ചിത്രാ ഗണേഷ് | |
---|---|
ജനനം | 1975 (വയസ്സ് 48–49) |
വിദ്യാഭ്യാസം | ബ്രൗൺ സർവകലാശാല കൊളംബിയ സർവകലാശാല |
സ്ത്രീപക്ഷ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയയായ ചിത്രകാരിയാണ് ചിത്രാ ഗണേഷ്(ജനനം. 1975). പ്രതിഷ്ഠാപനം, വര, കാർട്ടൂൺ, ഡിജിറ്റൽ മാധ്യമം തുടങ്ങിയ ആധുനിക മാധ്യമങ്ങളിൽ കലാസൃഷ്ടികൾ നടത്തുന്നു. ന്യൂയോർക്ക്, ബ്രൂക്ക്ലിൻ കേന്ദ്രീകരിച്ച് കലാ പ്രവർത്തനം നടത്തുന്നു.[1][2]
അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരുടെ മകളാണ്.[3] [4] ഐവി-ലീഗ് ബ്രൗൺ സർവകലാശാലയിൽ നിന്ന് സാഹിത്യം, സാമൂഹ്യ ശാസ്ത്രം എന്നിവയിൽ ബിരുദവും കൊളംബിയ സർവകലാശാലയിൽ നിന്ന് സമകാലീന കലയിൽ മാസ്റ്റർ ബിരുവും നേടി. വാക്കും ചിത്രങ്ങളും കൊണ്ടുള്ള സൃഷ്ടികൾക്ക് അവരുടെ സാഹിത്യ പശ്ചാത്തലം ഏറെ സഹായിച്ചിട്ടുണ്ട്.
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലാണ് ചിത്ര ഗണേഷിൻറെ 'മൈത്രേയ; സ്കോർപീൻ ജെസ്റ്റർ' എന്ന പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. കാർട്ടൂണിലൂടെ അവതരിപ്പിച്ചിരുന്ന അമർചിത്ര കഥകളെ സ്ത്രീപക്ഷ വീക്ഷണ കോണിൽ നിന്ന് സമീപിക്കുകയാണ് ചിത്ര അവതരിപ്പിച്ചിരിക്കുന്ന ദൃശ്യ പ്രതിഷ്ഠാപനം. പല നിറത്തിലുള്ള വരകൾ കൊണ്ടുള്ള ഗ്രാഫിക്സും മനസ്സിനെ സ്വാധീനിക്കുന്ന സംഗീതവുമെല്ലാം കൊണ്ട് ആകർഷണീയമാണത്. ഭിത്തിയുടെ മൂന്നു വശത്തും ഈ ദൃഷ്യപ്രതിഷ്ഠാപനത്തിൻറെ ഓരോ ഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോർക്കിലെ റോബിൻ മ്യൂസിയത്തിലെ ഹിമാലയൻ, ബുദ്ധിസ്റ്റ് കലാപ്രദർശനങ്ങൾ ഈ രചനയെ സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധൻറെ ഭാവി രൂപമെന്ന് വിശേഷിക്കപ്പെടുന്ന മൈത്രേയനുമായി ചുറ്റിപ്പറ്റിയാണ് വീഡിയോ പ്രതിഷ്ഠാപനം. ന്യൂയോർക്കിലെ റൂബിൻ മ്യൂസിയത്തിൽ ബെത്ത് സിട്രോൺ ക്യൂറേറ്റ് ചെയ്ത പ്രദർശനത്തിൽ 'ദി സ്കോർപീൻ ജെസ്റ്റർ' എന്ന പേരിലാണ് ഈ സൃഷ്ടിയുടെ ആദ്യ രൂപം പ്രദർശിപ്പിക്കുന്നത്. ആയിരക്കണക്കിന് ആനിമേഷൻ ദൃശ്യങ്ങൾ മാറി മാറി കാഴ്ച ലഭിക്കത്തക്ക വിധമായിരുന്നു ഇതിൻറെ സൃഷ്ടി. കുടിയേറ്റം, അടിച്ചമർത്തൽ, സ്ത്രീ സമത്വം തുടങ്ങിയ ആധുനിക കാലത്തിൻറെ എല്ലാ സ്വത്വ പ്രതിസന്ധികളും ഈ പ്രതിഷ്ഠാപനം ചർച്ച ചെയ്യുന്നുണ്ട്.
സ്കോർപീൻ ജെസ്റ്റർ എന്ന കൈപ്പത്തിയാണ് കേന്ദ്രബിന്ദു. നവീകരണത്തിൻറെയും രൂപാന്തരണത്തിൻറെയും പ്രതീകമാണ് ഈ കൈപ്പത്തി. സ്ത്രീപക്ഷ ഇടപെടലുകളായ ബ്ലാക്ക് ലൈവ്സ് മാറ്റർ, മീടൂ, പുസ്സി റയട്ട് തുടങ്ങിയവയെ എല്ലാം ഈ പ്രതിഷ്ഠാപനം പ്രതിനിധീകരിക്കുന്നുണ്ട്. [5][6]
.