ഫിജിയിലെ വിദ്യാഭ്യാസം എന്നതുകൊണ്ട്, ഫിജി എന്ന രാജ്യത്തെ വിദ്യാഭ്യാസരീതിയാണു ഇവിടെ പ്രതിപാദിക്കുന്നത്. ഫിജിയിൽ എട്ടു വർഷം വരെയുള്ള പ്രാഥമികവിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാണ്. [1] 1998ൽ പ്രാഥമിക വിദ്യാഭ്യാസതലത്തിലെ കുട്ടികളുടെ എണ്ണം 100 ശതാമാനത്തിനടുത്തായിരുന്നു. 2001ൽ കുട്ടികളുടെ അഡ്മിഷനിൽ കാര്യമായ കുറവുവന്നു. ആഭ്യന്തര സുരക്ഷയുടെ പോരായ്മ, സ്കൂൾ ഫീസിന്റെ വർദ്ധന, ഗതാഗതത്തിലെ പ്രയാസങ്ങൾ ആയിരുന്നു പ്രധാന കാരണങ്ങൾ. 2000 മേയ് മാസത്തെ പട്ടാള അട്ടിമറിക്കുശേഷം 5000 കുട്ടികളെങ്കിലും സ്കൂൾ വിട്ടുപോയി.
ഫിജിയിലെ വിദ്യാഭ്യാസം ഒരു ബഹുസാംസ്കാരികവും ബഹുവർഗ്ഗീയമായവുമായതാണ്. അവിടെയുള്ള അനേകം മതസാമുദായിക സംഘടനകളുടെ നിർദ്ദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് വിദ്യാഭ്യാസം നിലകൊള്ളുന്നത്. ഫിജിയിലെ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ ഫീസുകളും അതുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും സബ്സിഡി നൽകി എല്ലാവർക്കും വിദ്യാഭ്യാസം താങ്ങാവുന്നതാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്.
എല്ലാവർക്കും വിദ്യാഭ്യാസ വിഭവങ്ങൾ പ്രത്യെകിച്ചു പിന്നാക്ക, ഗ്രാമീണ പ്രദേശങ്ങളിലും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഫിജി സർക്കാർ വിദ്യാഭ്യാസസംവിധാനത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും മിക്ക സ്കൂളുകളും പ്രാദേശികമായ കമ്മറ്റികളുടെയോ വിവിധ വർഗ്ഗീയസംഘടനകളുടേയോ നേതൃത്വത്തിലുള്ളതാണ്. ഒരു സെക്കന്ററി സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ കുട്ടി ഒരു പ്രവേശനപരീക്ഷ പാസാകേണ്ടതുണ്ട്. അതിനുശേഷം വിദ്യാർത്ഥി ഒരു ചെറിയ ഫീസ് അടയ്ക്കണം. ബാക്കിയുള്ള ഫീസിനു സർക്കാർ സബ്സിഡി ലഭിക്കും.
വിദ്യാഭ്യാസത്തിന്റെ മൂന്നാമത്തെ ഉയർന്ന തലത്തിൽ, ഫിജിയിൽ മൂന്നു സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഫിജി നാഷണൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൗത് പസഫിക്, യുണിവേഴ്സിറ്റി ഓഫ് ഫിജി എന്നിവയാണവ. ഫിജി നാഷണൽ യൂണിവേഴ്സിറ്റി ആണ് ഏറ്റവും മുൻപന്തിയിലുള്ള ഫിജിയിലെ സർവ്വകലാശാല. ഈ സർവ്വകലാശാലയുടെ കീഴിൽ വൈദ്യശാസ്ത്രം, ബിസിനെസ്, കൃഷി, ഹുമാനിറ്റീസ്, എഞ്ചിനീയറിങ് എന്നിവ പഠിപ്പിക്കുന്ന കോളജുകളുണ്ട്. ഫിജി മാരിടൈം അക്കദമി, നാഷണൽ പ്രൊഡക്റ്റിവിറ്റി കമ്മറ്റി എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്. യൂണിവേഴ്സിറ്റി ഓഫ് സൗത് പസഫിക് പസിഫിക് പ്രദേശത്തെ അനേകം ദ്വീപുകളിൽ ശാഖകളുള്ള സർവ്വകലാശാലയാണ്. ഈ സർവ്വകലാശലയുടെ ഒരു പ്രാദേശികശാഖയാണ് ഫിജിയിലുള്ളത്. സുവയിലാണ് ഇതിന്റെ മുഖ്യ കാമ്പസ് സ്ഥിതിചെയ്യുന്നത്. യുണിവേഴ്സിറ്റി ഓഫ് ഫിജി സ്ഥാപിച്ചത് പാശ്ചാത്യരാജ്യത്ത് ആസ്ഥാനമുള്ള ഒരു ചർച്ച് ആണ്.