കാളിദാസൻ രചിച്ച പ്രശസ്തമായ മഹാകാവ്യമാണ് കുമാരസംഭവം. സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്‍.
കാളിദാസൻ ഈ ഗ്രന്ഥം എട്ട് സർഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാർവതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.
ഒന്നാം സർഗ്ഗം ആരംഭിക്കുന്നത് ഹിമാലയവർണ്ണനയോടെയാണ്. "ഉത്തരദിക്കിനറ്റത്ത്, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അളവുകോലെന്നപോലെ നിലകൊള്ളുന്ന പർവതരാജനായ ഹിമാലയത്തെ" ആദ്യശ്ലോകം പുകഴ്ത്തുന്നു. [1][ക]തുടർന്ന്, ഹിമാലയത്തിന്റെ ഗാംഭീര്യവും, സൗന്ദര്യവും, ജീവി-ധാതു സമൃദ്ധിയും അതിൽ ജീവിക്കുന്ന കിന്നരന്മാരുടേയും കിരാതന്മാരുടേയും ജീവിതസന്ദർഭങ്ങളും കവി ചിത്രീകരിക്കുന്നു.
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മണ്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാൽ കുമാരസംഭവം ഒരു അപൂർണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാൽ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുക വഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.
ക. ^ അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ:
പൂർവാപരൗ തോയോനിധി വഹാഹ്യ
സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ: