ടെലികൺവെർട്ടർ

ഒരു ക്യാമറയ്ക്കും ലെൻസിനുമിടയിൽ ഘടിപ്പിക്കുന്ന ടെലികൺവെർട്ടർ
2 × ടെലികൺവെർട്ടറുള്ള ഒളിമ്പസ് ഇസി -20 [1]
1 - ക്യാമറ ലെൻസ്
2 - ടെലികൺവെർട്ടർ
3 - ക്യാമറ ബോഡി

പ്രധാന ലെൻസിന്റെ ഫോക്കൽ ദൂരം വർദ്ധിപ്പിക്കാൻ ക്യാമറയ്ക്കും ഫോട്ടോഗ്രാഫിക് ലെൻസിനുമിടയിൽ ഘടിപ്പിക്കാൻ സാധിക്കുന്ന സെക്കൻഡറി ലെൻസാണ് ടെലികൺവെർട്ടർ എന്ന് അറിയപ്പെടുന്നത്. ഇത് ചിലപ്പോൾ ടെലി എക്സ്റ്റെൻഡർ എന്നും അറിയപ്പെടുന്നു. 2× ടെലികൺവെർട്ടർ 35 എംഎം ക്യാമറയിൽ, നടുവിലെ 12×18 ഭാഗം 24×36 എന്ന തലത്തിലേക്ക് വലുതാക്കും.

ടെലികൺവെർട്ടറുകൾ സാധാരണയായി 1.4×, 1.7×, 2×, 3× എന്നിങ്ങനെ പല അളവിൽ ലഭ്യമാണ്. 1.4×, 2× എന്നിവയാണ് ഏറ്റവും സാധാരണമായത്. ഒരു 2× ടെലികൺവെർട്ടർ ക്യാമറയിലെ പ്രധാന ലെൻസിന്റെ ഫോക്കൽ ദൈർഘ്യം ഇരട്ടിയാക്കുന്നു. ഫോക്കൽ ദൂരം ഇരട്ടിയാക്കുന്നതിനോടൊപ്പം 2× ടെലികൺ‌വെർട്ടർ പ്രകാശത്തെ 1/4 ആയി കുറയ്ക്കുകയും ഫോക്കൽ അനുപാതം ഇരട്ടിയാക്കുകയും, ഒരു ചിത്രത്തിന്റെ റസലൂഷൻ പകുതിയാക്കുകയും ചെയ്യുന്നു.

കുറച്ച് മന്ദഗതിയിലുള്ള ലെൻസുകളിൽ, ടെലികൺവെർട്ടർ ഉപയോഗം ക്യാമറയുടെ ഓട്ടോഫോക്കസ് സിസ്റ്റം പ്രവർത്തിക്കാത്ത വിധം അപ്പർച്ചർ കുറയ്‌ക്കാം. ക്യാമറ സിസ്റ്റത്തെ ആശ്രയിച്ച്, ഇത് f/5.6 മുതൽ f/8 വരെയാകാം.

സാധാരണയായി ഒരു ടെലികൺവെർട്ടർ പരിമിതമായ എണ്ണം ലെൻസുകളിൽ മാത്രമേ പ്രവർത്തിക്കൂ. സാധാരണയായി ഒരേ നിർമ്മാതാവ് നിർമ്മിച്ച ടെലിഫോട്ടോ ലെൻസുകൾ ആ കമ്പനിയുടെ ലെൻസിൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ഒരു മൂന്നാം കക്ഷി നിർമ്മാതാവ് ഏതെങ്കിലുമൊരു കമ്പനി ലെൻസുമായി പൊരുത്തപ്പെടുന്ന നിലയിൽ നിർമ്മിച്ചവ, ആ കമ്പനി ലെൻസിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

നിലവിലുള്ള ലെൻസിനൊപ്പം ഒരു ടെലികൺവെർട്ടർ ഉപയോഗിക്കുന്നത്, ഫോക്കൽ ദൂരം കൂടിയ മറ്റൊരു ടെലിഫോട്ടോ ലെൻസ് വാങ്ങുന്നതിനേക്കാൾ സാമ്പത്തികമായി മെച്ചമുണ്ടാക്കും. പക്ഷേ ടെലികൺവെർട്ടർ നിലവിലുള്ള ഇമേജ് സർക്കിളിനെ വലുതാക്കുന്നതിനാൽ, ഇത് ഒപ്റ്റിക്കൽ വ്യതിയാനങ്ങളെയും വർദ്ധിപ്പിക്കും.

ടെലിസൈഡ് കൺവെർട്ടർ

[തിരുത്തുക]
ടെലിസൈഡ് കൺവെർട്ടർ ക്രോസ് സെക്ഷൻ

പ്രൈമറി ലെൻസിനും ക്യാമറ ബോഡിക്കും ഇടയിൽ വെക്കുന്നതിന് പകരം, പ്രധാന ലെൻസിന്റെ മുന്നിൽ വെക്കുന്നവയാണ് ടെലിസൈഡ് കൺവെർട്ടറുകൾ.[2] വീഡിയോ ക്യാമറകളുടെയും ലെൻസ് മാറ്റാൻ പറ്റാത്ത തരം ബ്രിഡ്ജ് ക്യാമറകളിലും ആണ് ടെലിസൈഡ് കൺവെർട്ടറുകൾ ഉപയോഗിക്കുന്നത്. അവ സാധാരണയായി ചിത്രത്തിന്റെ തെളിച്ചം കുറയ്ക്കാത്ത അഫോക്കൽ ലെൻസുകളാണ്. പക്ഷേ ഇത്തരം ലെൻസുകൾ പ്രധാന ലെൻസിന്റെ ഗുണനിലവാരത്തിൽ വ്യതിയാനങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

എക്സ്റ്റൻഷൻ ട്യൂബുകൾ

[തിരുത്തുക]

ടെലികൺ‌വെർ‌ട്ടറുകൾ പലപ്പോഴും‌ എക്ടെൻഷൻ ട്യൂബുകളുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എക്സ്റ്റൻഷൻ ട്യൂബുകൾ യഥാർഥത്തിൽ മാഗ്‌നിഫിക്കേഷൻ‌ വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒപ്റ്റിക്കൽ‌ ഘടകങ്ങൾ (ലെൻസ്) ഇല്ലാത്ത ഉപകരണമാണ്.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]