ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു ആടിന്റെ ഇനമാണ് ജംനാപാരി. ഈ ഇനത്തിനെ ഇന്ത്യയുടെ അന്തസ്സ് എന്നാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശാണ് ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വലിപ്പം വയ്ക്കുന്ന ആട് ഇനമാണ് ഇത്. [1]
പൊതുവേ വെള്ളനിറത്തിലാണ് ഇത്തരം ആടുകളെ കാണപ്പെടുന്നത്. നീളമുള്ള ചെവി, കഴുത്ത്, റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ രോമം എന്നിവ ഇത്തരം ആടിന്റെ പ്രത്യേകതകളാണ്. കൂടാതെ ഇത്തരം ആടുകളുടെ കീഴ്താടിക്ക് മേൽതാടിയെക്കാൾ നീളം കൂടുതൽ ഉണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവം. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ എങ്കിലും വളരെ അപൂർവ്വമായി മാത്രം രണ്ട് കുട്ടികൾ വരെ കാണും. ആറ് മാസമാണ് കറവക്കാലം. പെണ്ണാടിന് 60 കിലോ മുതൽ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റർ മുതൽ 3 ലിറ്റർ വരെയാണെങ്കിലും 4 ലിറ്റർ വരെ പാൽ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന് 80കിലോ മുതൽ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തിൽ കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.