ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റായിരുന്നു ഓട്ടോ സ്പീഗൽബർഗ് (ജീവിതകാലം: 9 ജനുവരി 1830 - 9 ഓഗസ്റ്റ് 1881). പെയിനിൽ ജനിച്ച അദ്ദേഹം ബ്രെസ്ലൗവിൽ വെച്ച് അന്തരിച്ചു.
ഗോട്ടിംഗൻ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം, അതിനുശേഷം ബെർലിൻ, പ്രാഗ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ തൻറെ വിദ്യാഭ്യാസം തുടർന്നു. 1851-ൽ അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും, തുടർന്ന് ഗോട്ടിംഗനിൽ (1853) ഹാബിലിറ്റേഷൻ നേടുകയും ചെയ്തു. പിന്നീട് ഫ്രീബർഗ്, കോനിഗ്സ്ബർഗ്, ബ്രെസ്ലൗ സർവകലാശാലകളിൽ പ്രസവചികിത്സാ വിഭാഗത്തിലെ പ്രൊഫസറായി ജോലി ചെയ്തു.
സ്പീഗൽബെർഗ് ഒബ്സ്റ്റട്രിക്ക്സ്, ഗൈനക്കോളജിക്കൽ സർജറി എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്, രോഗനിർണയത്തിലും ഓവറിയോട്ടമി ഉൾപ്പെടുന്ന ശസ്ത്രക്രിയാ നടപടിക്രമങ്ങളിലും അദ്ദേഹം സംഭാവനകൾ നൽകി. "സ്പീഗൽബെർഗ് മാനദണ്ഡം" എന്നതിൻ്റെ പേരിലാണ് അദ്ദേഹം കൂടുതൽ ഓർമ്മിക്കപ്പെടുന്നത്.[1]
സ്പീഗൽബെർഗ് നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ "ലെഹർബുച്ച് ഡെർ ഗെബർട്ഷുൾഫ്" എന്ന പേരിലുള്ള പ്രസവചികിത്സയെക്കുറിച്ചുള്ള ഒരു ജനപ്രിയ പാഠപുസ്തകം; അതിന്റെ രണ്ടാം പതിപ്പിൽ നിന്ന് ടെക്സ്റ്റ്ബുക്ക് ഓഫ് മിഡ്വൈഫറി (1887) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.[2] 1870-ൽ, കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡുമായി (1819-1892), അദ്ദേഹം "ആർക്കീവ് ഫർ ഗൈനക്കോളജി" എന്ന ജേർണൽ സ്ഥാപിച്ചു.[3]