മാ ലായ്ചി

മാ ലായ്ചി (ചൈനീസ് : 马来迟) എന്ന "അബുൽ ഫതഹ് മാ ലായ്ചി" ചൈനയിൽ ജീവിച്ചിരുന്ന അതി പ്രശസ്തനായ ഒരു സൂഫി, ഗുരുവും സാമൂഹിക പരിഷ്കർത്താവുമാണ്. സൂഫി പാഠശാലകളിൽ പ്രസിദ്ധമായ ഹുആസ്(മെൻ ഹുഎൻ) സ്ഥാപിതനും നക്ഷബന്ദിയ്യ ഖുഫിയ്യ സരണിയിലെ ആചാര്യനുമായിരുന്നു ഇദ്ദേഹം. ചൈനീസ് മുസ്‍ലിം ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിക്കുന്ന സരണി വൃന്ദമാണിത്. [1][2]

ജീവിത രേഖ

[തിരുത്തുക]

ഗൻസു പ്രവിശ്യയിലെ ഹ്ചോവിലെ ഒരു സൈനിക പാശ്ചാത്തല കുടുംബത്തിലായിരുന്നു മാ ലായ്ചിയുടെ ജനനം. പിതാമഹൻ "മാ സൊങ്ശൻ" ഒരു പടത്തലവനായിരുന്നു. പിതാവ് "മാ ചിയൊചി" സൈനിക ഉദ്യോഗസ്ഥ പരിശീലനത്തിൽ വിജയം നേടിയെങ്കിലും സർക്കാർ സേവനം അവസാനിപ്പിച്ച് കച്ചവടത്തിലേക്ക് തിരിഞ്ഞു.[3]

ഏറെ നാളായും കുഞ്ഞുങ്ങൾ ജനിക്കാതിരുന്ന "മാ ചിയൊചി" ചൈനീസ് സൂഫികളിൽ പ്രമുഖനായിരുന്ന അഫാഖ് ഹോജയെ കഷ്‌ഗറിൽ ചെന്ന് സന്ദർശിച്ചു. ഹോജ ചിയോചിക്ക് വേണ്ടി പ്രാർത്ഥിച്ചതിൻറെ ഫലമായി നാൽപതാം വയസ്സിൽ അദ്ദേഹത്തിന് കുഞ്ഞ് പിറന്നു. വൈകി വന്നവൻ എന്നർത്ഥം ധ്വനിപ്പിക്കുന്ന ലായ്ചി എന്ന് കുഞ്ഞിന് നാമകരണം ചെയ്തു.[4] അഫാഖ് ഖോജയുടെ ശിഷ്യനും നക്ഷബന്ദിയ്യ സൂഫികളിൽ പ്രമുഖനുമായ മിലാങ്കോയിലെ "മാ റ്റായ് ബാബയുടെ" ശിഷ്വത്വം സ്വീകരിച്ച "മാ ലായ്ചി" പ്രാഥമിക വിദ്യാഭ്യാസവും, ഖുർആൻ, പ്രവാചകചര്യ, കർമ്മ- വിശ്വാസ ശാസ്ത്ര പഠനങ്ങളും പൂർത്തിയാക്കി മികവ് തെളിയിച്ചു. അദ്ദേഹത്തിൻറെ അപ്പോഴത്തെ പ്രായം പതിനെട്ട് വയസ്സായിരുന്നു. റ്റായ് ബാബയുടെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കനായി ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. നക്ഷബന്ദിയ്യ സരണി സ്വീകരിച്ചു ആധ്യാത്മിക മേഖലയിലേക്കും കടന്ന "മാ ലായ്ചി" ഗുരു പ്രമുഖനായ അഫാഖ് ഖോജയിൽ നിന്നും പ്രതേക അനുഗ്രഹാശിരസ്സുകൾ നൽകപ്പെടുമാറ് സൂഫിസത്തിൽ അവഗാഹം നേടി.[5]

മാ ലായ്ചി മഖ്‌ബറ

മുപ്പത് വർഷത്തോളം "ഹ്ചോ" കേന്ദ്രീകരിച്ചുള്ള മതാത്മീയ അധ്യാപനത്തിന് ശേഷം 1728 ഇൽ അദ്ദേഹം ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി മക്കയിലെക്ക് തിരിച്ചു. ഹജ്ജിന് ശേഷം അഞ്ച് വർഷകാലത്തോളം ദേശാടനങ്ങളിലൂടെ അതി പ്രശസ്തരായ നിരവധി സൂഫി ഗുരുക്കന്മാരുടെ ശിഷ്വത്വം സ്വീകരിച്ചു അറിവുകൾ നുകർന്നു. മക്ക,യമൻ, കെയ്റോ, ഡമാസ്കസ്, മധ്യേഷ്യ, ബുഖാറ എന്നിവിടങ്ങളിൽ നിന്നൊക്കെയും അദ്ധ്യാത്മ അറിവുകൾ സ്വായത്തമാക്കി സ്വദേശത്തേക്ക് തിരിച്ചെത്തി. ഈ യാത്രകളിൽ "മാ ലായ്ചിയുടെ" ഗുരുക്കന്മാരിൽ പ്രസിദ്ധനായ "മൗലാനാ മഖ്ദൂം" എന്ന സൂഫി പണ്ഡിതൻ മലയാളികളായ മഖ്ദൂം പരമ്പരയിൽ പെട്ട ആളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാ ലായ്‌ചിയെ "അബു ഫത്ഹ്" എന്ന് വിശേഷിപ്പിച്ചത് "മഖ്ദൂം" ആയിരുന്നു. പ്രധാനിയായി വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു സൂഫി ഗുരു "മുഹമ്മദ് ജിബുനി അഹ്‌മദ്‌ അഗലായ്" ആണ്.[6]

ചൈനയിലേക്കുള്ള മടക്കത്തിന് ശേഷം സ്വദേശത്ത് പർണ്ണശാല സ്ഥാപിച്ചു കൊണ്ട് മത പ്രബോധന പ്രവർത്തനങ്ങൾക്ക് "മാ ലായ്ചി" തുടക്കം കുറിച്ചു. ഇത് ഹുആസ് പാഠശാല (മെൻ ഹുഎൻ) എന്ന പേരിൽ പ്രസിദ്ധി നേടി. ചൈനയിലെ നക്ഷബന്ദിയ്യ ഖുഫിയ്യ പ്രധാന ആചാര്യന്മാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹമാണ് ചൈനയിൽ ഇസ്‌ലാം മതം പ്രചരിപ്പിച്ച മത പ്രബോധകരിൽ പ്രധാനി. സൂഫി ഖാൻഖാഹുകളും, ദർഗകളും കേന്ദ്രമാക്കിയും, ദേശാടനങ്ങളിലൂടെയുമുള്ള മുപ്പത്തി രണ്ട് വർഷം നീണ്ട് നിന്ന ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുടെ ഫലമായി തിബത്തൻ, മംഗോളിയൻ വംശത്തിൽ പെട്ട അനവധി ഗോത്രങ്ങൾ ഒന്നടങ്കം ഇസ്ലാം മതത്തിലേക്ക് പരാവർത്തനം ചെയ്തു. ബുദ്ധ സന്യാസികളുമായും, ബുദ്ധവംശജരുടെ ഇടയിലും താമസിച്ചു സംവാദങ്ങളിലൂടെയും, സ്തോത്ര സദസ്സുകളിലൂടെയും ഗ്രാമങ്ങളെ ഒന്നടങ്കം ഇസ്ലാം മതം സ്വീകരിപ്പിച്ച ഇദ്ദേഹത്തിൻറെ പ്രബോധന മികവ് ഇന്നും ആ തലമുറ സ്‌മരിക്കുന്നുണ്ട്.[7]

1766 ലാണ് മാ ലായ്ചിയുടെ വിയോഗം സംഭവിക്കുന്നത്. ലിൻസ്യ പട്ടണത്തിലാണ് "ഹുആസ് ഗൊൻബെ" (华寺拱北) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സമാധി മണ്ഡപം സ്ഥിതി ചെയ്യുന്നത്.( ഒരു യുദ്ധത്തിലാണ് മരണം എന്നും പറയപ്പെടുന്നു)

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Gladney, Dru C. (1996). Muslim Chinese: ethnic nationalism in the People's Republic. Volume 149 of Harvard East Asian monographs (2 ed.). Harvard Univ Asia Center. ISBN 0-674-59497-5. (First edition appeared in 1991).
  • Lipman, Jonathan Neaman (1998). Familiar strangers: a history of Muslims in Northwest China. Hong Kong University Press. ISBN 962-209-468-6.
  • Weismann, Itzchak (2007). The Naqshbandiyya: orthodoxy and activism in a worldwide Sufi tradition. Volume 8 of Routledge Sufi series. Routledge. ISBN 0-415-32243-X.

അവലംബം

[തിരുത്തുക]
  1. Gladney (1996), pp. 47-48
  2. Lipman (1998), p. 65-67
  3. Lipman (1998), p. 65
  4. Lipman (1998), p. 66
  5. Lipman (1998), p. 65
  6. Lipman (1998), p. 65
  7. name=lipman65