ഡാം 999 | |
---|---|
![]() | |
സംവിധാനം | സോഹൻ റോയ് |
നിർമ്മാണം | മറൈൻ ബിസ് ടിവി |
അഭിനേതാക്കൾ |
|
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
വിതരണം | വാർണർ ബ്രോസ് |
റിലീസിങ് തീയതി | 2011 നവംബർ 25 (ഇന്ത്യ) |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | 50 കോടി |
മലയാളിയായ സോഹൻ റോയ് നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചലച്ചിത്രമാണ് ഡാം 999. 3 ഡി.യിലാണ് ഈ ചിത്രം പുറത്തിറക്കുന്നത്. അണക്കെട്ടുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 91 ദിവസം കൊണ്ടാണ് ഡാം 999-ന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ ചിത്രം ലൊസാഞ്ചലസിൽ ഓസ്കാർ സമിതിയുടെ മുൻപിൽ പ്രത്യേകം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ 3ഡി പതിപ്പും പുറത്തിറക്കുന്നു[1]. സോഹന്റെ തന്നെ സംരംഭമായ മറൈനേർസ് നിർമ്മിക്കുന്ന ചിത്രം ലോകമാകമാനം 200 രാജ്യങ്ങളിലാണ് വാർണർ ബ്രദേഴ്സ് പ്രദർശനത്തിനെത്തിക്കുന്നത്.
ബ്രിട്ടീഷ് കോളോണിയൽ കാലത്ത് നിർമിച്ച് 999 വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഒരു ഡാമിന്റെ കഥയാണ് ആയുർവ്വേദത്തിന്റെ പശ്ചാത്തലത്തിൽ ഇതിൽ പറയുന്നത്[2][3]. ജ്യോതിശാസ്ത്രം, ഭാരതീയസംഗീതം, വേദമന്ത്രങ്ങൾ തുടങ്ങിയ മേഖലകളും ചിത്രത്തിൽ പരാമർശിക്കുന്നു. രജത് കപൂർ, വിമല രാമൻ, വിനയ് റായ്, ടുലിപ് ജോഷി, ആശിഷ് വിദ്യാർത്ഥി, ബ്രിട്ടീഷ് നടി ലിന്റ അർസീനിയോ, ഹോളിവുഡ് നടൻ ഫെഡറിക് സ്മിത്ത് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.[4][5]
തുടക്കത്തിൽ നടൻ തിലകനെയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിലകനും സിനിമ സംഘടനകളുമായുള്ള വിവാദങ്ങളെ തുടർന്ന് ചിത്രീകരണം തത്ക്കാലത്തേക്ക് തുടങ്ങാനായിരുന്നില്ല. തിലകനെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായി സംവിധായകൻ സോഹൻ റോയ് പിന്നീട് അറിയിക്കുകയുണ്ടായി.[5][6]. എസ്.ബി. സതീശനാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. വാർണർ ബ്രദേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഇതാദ്യമായാണ് ഇന്ത്യക്കാർ ഒരുക്കിയ ഒരു അന്താരാഷ്ട്ര ചലച്ചിത്രം വാർണർ ബ്രദേഴ്‌സ് വിതരണം ചെയ്യുന്നത്.
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഒരു ഹോളിവുഡ് ചിത്രം എന്നതിനായി ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട് ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണപ്രവർത്തണങ്ങളും ഇന്ത്യയിലാണ് പൂർത്തീകരിച്ചിട്ടുള്ളത്. മലയാളത്തിലുള്ള ഒരു ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പല മേഖലകളിലും മലയാളികളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ, തമ്പി ആന്റണി, കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ, പട്ടണം റഷീദ്, സജിത്ത് കോയേരി, വിമല രാമൻ എന്നിവരും കൂടാതെ ശ്രേയാ ഘോഷാൽ, ഹരിഹരൻ എന്നിവരും ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നു.
അണക്കെട്ടു ദുരന്തത്തെ പ്രതിപാദിക്കുന്ന ചിത്രത്തിൽ പ്രണയത്തിനും വിരഹത്തിനും പ്രാമുഖ്യം നൽകിയിരിക്കുന്നു. ഫ്രെഡ്ഡി എന്ന നാവികൻ തന്റെ മുത്തച്ഛൻ രൂപം നൽകിയ അണക്കെട്ടിനെ പ്രതിപാദിക്കുന്ന നോവൽ പ്രകാശന ചടങ്ങിലാണ് ചിത്രം ആരംഭിക്കുന്നത്. അതോടൊപ്പം മറൈൻ എഞ്ചിനീയറായ വിനയിന്റെ ജീവിതത്തെയും അയാളുടെ കുടുംബത്തെയും ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിൽ നൂറിലധികം വർഷം പഴക്കമുള്ള അണക്കെട്ടിന്റെ പതനത്തിലാണ് ചിത്രം അവസാനിക്കുന്നത്.
ഫ്രെഡ്ഡിയുടെ മുത്തച്ഛൻ നിർമിച്ച അണക്കെട്ടു സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നുള്ള വ്യക്തിയാണ് വിനയ്. തന്മൂലം ഫ്രെഡ്ഡിക്ക് വിനയിനോട് പ്രത്യേക മമതയുണ്ട്. ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യയുമായി കഴിഞ്ഞിരുന്ന വിനയ് ഭാര്യയോട് തെറ്റിപ്പിരിയുകയും തുടർന്നു പ്രമേഹരോഗിയായ മകൻ സാമിനോടൊപ്പം നാട്ടിലെത്തുകയും ചെയ്യുന്നു. നാട്ടിലെത്തിയ വിനയ് മകനെ ചികിത്സക്കായി തന്റെ അച്ചനെ ഏൽപ്പിക്കുന്നു. വിനയ്‌യുടെ പിതാവാണ് ആയുർവേദ ആചാര്യനും ജ്യോതിഷപണ്ഡിതനുമായ ശങ്കരൻ. വിനയ്‌യുടെ പ്രേമഭാജനമായിരുന്ന മീര അവിടെയാണ് താമസിച്ചിരുന്നത്. സാമിന്റെ മേലുള്ള മീരയുടെ പരിചരണവും ആയുർവേദവിധിപ്രകാരമുള്ള ചികിത്സയും മൂലം രോഗം ഭേദമാകുന്നു.
വിനയ്‌യുടെ പിതാവ് കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിവുള്ള വ്യക്തിയാണ്. പിതാവിന്റെ പ്രവചനങ്ങൾ മൂലമാണ് വിനയിനും മീരയ്ക്കും വിവാഹിതരാകുവാൻ സാധിക്കാതിരുന്നത്. ശങ്കരൻ അണക്കെട്ടിന്റെ തകർച്ചയും ഇതോടോപ്പം പ്രവചിക്കുന്നു. എന്നാൽ ദുരന്തം മുൻകൂട്ടി അറിയാമായിരുന്നെങ്കിലും വാസസ്ഥലം ഒഴിയാതെ മരണം പുൽകാൻ ശങ്കരൻ തയ്യാറാകുന്നു. അവസാനം ആയിരങ്ങൾ മരണപ്പെടുമ്പോഴും വിനയ്, മകൻ സാം, ഭാര്യ സാന്ദ്ര, ഉൾപ്പെടെയുള്ളവർ അണക്കെട്ടുദുരന്തത്തിൽ നിന്നും രക്ഷപ്പെടുന്നു. ദുരന്തത്തിൽ മീര മരണപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന വിനയിന് മീരയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ ചലച്ചിത്രത്തിലെ രംഗങ്ങൾ ജനങ്ങളിൽ അനാവശ്യഭീതി നിറയ്ക്കുമെന്നും അതിനാൽ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസിങ് തടയണമെന്നും ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ ബാലു 2011 നവംബർ 23-ന് ലോക്‌സഭയിൽ ആവശ്യമുന്നയിച്ചു[7]. മലയാളികളും തമിഴരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന കാരണത്താൽ നവംബർ 24-ന് ചിത്രം തമിഴ്നാട്ടിൽ പ്രദർശിപ്പിക്കുന്നത് തമിഴ്നാട് സർക്കാർ നിരോധിച്ചു[8]
{{cite web}}
: Check date values in: |date=
(help)