മലയാള ഭാഷയിൽ 2018-ൽ പുറത്തിറങ്ങിയ ഒരു ചലചിത്രമാണ് ബി. ടെക്. നവാഗതസംവിധാായകനായ മൃദുൽ നായരുടെ ഈ ചിത്രത്തിന്റെ രചനയും അദ്ദേഹം തന്നെയാണ്. ആസിഫ് അലി, അർജുൻ അശോകൻ, അനൂപ് മേനോൻ, അജു വർഗീസ്, അലൻസിയർ ലേ ലോപ്പസ്, വി. കെ. പ്രകാശ്, അപർണ ബാലമുരളി, നിരഞ്ജനാ അനൂപ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മക്ട്രോമോഷൻ പിക്ചേഴ്സ് ആണ് നിർമ്മാണം.
2018 മെയ് 5-നാണ് ബി ടെക് റിലീസ് ആയത്. നിരൂപകപ്രശംസയോടൊപ്പം തന്നെ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തതോടെ ചിത്രം മികച്ച വിജയം നേടി.
കേരളത്തിലെ തിയേറ്ററുകളിൽ നൂറിലധികം ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.[1]
ബാംഗ്ലൂരിൽ ബി ടെക് പഠിക്കാനായി പോകുന്ന ആസാദ് മുഹമ്മദ് എന്ന വിദ്യാർത്ഥി എത്തിപ്പെടുന്നത് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ കൂടെയാണ്. പഠനത്തിൽ ശ്രദ്ധിക്കാതിരുന്ന സീനിയർ വിദ്യാർത്ഥികളുടെ കൂടെ താമസമാക്കിയ ആസാദ് പഠനത്തിലും ശ്രദ്ധിച്ചുവന്നു. ആനന്ദ് എന്ന സീനിയറിന്റെ ബന്ധുവായ അനന്യയുമായി അടുക്കുന്ന ആസാദ്, അതിനിടെ നടന്ന ഒരു സ്ഫോടനത്തിൽ കൊല്ലപ്പെടുന്നു. ഈ സ്ഫോടനം ആസാദ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുൻധാരണയിൽ കേസ് അന്വേഷിക്കുന്ന കർണ്ണാടക പോലീസ്, നിസാർ, അബ്ദു, സൈതാലി എന്നിവരെ കൂടി അറസ്റ്റ് ചെയ്യുന്നു. ഇവരുടെ നിരപരാധിത്വം നന്നായറിയാവുന്ന ആനന്ദും കൂട്ടുകാരും മറ്റു വിദ്യാർത്ഥികളോടൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. അഭിഭാഷകനായ വിശ്വനാഥ് അയ്യരുടെ സഹായത്തോടെ കോടതിയിൽ കേസ് മുന്നോട്ടുപോകുന്നുണ്ട്. ഇതിനിടെ സംഭവത്തിന്റെ യാഥാർത്ഥ്യം വെളിച്ചത്തുകൊണ്ടുവരാനായി ആനന്ദും സഹപാഠികളും സാങ്കേതികവിദ്യാസഹായത്താൽ തെളിവുകൾ സമാഹരിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച തെളിവുകൾ പ്രകാരം നിരപരാധിത്വം തെളിയിക്കപ്പെട്ട പ്രതികളെ വെറുതെ വിടുകയും ആസാദിന് നീതി ലഭിക്കുകയും ചെയ്യുന്നു.
പരസ്യചിത്ര നിർമ്മാതാവായ മൃദുൽ നായരുടെ ആദ്യ ചലചിത്രമാണ് ബി. ടെക്. C/o സൈറാബാനു, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മക്ട്രോമോഷൻ പിക്ചേഴ്സ് നിർമ്മിച്ചതാണ് ഈ ചിത്രം[2]. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കഥ രൂപപ്പെട്ടതെന്ന് രചയിതാവ് കൂടിയായ മൃദുൽ നായർ പറയുന്നുണ്ട്[3]. ബാംഗ്ലൂരിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. .[4] ചിത്രം തിയേറ്ററുകളിൽ നൂറിലധികം ദിവസങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു.
സംഗീതസംവിധാനം, നിർമ്മാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഇതിലെ സംഗീതം നിരൂപകപ്രശംസ നേടുകയുണ്ടായി[5][6]. രാഹുൽ രാജ്, ബി.കെ. ഹരിനാരായണൻ, വിനയ് ഗോവിന്ദ്, വിനായക് ശശികുമാർ, നാസർ ഇബ്റാഹിം കെ എന്നിവരാണ് വരികൾ എഴുതിയത്.
ബി ടെക് (ഗാനങ്ങൾ)[7] | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | പാടിയത് | ദൈർഘ്യം | |||||||
1. | "ബി ടെക് - തീം സോങ്" | ശേഖർ മേനോൻ | 1:16 | |||||||
2. | "ഒരേ നിലാ ഒരേ വെയിൽ" | നിഖിൽ മാത്യൂ | 4:02 | |||||||
3. | "പെട ഗ്ലാസ്സ്" | ജാസി ഗിഫ്റ്റ്, ജ്യോത്സ്‌ന രാധാകൃഷ്ണൻ, കാവ്യ അജിത് | 3:15 | |||||||
4. | "ആസാദി" | നിരഞ്ജ് സുരേഷ് | 3:06 | |||||||
5. | "യാ ഇലാഹി" | സിയാവുൽ ഹഖ് | 3:24 | |||||||
6. | "അപ്പൂപ്പൻ താടി" | ജോബ് കുര്യൻ | 2:51 | |||||||
ആകെ ദൈർഘ്യം: |
17:57 |
ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഉൾക്കൊള്ളുന്ന ഒരു ആൽബം 2021ൽ മക്ത്രോ മോഷൻ പ്രത്യേകം പുറത്തിറക്കി[8].
നിരൂപകർ ചിത്രത്തെ പൊതുവെ ഗുണപരമായി വിലയിരുത്തിയപ്പോൾ സംഗീതം, എഡിറ്റിങ് എന്നിവ വളരെ നല്ല നിലയിൽ പ്രശംസിക്കപ്പെട്ടു[9][10][11].