ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ് ശ്രീലങ്കയിലെ അനുരാധപുരത്തുള്ള മഹാബോധി എന്ന അരയാൽ. ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചയിടത്തെ ബോധീവൃക്ഷത്തിൽ നിന്നുള്ള തൈ ആണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്[1]. ബി.സി.ഇ. 288-ൽ നട്ട ഈ വൃക്ഷമാണ് മനുഷ്യൻ നട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ മകൾ സംഘമിത്രയാണ് ഈ തൈ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു[1].
ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് ദേവനമ്പിയതിസയാണ് ബി.സി.ഇ. 249-ൽ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തിൽ നട്ടത്.
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വർണം പൂശിയ മൂന്നു താങ്ങുകൾ നൽകിയിട്ടുണ്ട്[1].
ഭൂനിരപ്പിൽ നിന്നും ആറര മീറ്റർ ഉയരത്തിലുള്ള ഒരു തറയിൽ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളിൽ നിന്നും സംരക്ഷിക്കുന്നതിനായി രാജാവായിരുന്ന കീർത്തി ശ്രീ രാജസിംഹനാണ് ചുറ്റുമതിൽ കെട്ടിയത്.