ഒരു കിഴക്കൻ സ്ലാവിക് നാടോടി നായകനും ഇതിഹാസത്തിലെ ഒരു കഥാപാത്രവുമാണ് നികിത ദി ടാന്നർ . നികിത കോഷെമിയക അല്ലെങ്കിൽ മൈകിത കൊഹുമ്യാക്ക എന്നുമറിയപ്പെടുന്നു. ചില സ്രോതസ്സുകളിൽ അദ്ദേഹത്തെ കൈറിലോ ദി ടാന്നർ [1] അല്ലെങ്കിൽ ഏലൈജാഹ് ദി ടെയ്ലർ എന്നും വിളിക്കുന്നു. ഇതിലെ ഏറ്റവും പഴയ മൂലരൂപം ലോറൻഷ്യൻ ക്രോണിക്കിളിൽ കാണാം.
നികിതയുടെ നാടോടിക്കഥ പറയുന്നത് സ്മെ ഗോരിനിച് എന്ന മഹാസർപ്പം റൂസിന്റെ ദേശങ്ങളെ ആക്രമിക്കുകയും സുന്ദരികളായ പെൺകുട്ടികളെ തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു എന്നാണ്. ഒരു ദിവസം സ്മെ ഗോരിനിച് കീവാൻ രാജാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി. വ്യാളിയുടെ ബലഹീനത അറിയാൻ രാജകുമാരി സർപ്പവുമായി പ്രണയത്തിലാണെന്ന് നടിച്ചു. തന്നെ തോൽപ്പിക്കാൻ ഒരാൾ മാത്രമേയുള്ളൂവെന്ന് ഗോരിനിച് അവളോട് വെളിപ്പെടുത്തി. കിയെവിൽ നിന്നുള്ള നികിത ദി ടാന്നർ ആയിരുന്നു ഇങ്ങനെ പരാമർശിക്കപ്പെട്ടത്. രാജകുമാരി തന്റെ പ്രാവിനോട് ഇക്കാര്യം പറയുകയും അവളുടെ പിതാവായ രാജാവിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. രാജാവ് സഹായം ചോദിക്കാൻ ടാന്നറുടെ വീട്ടിലേക്ക് പോയി. നികിതയെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കാൻ രാജാവിന് കുറച്ച് സമയമെടുത്തു. രാജാവ് വാഗ്ദാനം ചെയ്ത സ്വത്തും അധികാരവും നികിത ദി ടാന്നർ നിരസിച്ചു. ഒടുവിൽ, രാജാവ് നൂറുകണക്കിന് കുട്ടികളോടൊത്ത് നികിതയുടെ വീടിനു മുന്നിൽ തടിച്ചുകൂടുകയും ഗോറിനിച്ചിന്റെ ആക്രമണത്തിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അവർ നികിതയോട് അപേക്ഷിച്ചു. അപ്പോൾ മാത്രമാണ് നികിത യുദ്ധം ചെയ്യാൻ സമ്മതിച്ചത്.
നികിത പിന്നീട് ഗോരിനിച്ചിന്റെ ഗുഹയിലേക്ക് പോകുകയും ഒരു നീണ്ട പോരാട്ടത്തിനുശേഷം, തന്റെ കനത്ത തടി കൊണ്ടുള്ള ദണ്ഡ് ഉപയോഗിച്ച് മഹാസർപ്പത്തെ അടിക്കുകയും ചെയ്തു. പേടിച്ചരണ്ട മഹാസർപ്പം നികിതയോട് സഖ്യകക്ഷികളാകാനും ലോകത്തെ ഒന്നിച്ച് ഭരിക്കാനും വാഗ്ദാനം ചെയ്തു. ലോകത്തിന്റെ പകുതിയുടെ അതിർത്തി ഉഴുതുമറിക്കണമെന്ന് നികിത ആവശ്യപ്പെടുകയും തുടർന്ന് ഉഴുതുന്ന കുതിരയ്ക്ക് പകരം മഹാസർപ്പത്തെ ഉപയോഗിച്ചു. ലോകമെമ്പാടുമുള്ള ഉഴച്ചാലുകൾ ഉഴുതുമറിച്ച ശേഷം കടലിനെയും വിഭജിക്കാൻ കൂടുതൽ ഉഴുതണമെന്ന് നികിത ആവശ്യപ്പെട്ടു. വിഡ്ഢിയായ ഗോരിനിച് അനുസരിക്കുകയും സമുദ്രത്തിൽ മുങ്ങുകയും ചെയ്തു.