രൂപീകരണം | 1892 |
---|---|
സ്ഥാപകർ | മുഹമ്മദ് അലി മുംഗേരി |
സ്ഥാപിത സ്ഥലം | കാൺപൂർ, ബ്രിട്ടീഷ് ഇന്ത്യ |
തരം | Nonprofit, NGO |
ആസ്ഥാനം | ലഖ്നൗ, ഇന്ത്യ |
Manager | റബീഅ് ഹസനി നദ്‌വി |
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിൽ ഒരു കൂട്ടം ഇസ്‌ലാമിക പണ്ഡിതർ ചേർന്ന് രൂപീകരിച്ച സമിതിയാണ് നദ്‌വത്തുൽ ഉലമ. 1892-ൽ മുഹമ്മദ് അലി മുൻഗേരിയാണ് സമിതി രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത്[1]. റബീഅ് ഹസനി നദ്‌വി ആണ് നിലവിൽ സമിതിയുടെ നേതൃത്വത്തിലുള്ളത്. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ സ്ഥാപിക്കുന്നതിന് ഈ സംഘടന നേതൃത്വം നൽകി.
കാൺപൂരിലെ ഫായിസെ ആം മദ്രസയുടെ വാർഷിക സമ്മേളനത്തിനായി ഒത്തുകൂടിയ ഒരു കൂട്ടം മുസ്‌ലിം പണ്ഡിതന്മാർ ഏകകണ്ഠമായി നദ്‌വത്തുൽ ഉലമ എന്ന കൗൺസിൽ രൂപീകരിച്ചു. വരുന്ന വർഷം അതിന്റെ സമ്മേളനം തീരുമാനിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ മഹ്‌മൂദ് ഹസൻ ദയൂബന്ദി, അഷ്റഫ് അലി ഥാനവി, ഖലീൽ അഹ്‌മദ് സഹാറൻപുരി, മുഹമ്മദ് അലി മുംഗേരി, സനാഉല്ലാ അമൃത്സരി, ഫഖ്റുൽഹസൻ ഗംഗോഹി, അഹ്‌മദ് ഹസൻ കാൺപുരി തുടങ്ങിയ പ്രമുഖ പണ്ഡിതർ പങ്കെടുത്തു[2].
"നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക, വിവിധ മതവിഷയങ്ങളിൽ മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കുക" എന്നതൊക്കെയായിരുന്നു സംഘത്തിന്റെ ലക്ഷ്യങ്ങൾ[3]. സംഘത്ത്ന്റെ പ്രഥമ നേതാവായി മുഹമ്മദ് അലി മുംഗേരി ഗണിക്കപ്പെടുന്നു.[4]
1894-ൽ ഏപ്രിൽ 22 മുതൽ 24 വരെ ഫായിസെ ആം മദ്രസയിൽ നടന്ന നദ്‌വത്തുൽ ഉലമ പൊതുസഭയിൽ[5] ഒരു ഉന്നത മതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനുള്ള നിർദ്ദേശം മുസാവദ എ ദാറുൽ ഉലൂം എന്ന പേരിൽ കരട് രേഖയായി ഉയർന്നു വന്നു[6]. 1896 ഏപ്രിൽ 11-ന് ബറേലിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ രേഖ അംഗീകരിക്കപ്പെടുകയും അതെത്തുടർന്ന് ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ സ്ഥാപിതമാവുകയും ചെയ്തു.[7]