ഏ ഡി ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ അറേബ്യയിൽ ജീവിച്ചിരുന്ന ഒരു ഗോത്ര തലവനാണ് മാലിക് ബിൻ നുവൈറാ. ബനി തമീം ഗോത്രത്തിന്റെ ഒരു ഉപഗോത്രമായ ബനീ യർബ് ഗോത്രത്തിന്റെ തലവനായിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ചു (apostasy) എന്ന ആരോപണത്തിന്മേൽ ആദ്യമായി വധിക്കപ്പെട്ടവരിൽ ഒരാൾ എന്ന നിലയിൽ ഇദ്ദേഹം ശ്രദ്ധേയനാണ്. [1] ഇദ്ദേഹം കാഴ്ചയിൽ അതീവ സുന്ദരനും, ധീരനായ യോദ്ധാവും, കവിയുമായിരുന്നു. അദ്ദേഹത്തിന്റെ മുഖം ഉദിച്ചുയരുന്ന ചന്ദ്രനെപ്പോലെയായിരുന്നു എന്നാണ് ചില സമകാലീനർ അദ്ദേഹത്ത്ക്കുറിച്ച് എഴുതിയിരുന്നത്. അതീവ ധർമ്മിഷ്ടനായിരുന്ന മാലിക് ബിൻ നുവൈറാ രാത്രി വഴിപോക്കർക്ക് ഭക്ഷണവും അഭയവും എവിടെ കിട്ടും എന്നറിയാൻ തന്റെ വീടിനു പുറത്ത് ഒരു വിളക്ക് കത്തിച്ചു വച്ചിരുന്നു എന്ന് സമകാലീക ചരിത്രകാരന്മാർ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അറേബ്യയിലെ പേരുകേട്ട ഒരു സുന്ദരിയായ ലൈല ബിന്ത് മിൻഹാൽ ആയിരുന്നു .[2]