]