മലപ്പുറം ജില്ലയിലെ കോട്ടക്കലിലുള്ള ശ്രീ വിശ്വംഭരക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്ത മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ വളപ്പിലാണ് വിശ്വംഭരക്ഷേത്രം സ്ഥിതിചെയ്യുന്നത്.
എല്ലാ മതത്തിൽപ്പെട്ടവർക്കും ഈ ഉത്സവത്തിൽ പങ്കെടുക്കാം എന്നത് കോട്ടക്കൽ പൂരത്തെ കൂടുതൽ ജനകീയമാക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാ ദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെ അതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായ സാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.[1][2][3]