കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. [1] നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.
തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്.[2] വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊള്ളുന്നു.
പെരുമണ്ണാൻ, വണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്.[3] പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു.[4] മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്.
വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ് ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം. [5] ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു.
കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ് തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു.
ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്.
പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ് തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.
ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളെ കാവുകൾ (sacred groves) അല്ലെങ്കിൽ വിശുദ്ധ വനങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യന്റെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസങ്ങളുടെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറു വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു.
ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകിക്കൊണ്ട് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി, കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്.
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചില കാവുകളിൽ മാസപൂജയോ വിശേഷാൽ പൂജകളോ ഉണ്ടാകും. മറ്റുചില കാവുകളിൽ വാർഷിക തിറയാട്ടമഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസപ്രമാണങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗസ്ഥാനങ്ങൾ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി, മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു.
തിറയാട്ടത്തിന്റെ ആരംഭ കാലത്തെപ്പറ്റി രേഖാപരമായ തെളിവുകൾ ലഭ്യമല്ല. തോറ്റങ്ങളും അഞ്ചടികളും വിശകലനം ചെയ്യ്താൽ പുരാതന ജനതതിയെപ്പറ്റിയും രാജാക്കൻമാരെ പ്പറ്റിയും പരാമർശങ്ങൾ ഉണ്ടന്ന് കാണാം. തിറയാട്ടത്തിലെ ഗീതങ്ങൾ എല്ലാം വായ്മൊഴിയായി പകർന്നുവന്നിട്ടുള്ളതാണ്. ഇവിടെ നിലനിന്നിരുന്ന പുരാതന ഗോത്രസംസ്കാരത്തിൻറെ ഭാഗമായുള്ള അനുഷ്ഠാനക്രമങ്ങൾ തിറയാട്ടത്തിലും കാവാചാരങ്ങളിലും ഇന്നും ദ്രിശ്യമാണ്. ആര്യ- ദ്രാവിട സംസ്ക്കരങ്ങളുടെ മിശ്രണമാണ് ഇവിടെയുള്ളത്.
തിറയാട്ടത്തിലെ പ്രധാന കോലങ്ങൾക്കെല്ലാം ശക്തമായ പുരാവൃത്തത്തിൻറെ പിൻബലമുണ്ട്. പ്രധാന കോലമായ ഭഗവതി ദാരികവധം ഇതിവൃത്തമാക്കിയാണ് കെട്ടിയാടുന്നത്. ഉത്തര മലബാറിലെ 'തെയ്യം' തിറയാട്ടമായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. അക്കാദമിക് മേഖലയിലും സർക്കാർ മേഖലയിലും ഈ തെറ്റിദ്ധാരണ നിലവിലുണ്ട്. തിറയാട്ടം തെയ്യത്തിൽ നിന്ന് ഏറെ വേറിട്ട, തനത് രീതികളുള്ള മറ്റൊരു ആനുഷ്‌ഠാന കലാരൂപമാണ്.
ഇന്ത്യൻ പാരിസ്ഥിതിക നാട്യവേദിക്ക് ( Environmental Theatre) മകുടോദാഹരണമാണ് തിറയാട്ടം. സൂക്ഷ്മമായി പരിശോധിച്ചാൽ തിറയാട്ടത്തിലെ അഭിനയരീതിയിലും അവതരണ സബ്രദായങ്ങളിലും ശക്തമായ ഒരു നാട്യവേദിയുടെ അടിസ്ഥാനം നമുക്ക് കാണാൻ കഴിയും.[6]കാവുപരിസരവും കൊലധാരികളും വാദ്യക്കാരും കോമരങ്ങളും ബഹുജനങ്ങളും എല്ലാം ഈ പാരിസ്ഥിതിക നാട്യവേദിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
തിറയാട്ടത്തിൽ കോലങ്ങളുടെ പൂർണ്ണതക്കും വൈവിധ്യത്തിനും കരണമാകുന്ന പ്രധാന ഘടകം ചമയങ്ങളാണ്. മുഖത്തെഴുത്ത് , മേലെഴുത്ത്, ഉടയാടകൾ, തലച്ചമയങ്ങൾ , മെയ്യ്ച്ചമയങ്ങൾ, അരച്ചമയങ്ങൾ, കൈ-കാൽ ചമയങ്ങൾ, മുടികൾ, ആയുധങ്ങൾ എന്നിവ തിറയാട്ടത്തിലെ ചമയ സമുഛയങ്ങളിൽ പ്പെടുന്നു. ഓരോ കോലങ്ങൾക്കും ഉപയോഗിക്കേണ്ട ചമയങ്ങൾ ക്രമപ്രകാരം നിഷ്ഠയോടെ ധരിപ്പിക്കുന്നു.
അനുഷ്ഠാന ഗോത്രകലാ രൂപമായ തിറയാട്ടത്തിൽ കാവുകളിലെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് വിവിധ തരം കോലങ്ങൾ കെട്ടിയാടുന്നു. ഭഗവതി കാവുകളിൽ ഭഗവതി , ഭദ്രകാളി, ഓടക്കാളി, കരിങ്കാളി, നീലഭട്ടാരി,ചാമുണ്ടി, തീചാമുണ്ടി, വസൂരിമാല,ഇട്ടിക്കുറുമ്പ, മുതലായ ദേവീഭാവ കോലങ്ങൾ കെട്ടിയാടുന്നു. മലദൈവ കാവുകളിൽ കരുമകൻ, കരിയാത്തൻ, കരിവില്ലി, കുലവൻ, തലശിലവൻ, കണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, വേട്ടക്കൊരുമകൻ, വീരഭദ്രൻ, തുടങ്ങിയ ശിവഭാവങ്ങളോ ശിവജന്യങ്ങളോ ആയ കോലങ്ങൾ കണ്ടുവരുന്നു. ഇവകൂടാതെ കുടിവെച്ച മൂർത്തികൾക്കും (വീരാരാധന) പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള മൂർത്തികൾക്കും കോലം കെട്ടിയാടാറുണ്ട്.
ഗുരു, ഗുരുമൂർതി,ഗുരുമുത്തപ്പൻ,ഗുരു- ശിഷ്യൻ, ചെട്ടിമൂർത്തി, സ്തീമൂർത്തി, പെരുമണ്ണാൻ മൂർത്തി മുതലയവ കുടിവെച്ച മൂർത്തികളാണ്. മൂർത്തി സങ്കൽപ്പത്തിൽ കാണുന്ന അനേകം കോലങ്ങൾ പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള കോലങ്ങളാണ്. തിറയാട്ടത്തെ വെള്ളാട്ട്, തിറയാട്ടം, ചാന്താട്ടം എന്നിങ്ങനെ മൂന്നായി വർഗ്ഗീകരിക്കാം. ഇവ യഥാക്രമം ദേവതയുടെ കൗമാരം, യവ്വനം, വാർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. കാവിലെ ഉത്സവ ദിവസം ഉച്ചക്ക് ശേഷമാണ് വെള്ളാട്ട് ആരംഭിക്ക. വെള്ളാട്ടുകൾ എല്ലാം പകൽവെളിച്ചത്തിൽ നടത്തണം എന്നതാണ് നിയമം. രാത്രിയിൽ ചൂട്ട്‌വെളിച്ചത്തിലാണ് തിറയാട്ട കോലങ്ങൾ ആടുന്നത്. മലദൈവ കാവുകളിൽ പ്രധാന ദേവൻറെ കോലമാണ് ചാന്താട്ടം നടത്തുന്നത്.
വെള്ളാട്ട് -: കാവിലെ ദേവതാ സങ്കൽപ്പം അനുസരിച്ച് ഒന്നോ ഒന്നിലധികമോ വെള്ളട്ടുകൾ നടത്താറുണ്ട് .മനുഷ്യ ജീവിതവുമായി ബന്ധിപ്പിച്ച് ദേവതയുടെ കൗമാരത്തെ സൂചിപ്പിക്കുന്നതാണ് വെള്ളാട്ട് ഉൽത്സവദിവസം ഉച്ചക്ക് ശേഷമാണ് കാവിൽ വെള്ളാട്ട് ആരംഭിക്കുന്നത്. തിറയെ അപേക്ഷിച്ച താരതമ്യേന ലളിതമായ വേഷവിധാനങ്ങളാണ് വെള്ളാട്ടിനുള്ളത് . കാവിലെ ദേവഭാവത്തിലുള്ള മൂർത്തികൾക്കും കുടിവെച്ച മൂർത്തികൾക്കും വെള്ളാട്ട് നടത്തും. ഗുരുമൂർത്തി, ഭഗവതി, ഭദ്രകാളി, നാഗകാളി, കരുമകൻ, കാരിയാത്തൻ, കരിവില്ലി, മൂർത്തി, എന്നിവ ജനപ്രിയ വെള്ളാട്ടുകളാണ്. പുറപ്പാട് , പ്രദക്ഷിണം, ഇളകിയാട്ടം, ദർശനം, സമർപ്പണം എന്നീ അഞ്ച് ഘട്ടങ്ങളാണ് വെള്ളാട്ടിനുള്ളത്. എല്ലാ കോലങ്ങൾക്കും പുറപ്പടിൻറെ താളങ്ങളും ചുവടുകളും ഒരുപോലയാണ്. പുറപ്പാടിൽ തൊഴുതുകുമ്പിടൽ എന്ന താളനിബദ്ധമായ ചുവടുകൾ ഏറെ ആകർഷകമാണ്. കെട്ടിയാട്ടക്കാരൻറെ പ്രാഗൽഭ്യം തെളിയിക്കുന്നതും ഇവിടെയാണ്.
തിറയാട്ടത്തിൽ വാദ്യങ്ങൾക്ക് പ്രമുഖ സ്ഥാനം നൽകീരിക്കുന്നു. ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുറുങ്കുഴൽ എന്നിവയാണ് വാദ്യങ്ങൾ. ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുല നൃത്തം ചെയ്യുന്ന കോലങ്ങൾ കാണികളിൽ അവാച്യമായ അനുഭൂതി ഉളവാക്കുന്നു.
അഞ്ചടികളും തോറ്റങ്ങളും തിറയാട്ടത്തിലെ പ്രധാന ഗീതങ്ങളാണ്. കൂടാതെ പൊലിലിച്ചു പാടൽ,
ഗോത്രകലയായ തിറയാട്ടത്തിൽ അനുഷ്ഠനങ്ങൾക്ക് വലിയ ധർമ്മമാനുളളത്. ഇരുന്നുപുറപ്പാട്, കാവിൽ കയറൽ, പൂവും നാരും കയ്യിഷ്sമെടുക്കൽ, വില്ലികളെ കെട്ടൽ, വെട്ടും വെളിച്ചപ്പാടും, ഊണാശാരം, ഊൺതട്ടു്, കാവുണർത്തൽ, അണിമറ പൂജ, ഓടക്കു കഴിക്കൽ, തിരുനെറ്റി പതിക്കൽ, കലശം എഴുന്നള്ളത്ത് , കലശാട്ടം, ഗുരുതി തർപ്പണം, ചാന്താട്ടം, കുടികൂട്ടൽ എന്നിവ കാവുകളിലെ ഉത്സവത്തിനുള്ള പ്രധാന അനുഷ്ഠനങ്ങളാണ്.
തിറയാട്ടത്തെ സംബന്ധിച്ചടത്തോളം കാവിലെ ആരാധനാ മൂർത്തിയുടെ പ്രതിപുരുഷനാണ് കോമരം (വെളിച്ചപ്പാട്). ഭഗവതിയുടെ കോമരത്തിനാണ് പ്രാധാന്യം കൂടുതൽ. മലദൈവങ്ങൾക്കും കോമരങ്ങളുണ്ട്. കാവിൻറെ അവകാശികളായിരിക്കും മിക്കവാറും ക്കാവുകളിൽ കോമരമായി മാറുന്നത്. ഇവരെ വീട്ടുകോമരം എന്ന് വിളിക്കുന്നു. കാവിൽ കുടിയിരുത്തീരിക്കുന്ന ദേവതകളുടെ ഇഷ്ടാ- അനിഷ്ടങ്ങൾ "കൽപ്പനയിലൂടെ" ഭക്തരെ അറിയികുകയും ഭക്തരുടെ സങ്കടങ്ങൾക്ക് നിവൃത്തി നിർദ്ദേശിക്കുകയും ചെയ്യുന്നത് കോമരങ്ങളാണ്. ഇവരെ കൂടാതെ ഉത്സവദിവസം ആവേൻ, ചോപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കോമരങ്ങൾ കാവിൽ ഉണ്ടായിരിക്കും.
മലബാറിലെ വിവിധ പ്രദേശങ്ങളിലെ ആയിരത്തിലധികം കാവുകളിലാണ് തിറയാട്ടം നടക്കുന്നത്. അവയിൽ ചില കാവുകളുടെ പേരുകൾ താഴെ ചേർക്കുന്നു. 'തിറയാട്ടം' എന്തെന്നും അതിന്റെ രീതികളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് [7] എത്‌നിക് ആർട്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹായം തേടാവുന്നതാണ്.
1. തച്ചമ്പലത്ത് കാവ്, കാക്കഞ്ചേരി
2. അണിമംഗലത്ത് കാവ്, സിയാംകണ്ടം
3. വെണ്ണാതൊടിക്കാവ്, പെരിയമ്പലം
4. പാലപ്പറമ്പ് കാവ്, കോട്ടപ്പുറം
5. ചോലക്കൽ കാവ്, പുതുക്കോട്
6. ചിറക്കൽ കാവ്, കൊടൽ നടക്കാവ്
7. കൂടത്തിൽ കാവ്, പന്തീരങ്കാവ്
8. വടക്കേപ്പറമ്പ് കാവ്, വള്ളിക്കുന്ന്
9. കുഴിപ്പള്ളിക്കാവ്, പുത്തൂർമഠം
10. ഇളമനക്കാവ്, പാറക്കുളം
11. ശ്രീ പള്ളിയറക്കൽ ഭഗവതി ക്ഷേത്രം ,ബേപ്പൂർ
12. ശ്രീ തിരൂപറമ്പത് കരുമകൻ കരിയാത്തൻ ഭഗവതി ക്ഷേത്രം , വെള്ളിപ്പറമ്പ
13. ശ്രീ ഇളയിടത് ദേവി ഓടകാളി ക്ഷേത്രം , വെള്ളിപ്പറമ്പ 6/2