ജോർജ്ജ് മില്ലർ സ്റ്റെൻ‌ബർഗ്

ജോർജ്ജ് മില്ലർ സ്റ്റെൻബർഗ്
ബ്രിഗേഡിയർ ജനറൽ ജോർജ്ജ് മില്ലർ സ്റ്റെൻബർഗ്
ജനനം(1838-06-08)ജൂൺ 8, 1838
ഓട്‌സെഗോ കൗണ്ടി, ന്യൂയോർക്ക്
മരണംനവംബർ 3, 1915(1915-11-03) (പ്രായം 77)
വാഷ്ംഗ്ടൺ ടി.സി.
അടക്കം ചെയ്തത്അർലിംഗ്ടൺ നാഷണൽ സെമിത്തേരി
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
വിഭാഗംഅമേരിക്കൻ സേന
ജോലിക്കാലം1861–1902
പദവിബ്രിഗേഡിയർ ജനറൽ
Commands heldയു.എസ്. ആർമി സർജൻ ജനറൽ
യുദ്ധങ്ങൾ

Indian Wars

Spanish–American War

ബ്രിഗേഡിയർ ജനറൽ ജോർജ്ജ് മില്ലർ സ്റ്റെൻ‌ബർഗ് (ജീവിതകാലം: ജൂൺ 8, 1838 - നവംബർ 3, 1915) മാനുവൽ ഓഫ് ബാക്ടീരിയോളജി (1892) എന്ന ഗ്രന്ഥം എഴുതിയ വ്യക്തിയും ആദ്യത്തെ യു.എസ്. ബാക്ടീരിയോളജിസ്റ്റ് ആയി കണക്കാക്കപ്പെടുന്നതുമായ യു.എസ്. ആർമി ഫിസിഷ്യനായിരുന്നു.[1] ടൈഫോയ്ഡ്, മഞ്ഞപ്പനി എന്നീ രോഗങ്ങളിൽനിന്ന് സുഖം പ്രാപിച്ചശേഷം, മലേറിയയുടെ കാരണം രേഖപ്പെടുത്തിയ (1881) സ്റ്റെർബർഗ്, ലോബർ ന്യുമോണിയയുടെ കാരണം (1881) കണ്ടെത്തിയതോടൊപ്പം ക്ഷയരോഗം ടൈഫോയ്ഡ് പനി എന്നിവയിൽ സൂക്ഷ്മാണുക്കളുടെ പങ്കും സ്ഥിരീകരിച്ചു (1886).[2]

1893 മുതൽ 1902 വരെയുള്ള കാലത്ത് പതിനെട്ടാമത് യു.എസ്. ആർമി സർജൻ ജനറൽ എന്ന നിലയിൽ സ്റ്റെൻബർഗ് തന്റെ കീഴുദ്യോഗസ്ഥനായിരുന്ന മേജർ വാൾട്ടർ റീഡുമായിച്ചേർന്ന് ടൈഫോയ്ഡ്, മഞ്ഞപ്പനി എന്നിവ നിയന്ത്രിക്കാനുള്ള കമ്മീഷനുകളെ നയിച്ചു. ആർമി മെഡിക്കൽ സ്കൂൾ (1893; ഇപ്പോൾ വാൾട്ടർ റീഡ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച്), യുഎസ് ആർമി നഴ്സ് കോർപ്സ് (1901) എന്നിവയുടെ സ്ഥാപനത്തിലും സ്റ്റെർബർഗ് മേൽനോട്ടം വഹിച്ചു. ആദ്യകാല ജർമ്മൻ ബാക്ടീരിയോളജിസ്റ്റായിരുന്ന റോബർട്ട് കോച്ച് സ്റ്റെർബർഗിനെ "അമേരിക്കൻ ബാക്ടീരിയോളജിയുടെ പിതാവ്" എന്ന ബഹുമതി നൽകി ആദരിച്ചു.[3]

ജീവിതരേഖ

[തിരുത്തുക]

ന്യൂയോർക്കിലെ ഓട്‌സെഗോ കൌണ്ടിയിലെ ഹാർട്ട്വിക്ക് സെമിനാരിയിൽ ജനിച്ച സ്റ്റെർബർഗ്, അവിടെ തന്റെ കുട്ടിക്കാലം മുഴുവൻ ചെലവഴിച്ചു. ലെവി സ്റ്റെൻബെർഗിന്റെയും മാർഗരറ്റ് മില്ലർ സ്റ്റെൻ‌ബെർഗിന്റെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. ലൂഥറൻ പുരോഹിതനായിരുന്ന അദ്ദേഹത്തിന്റെ പിതാവ്, പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ജർമ്മനിയിലെ പാലറ്റിനേറ്റ് മേഖലയിൽനിന്ന് യു.എസിലെ ഷോഹാരി താഴ്‌വരയിൽ താമസമാക്കിയ ഒരു ജർമ്മൻ കുടുംബത്തിൽ നിന്നുള്ളയാളാണ്. പിതാവ് പിന്നീട് ന്യൂയോർക്കിലെ ഹാർട്ട്വിക്കിലെ ഹാർട്ട്വിക്ക് സെമിനാരിയിൽ പ്രിൻസിപ്പലായി നിയമിതനാകുകയും അവിടെ അദ്ദേഹം തന്റെ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ലൂഥറൻ പുരോഹിതനും സെമിനാരി നടത്തുന്ന ലൂഥറൻ വിദ്യാലയത്തിലെ ദൈവശാസ്ത്ര പ്രൊഫസറുമായ ജോർജ്ജ് ബി മില്ലറുടെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ് മാർഗരറ്റ് ലെവറിംഗ് (മില്ലർ) സ്റ്റെൻബർഗ്. ഒരു വലിയ കുടുംബത്തിലെ മൂത്ത കുട്ടിയെന്ന നിലയിൽ അദ്ദേഹത്തിന് ചെറുപ്പകാലം മുതൽക്കുതന്നെ മുതിർന്ന ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടിരുന്നു. കൂപ്പേർസ്റ്റൗണിലെ ഒരു പുസ്തകശാലയിൽ ഒരു വർഷവും അടുത്തുള്ള ഗ്രാമീണ സ്കൂളുകളിൽ മൂന്നുവർഷത്തെ അദ്ധ്യാപനത്തിലും മുഴുകിയ അദ്ദേഹത്തിന്റെ സെമിനാരിയിലെ പഠനം ഇടക്കാലത്ത് തടസ്സപ്പെട്ടിരുന്നു. ഹാർട്ട്വിക്കിലെ അവസാന വർഷത്തിൽ അദ്ദേഹം ഗണിതശാസ്ത്രം, രസതന്ത്രം, പ്രകൃതി തത്ത്വചിന്ത എന്നിവയിൽ അദ്ധ്യാപകനായിരുന്നു. ഇതേ കാലയളവിൽ അദ്ദേഹം കൂപ്പേർസ്റ്റൗണിലെ ഹോറസ് ലാത്രോപ്പിനൊപ്പം വൈദ്യശാസ്ത്ര പഠനവും തുടർന്നിരുന്നു. ഔപചാരിക വൈദ്യപരിശീലനത്തിനായി അദ്ദേഹം ആദ്യം ബഫല്ലോയിലേക്കും പിന്നീട് കോളേജ് ഓഫ് ഫിസിഷ്യൻസ് ആന്റ് സർജൻസ് ഓഫ് ന്യൂയോർക്കിലേക്കും (M.D. ബിരുദം, 1860) പോയി. ബിരുദാനന്തരം പരിശീലനത്തിനായി ന്യൂജേഴ്‌സിയിലെ എലിസബത്തിൽ താമസമാക്കിയ അദ്ദേഹം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ അവിടെ തുടർന്നു.[4][5][6]

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം

[തിരുത്തുക]

ജൂനിയർ ആർമി സർജൻ

[തിരുത്തുക]

1861 മെയ് 28 ന് യു.എസ്. ആർമിയിൽ അസിസ്റ്റന്റ് സർജനായി അദ്ദേഹത്തെ നിയമിച്ച അതേ വർഷം ജൂലൈ 21 ന് ജനറൽ ജോർജ്ജ് സൈക്സിന്റെ ഡിവിഷനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ ആദ്യത്തെ ബുൾ റൺ യുദ്ധത്തിൽ അദ്ദേഹം ശത്രുക്കളാൽ പിടിക്കപ്പെട്ടു. രക്ഷപ്പെടാൻ കഴിഞ്ഞ അദ്ദേഹം താമസിയാതെ വാഷിംഗ്ടണിന്റെ പ്രതിരോധത്തിൽ തന്റെ സേനയോടൊപ്പം ചേർന്നു. പിന്നീട് പെനിൻസുലർ കാമ്പെയ്‌നിൽ പങ്കെടുത്ത അദ്ദേഹം ഗെയിൻസ് മിൽ, മാൽവർൺ ഹിൽ യുദ്ധങ്ങളിലും സേവനമനുഷ്ടിച്ചു. ഈ സൈനികപ്രവർത്തന വേളയിൽ ഹാരിസൺ ലാൻഡിംഗിൽവച്ച് അദ്ദേഹത്തിന് ടൈഫോയ്ഡ് ബാധിച്ചതിനാൽ അദ്ദേഹത്തെ ഒരു വാഹനത്തിൽ വടക്കോട്ട് അയച്ചു. യുദ്ധത്തിന്റെ ബാക്കി സമയത്ത് മിക്കവാറും പോർട്സ്മൌത്ത് ഗ്രോവ്, റോഡ് ഐലൻഡ്, ഒഹായോയിലെ ക്ലീവ്‌ലാന്റ് എന്നിവിടങ്ങളിലായി അദ്ദേഹം ആശുപത്രി ഡ്യൂട്ടി നിർവഹിച്ചു. 1865 മാർച്ച് 13 ന് അദ്ദേഹത്തിന് വിശ്വസ്തവും മികവുറ്റതുമായ സേവനത്തിന്റെ പേരിൽ ബ്രെവെറ്റ്സ് ഓഫ് ക്യാപ്റ്റൻ, മേജർ സ്ഥാനങ്ങൾ ലഭിച്ചു.

യുദ്ധത്തിനു ശേഷമുള്ള വർഷങ്ങൾ അന്നത്തെ ജൂനിയർ മെഡിക്കൽ ഓഫീസർമാരേപ്പോലെ പതിവ് സ്ഥലം മാറ്റങ്ങൾ പിന്തുടർന്നു. 1865 ഒക്ടോബർ 19 ന് കൂപ്പേർസ്‍ടൗണിലെ റോബർട്ട് റസ്സലിന്റെ മകളായ ലൂയിസ റസ്സലിനെ വിവാഹം കഴിച്ച അദ്ദേഹം തന്റെ വധുവിനെ മിസോറിയിലെ ജെഫേഴ്സൺ ബാരക്സിലേക്ക് കൊണ്ടുപോകുകയും തുടർന്നുള്ള സ്ഥലം മാറ്റത്തിൽ അവിടെ നിന്ന് ഉടൻ തന്നെ കൻസാസിലെ എൽസ്വർത്തിനടുത്തുള്ള ഫോർട്ട് ഹാർക്കറിലേക്ക് പോകുകയും ചെയ്തു. രണ്ടാമത്തെ സ്ഥലം മാറ്റത്തിൽ അദ്ദേഹത്തെ അകമ്പടി സേവിക്കാതിരുന്ന ലൂയിസ കോളറ പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 1867 ൽ അദ്ദേഹത്തോടൊപ്പം ചേർന്നു. ഈ രോഗം ബാധിച്ച ആദ്യത്തെ സിവിലിയന്മാരിൽ ഒരാളായിരുന്ന ലൂയിസ ജൂലൈ 15 ന് രോഗം ബാധിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണമടയുകയും താമസിയാതെ കോട്ടയിലുണ്ടായിരുന്ന 75 ഓളം പേരും മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  1. Flaumenhaft, E; Flaumenhaft, C (1993). "Evolution of America's pioneer bacteriologist: George M. Sternberg's formative years". Military Medicine. 158 (7): 448–57. doi:10.1093/milmed/158.7.448. PMID 8351046.
  2. Malkin, HM (1993). "The trials and tribulations of George Miller Sternberg (1838–1915) – America's first bacteriologist". Perspectives in Biology and Medicine. 36 (4): 666–78. doi:10.1353/pbm.1993.0068. PMID 8361848. S2CID 28424585.
  3. Sherlock, Tom (2013). Colorado's Healthcare Heritage: A Chronology of the Nineteenth and Twentieth Centuries. Bloomington, IN: Iuniverse Com. p. 368. ISBN 978-1-4759-8025-7.
  4. Anonymous (1965). "George Miller Sternberg (1838–1915) Surgeon-General, USA". JAMA. 194 (13): 1383–1384. doi:10.1001/jama.1965.03090260043016. PMID 5320961.
  5. Everhart, Mike (2013). "The other George Sternberg: George Miller Sternberg (1838–1915)". Oceans of Kansas Paleontology. Retrieved 16 June 2014.
  6. Kober, GM (1915). "George Miller Sternberg, M. D., LL. D: An Appreciation". American Journal of Public Health. 5 (12): 1233–1237. doi:10.2105/ajph.5.12.1233. PMC 1286771. PMID 18009371.