മഹാരാഷ്ട്രയിൽ ലോണാവാലയ്ക്കു സമീപം കാർലി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധഗുഹാക്ഷേത്രസമുച്ചയമാണ് കാർലാ ഗുഹകൾ. ക്രി.മു. രണ്ടാം നൂറ്റാണ്ട് മുതൽ ക്രി.പി. രണ്ടാം നൂറ്റാണ്ട് വരെയും, ക്രി.പി. 5 മുതൽ പത്താം നൂറ്റാണ്ട് വരെയുമുള്ള കാലഘട്ടത്തിലാണ് ഈ ശിലാഗുഹകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ സംരക്ഷണച്ചുമതല[1].
ഈ സമുച്ചയത്തിൽ ആരാധനക്കുള്ള ഒരു ചൈത്യഗൃഹവും ഭിക്ഷുക്കളുടെ താമസത്തിനും മറ്റുമായുള്ള 15 വിഹാരങ്ങളുമാണുള്ളത്. ഇതിലെ 45മീ. നീളവും 14മീ. ഉയരവുമുള്ള ചൈത്യഗൃഹം ഈ മാതൃകയിൽ ഇന്ത്യയിലെ ഏറ്റവും വലുതാണ്[2]. ചൈത്യഗൃഹത്തിന്റെ നടുഭാഗം, ഇരു ഭാഗത്തും വരിയായി നിൽക്കുന്ന കരിങ്കൽ തൂണുകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. തൂണുകളും അവക്കു പിന്നിലെ ഇടനാഴിയും ഛത്‌രിയുടെ പിന്നിലൂടെ ചുറ്റിവരുന്നു. ചൈത്യഗൃഹത്തിനുള്ളിൽ സ്ത്രീ-പുരുഷന്മാരുടെയും, ആന, സിംഹം തുടങ്ങിയ മൃഗങ്ങളുടെയും ശില്പങ്ങളുണ്ട്. മുകൾതട്ടിലെ തടിയിൽ തീർത്ത കമാനങ്ങൾ 2000 വർഷങ്ങൾക്ക് ശേഷവും കേടുപാടുകൾ കൂടാതെയിരിക്കുന്നു. ചൈത്യഗൃഹത്തിനു മുന്നിൽ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ആനപ്പുറത്തേറിയ ബുദ്ധന്റെ ശില്പങ്ങൾ ക്രി.പി. അഞ്ചാം നൂറ്റാണ്ടിനു ശേഷം പണികഴിക്കപ്പെട്ടവയാണ്.
മുൻഭാഗത്തുണ്ടായിരുന്ന രണ്ട് കൂറ്റൻ തൂണുകളിൽ ഒന്നു മാത്രമേ ഇന്ന് നിലവിലുള്ളൂ. മറ്റേ തൂണിന്റെ സ്ഥാനത്ത് ഇന്ന് മുംബൈയിലെ കോളികളുടെ (മുക്കുവർ) കുലദേവതയായ ഏക്‌വീരാ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.