മക്കൾ നീതി മയ്യം Makkal Needhi Maiam மக்கள் நீதி மய்யம் People’s Justice Centre | |
---|---|
ചുരുക്കപ്പേര് | MNM |
പ്രസിഡന്റ് | കമൽ ഹാസൻ |
സ്ഥാപകൻ | കമൽ ഹാസൻ |
രൂപീകരിക്കപ്പെട്ടത് | 21 ഫെബ്രുവരി 2018 |
മുഖ്യകാര്യാലയം | മധുര, തമിഴ്നാട്, ഇന്ത്യ |
പ്രത്യയശാസ്ത്രം | ദ്രാവിഡിയനിസം[1] |
രാഷ്ട്രീയ പക്ഷം | Centrism[2] |
ECI പദവി | അംഗീകാരം ലഭിച്ചിട്ടില്ല |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
www | |
തെന്നിന്ത്യൻ ചലച്ചിത്രതാരം കമൽ ഹാസൻ രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് മക്കൾ നീതി മയ്യം (തമിഴ്: மக்கள் நீதி மய்யம்).[3] 'ജനങ്ങളുടെ നീതികേന്ദ്രം' എന്നാണ് ഈ പേരിന്റെ അർത്ഥം.[4] 2018 ഫെബ്രുവരി 21-ന് മധുരയിൽ വച്ച് കമൽ ഹാസൻ തന്നെയാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. വെളുത്ത പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും പാർട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയും അന്ന് പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തെ സൂചിപ്പിക്കുന്ന ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടി ചിഹ്നം.[5] ഇതിൽ മൂന്നുവീതം കൈകൾ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ്. ചേർത്തുപിടിച്ച ആറു കൈകൾക്കു നടുവിൽ കറുത്ത പശ്ചാത്തലത്തിലാണ് നക്ഷത്രത്തിന്റെ സ്ഥാനം.[6]
ചലച്ചിത്രതാരങ്ങളായ കമൽ ഹാസന്റെയും രാഷ്ട്രീയപ്രവേശം സംബന്ധിച്ചുള്ള വാർത്തകൾ 2017 മുതൽ തന്നെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമൽ ഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടി രൂപംകൊള്ളുന്നത്. ഡി.എം.കെ. - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് കമൽ ഹാസന്റെ പാർട്ടി പ്രഖ്യാപനം.[7] പാർട്ടി രൂപീകരണത്തിനു മുന്നോടിയായി 'നാളൈ നമതു' (നാളെ നമ്മുടേത്) എന്ന പേരിൽ ഒരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.[8] 2018 ഫെബ്രുവരി 21-ന് മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ രാമേശ്വരത്തുള്ള വീട്ടിൽ നിന്നാരംഭിച്ച ജാഥ രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് മധുരയിലെ ഒത്തക്കട മൈതാനത്ത് അവസാനിക്കുകയും അവിടെ വച്ച് മക്കൾ നീതി മയ്യം പാർട്ടി രൂപീകരിക്കുന്നതായി കമൽ ഹാസൻ പ്രഖ്യാപിക്കുകയും ചെയ്തു.[4][9]
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മക്കൾ നീതി മയ്യത്തിന്റെ രൂപീകരണം നടന്നത്.[3] കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു.[4] തമിഴ്നാട്ടിലെ ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രവർത്തകരെയും ബി.ജെ.പി. പ്രവർത്തകരെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പാർട്ടിയുടെ പ്രഖ്യാപനച്ചടങ്ങു നടന്നത്.[4]