ഗ്രേസ് മെർലിൻ ജെയിംസ് (1923 - 1989) കെന്റക്കിയിലെ ലൂയിസ്‌വില്ലെയിലെ ഒരു അമേരിക്കൻ ശിശുരോഗ വിദഗ്ധയായിരുന്നു. ഇംഗ്ലീഷ്:Grace Marilyn James. 1953-ൽ അവൾ വൈദ്യശാസ്ത്രം പരിശീലിക്കാൻ തുടങ്ങിയ കാലത്ത്, ലൂയിസ്‌വില്ലെയിലെ ആശുപത്രികൾ നിയമപ്രകാരം വംശീയമായി വേർതിരിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ലൂയിസ്‌വില്ലെ സ്കൂൾ ഓഫ് മെഡിസിനിൽ അവർ ഫാക്കൽറ്റിയിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ഫിസിഷ്യനായിരുന്നു. ഏതെങ്കിലും തെക്കൻ മെഡിക്കൽ സ്കൂളിലെ ഫാക്കൽറ്റിയിലെ ചേരുന്ന ആദ്യത്തെ രണ്ട് ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. കൂടാതെ, ലൂയിസ്‌വില്ലിലെ കോസെയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ അറ്റൻഡിംഗ് ഫിസിഷ്യനായി സേവനമനുഷ്ഠിച്ച ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു ഗ്രേസ്.[1]
ഗ്രേസ് മെർലിൻ ജെയിംസ് പടിഞ്ഞാറൻ വിർജീനിയയിലെ ചാൾസ്റ്റണിൽ ഒരു നിർമ്മാണ കമ്പനിയുടെ ഉടമ എഡ്വേർഡ് എൽ ജെയിംസിന്റെയും ലോക്കൽ പോസ്റ്റ് ഓഫീസിന്റെ മാനേജരായ സ്റ്റെല്ല ഗ്രേസ് ഷാ ജെയിംസിന്റെയും മകളായി 1923-ൽ ജനിച്ചു. ഗ്രേസ് വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് കോളേജിൽ ചേർന്നു. വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് കോളേജിലും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. അവൾ 1950-ൽ ടെന്നസിയിലെ നാഷ്‌വില്ലിലുള്ള മെഹാരി മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി ബിരുദം നേടി. ജെയിംസ് ന്യൂയോർക്ക് സിറ്റിയിലേക്ക് സ്ഥലം മാറി ഹാർലെം ഹോസ്പിറ്റലിൽ പീഡിയാട്രിക് റെസിഡൻസി പൂർത്തിയാക്കി. കൂടാതെ, അവൾ ക്വീൻസ് വില്ലേജിലെ ക്രീഡ്മൂർ സ്റ്റേറ്റ് ഹോസ്പിറ്റലിൽ ചൈൽഡ് സൈക്യാട്രി പഠിച്ചു, ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിൽ ഫെല്ലോ ആയി.[1]
ലൂയിസ്‌വില്ലിലെ ദരിദ്രമായ "വെസ്റ്റ് എൻഡിൽ" താമസിക്കുന്ന കുട്ടികൾക്കായി ഒരു സ്വകാര്യ പീഡിയാട്രിക്‌സ് പ്രാക്ടീസും വാക്ക്-ഇൻ ക്ലിനിക്കും തുറക്കുന്നതിനായി ജെയിംസ് 1953-ൽ ലൂയിസ്‌വില്ലിലേക്ക് താമസം മാറ്റി. അവൾ ലൂയിസ്‌വില്ലെ സിറ്റിയിലും ജെഫേഴ്‌സൺ കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്തു, കൂടാതെ വെസ്റ്റ് എൻഡ് ഡേ കെയർ സെന്ററിലെ പീഡിയാട്രീഷ്യൻ ആയിരുന്നു. ലൂയിസ്‌വില്ലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ കുട്ടികളുടെ ആരോഗ്യ ഇൻസ്ട്രക്ടറായി ജെയിംസ് ചേർന്നു. കാലക്രമേണ അവൾ എട്ട് ലൂയിസ്‌വില്ലെ-ഏരിയ ഹോസ്പിറ്റലുകളിലെ സ്റ്റാഫിൽ ചേർന്നു. ലൂയിസ്‌വില്ലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സ്റ്റാഫിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ സ്കൂളിലെ ഫാക്കൽറ്റിയിലെ രണ്ട് കറുത്തവർഗ്ഗക്കാരികളിൽ ഒരാളുമായിരുന്നു ഗ്രേസ്. [1] ജെഫേഴ്സൺ കൗണ്ടി മെഡിക്കൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ച ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു ജെയിംസ്.[2]
കെന്റക്കി സ്‌റ്റേറ്റ് ക്യാപിറ്റൽ റൊട്ടുണ്ടയിൽ നടന്ന ഒരു പ്രദർശനത്തിൽ ഗ്രേസിന്റെ ഛായാചിത്രം ചേർത്തുകൊണ്ട് കെന്റക്കി വുമൺ സ്‌മരണികയായി ആദരിക്കപ്പെട്ടു.