മോസ്റ്റ്. റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ Francis Kallarakkal | |
---|---|
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത | |
ഭദ്രാസനം | വരാപ്പുഴ അതിരൂപത |
സ്ഥാനാരോഹണം | ഏപ്രിൽ 11, 2010 |
മുൻഗാമി | ഡാനിയൽ അച്ചാരുപറമ്പിൽ |
വൈദിക പട്ടത്വം | ജൂൺ 29, 1968 |
വ്യക്തി വിവരങ്ങൾ | |
ജനനം | കോട്ടപ്പുറം,കേരളം, ഇന്ത്യ | ഒക്ടോബർ 10, 1941
വിഭാഗം | റോമൻ കത്തോലിക്കാ സഭ |
ലത്തീൻ കത്തോലിക്കാസഭ ഭാരത ഹയരാർക്കിയിൽ പെടുന്ന വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ് ഫ്രാൻസിസ് കല്ലറക്കൽ (ജനനം 1941 ഒക്ടോബർ 10, കോട്ടപ്പുറം, കേരളം, ഇന്ത്യ) .[1] കോട്ടപ്പുറം രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന (1987-2010) അദ്ദേഹം 2010 ഏപ്രിൽ 11നാണ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.[2] വരാപ്പുഴ ലത്തീൻ അതിരൂപതയുടെ സാമന്ത രൂപതകളായ കൊച്ചി, കോഴിക്കോട്, വിജയപുരം, കോട്ടപ്പുറം, കണ്ണൂർ എന്നിവയുടെ അധിപൻ (ആർച്ച് ബിഷപ്പ്) കൂടിയാണ് അദ്ദേഹം.
കേരളത്തിലെ തൃശൂർ ജില്ലയിൽ പെടുന്ന കോട്ടപ്പുറത്ത് കല്ലറക്കൽ ഔസോ-ബ്രിജിത്ത് ദമ്പതികളുടെ മകനായി 1941 ഒക്ടോബർ 10 നാണ് ഫ്രാൻസിസ് ജനിച്ചത്. 1956-ൽ സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന് ഫിലോസഫിയിൽ ബിരുദം നേടി. തുടർന്ന് ഉപരി പഠനത്തിനായി റോമിലെത്തിയ അദ്ദേഹം പ്രോപ്പഗാന്ത കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1968 ജൂൺ 29ന് വൈദികപട്ടം സ്വീകരിച്ചു. അമേരിക്കയിലെ ഫെയർ ഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമുഹ്യ മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദേഹത്തിന് റോമിലെ പൊന്തിഫിക്കൽ ഉർബാന യൂണിവേഴ്സിറ്റിയിൽ നിന്ന് സേക്രഡ് തിയോളജിയിൽ ലൈസൻഷിയേറ്റുണ്ട്.
1971 ൽ ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയിൽ സഹവികാരിയായി അദ്ദേഹം പൌരോഹിത്യ സേവനം ആരംഭിച്ചു. തുടർന്ന് അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന ജോസഫ് കേളന്തറ പിതാവിന്റെ സെക്രട്ടറിയും 1978 മുതൽ 1986 വരെ അതിരൂപതാ സോഷ്യൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനുമായി. പിന്നീട് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്റ്റേറ്ററായി നിയമിതനായി. 1987 ൽ വരാപ്പുഴ അതിരൂപതയിൽ നിന്ന് വേർപെടുത്തി കോട്ടപ്പുറം രൂപത രൂപീകരിച്ചപ്പോൾ രൂപതയുടെ പ്രഥമ മെത്രാനായി ഫ്രാൻസിസ് കല്ലറക്കൽ സ്ഥാനമേറ്റു. രണ്ടു പതിറ്റാണ്ടിലധികം അദേഹത്തിന്റെ സ്തുത്യർഹ സേവനം രൂപതയ്ക്ക് ലഭിച്ചു.
2009 ഒക്ടോബറിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മോസ്റ്റ്. റവ. ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ ദിവംഗതനായതിനെ തുടന്ന്, ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ 2010 ഫെബ്രുവരി 20 ന് ഫ്രാൻസിസ് കല്ലറക്കൽ പിതാവിനെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിച്ചു. 2010 ഏപ്രിൽ 11 ന് അദ്ദേഹം ഒദ്യോഗികമായി സ്ഥാനമേറ്റു.