മോണ ചാൽമേഴ്സ് വാട്സൺ | |
---|---|
ജനനം | അലക്സാണ്ട്ര മേരി കാംബെൽ ഗെഡെസ് 31 മേയ് 1872 India |
മരണം | 7 ഓഗസ്റ്റ് 1936 ഫ്രെൻഷാം, റോൾവെൻഡൻ, കെന്റ്, ഇംഗ്ലണ്ട് | (പ്രായം 64)
തൊഴിൽ | ഫിസിഷ്യൻ ന്യൂട്രീഷ്യൻ വിമൻസ് ആർമി ഓക്സിലറി കോർപ്സ് മേധാവി (ഒന്നാം ലോകമഹായുദ്ധസമയത്ത്) |
അലക്സാന്ദ്ര മേരി ചാൽമേഴ്സ് വാട്സൺ CBE, (മുമ്പ്, ഗെഡ്സ്; 31 മെയ് 1872 - 7 ഓഗസ്റ്റ് 1936) മോണ ചാൽമേഴ്സ് വാട്സൺ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ബ്രിട്ടീഷ് ഡോക്ടറും വിമൻസ് ആർമി ഓക്സിലറി കോർപ്സിന്റെ മേധാവിയുമായിരുന്നു. എഡിൻബർഗ് സർവകലാശാലയിൽ നിന്ന് എം.ഡി. നേടിയ ആദ്യ വനിത, എൽസി ഇംഗ്ലിസ് ഹോസ്പിറ്റൽ ഫോർ വുമൺ എന്ന ആശുപത്രിയുടെ സ്ഥാപനത്തിന് സഹായിച്ച വനിത, എഡിൻബർഗ് വിമൻസ് സിറ്റിസൺ അസോസിയേഷന്റെ ആദ്യ പ്രസിഡന്റും സ്റ്റാഫ് ഫിസിഷ്യനും എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അവർ പിന്നീട് എഡിൻബർഗ് ഹോസ്പിറ്റൽ ആൻറ് ഡിസ്പെൻസറി ഫോർ വിമൻ ആൻറ് ചിൽഡ്രൺ എന്ന സ്ഥാപനത്തിലെ മുതിർന്ന ഫിസിഷ്യനായി നിയമിതയാവുകയും ഭർത്താവ് ഡഗ്ലസ് ചാമേഴ്സ് വാട്സണുമായിചേർന്ന് എൻസൈക്ലോപീഡിയ മെഡിക്ക എന്ന ഗ്രന്ഥത്തിൻറെ പ്രസിദ്ധീകരണത്തിൽ സഹകരിക്കുകയും ചെയ്തു. 1936-ൽ മരണമടയുന്ന കാലത്ത്, മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ 1935 മെയ് മാസത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു അവർ.
ഒരു സിവിൽ എഞ്ചിനീയറായിരുന്ന ഓക്ക്ലൻഡ് കാംബെൽ ഗെഡ്സിന്റെയും (1831-1908) ക്രിസ്റ്റീന ഹെലൻ മക്ലിയോഡ് ഗെഡ്സിന്റെയും (മുമ്പ്, ആൻഡേഴ്സൺ; 1850-1914) മകളായി 1872 മെയ് 31 ന് ഇന്ത്യയിലാണ് അലക്സാന്ദ്ര മേരി കാംബെൽ ഗെഡ്സ് എന്ന പേരിൽ അവർ ജനിച്ചത്.[1] ഗെഡ്സ് കുടുംബത്തിലെ അഞ്ച് മക്കളിൽ മൂത്തവളായിരുന്ന ചാൽമേഴ്സ് വാട്സണിൻറെ സഹോദരങ്ങളിൽ എറിക് ഗെഡ്സ്, ഓക്ക്ലാൻഡ് ഗെഡ്സ്, ഫസ്റ്റ് ബാരൺ ഗെഡ്സ് എന്നിവരും ഉൾപ്പെടുന്നു. 1888 മുതൽ 1890 വരെയുള്ള കാലത്ത് അവൾ സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്രൂസിലെ സെന്റ് ലിയോനാർഡ്സ് വിദ്യാലയത്തിൽ പഠനം നടത്തി. അവൾ വൈദ്യശാസ്ത്ര പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഈ തൊഴിൽ കുടുംബ താൽപ്പര്യത്തിന്റെ ഏറ്റവും പുതിയ ഒരു അദ്ധ്യായം എഴുതിച്ചേർത്തു. എഡിൻബർഗ് സ്കൂൾ ഓഫ് കുക്കറി ആൻഡ് ഡൊമസ്റ്റിക് എക്കണോമിയുടെ (പിന്നീട് ക്വീൻ മാർഗരറ്റ് സർവ്വകലാശാല) സ്ഥാപനത്തിന് ക്രിസ്റ്റ്യൻ ഗുത്രി റൈറ്റിനെയും ലൂയിസ സ്റ്റീവൻസനെയും പിന്തുണച്ചിരുന്ന വനിതയായിരുന്നു അവളുടെ മാതാവ്. കൂടാതെ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയുള്ള ഒരു ആദ്യകാല പ്രചാരകയും കൂടിയായിരുന്നു അവർ. ഇംഗ്ലണ്ടിൽ ഡോക്ടറായി യോഗ്യത നേടിയ ആദ്യ വനിതയായിരുന്ന എലിസബത്ത് ഗാരറ്റ് ആൻഡേഴ്സണുമായി മാതാവ് വഴി രക്തബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന അവരുടെ മാതൃ അമ്മായി മേരി മാർഷൽ (മുമ്പ്, ആൻഡേഴ്സൺ) സോഫിയ ജെക്സിനൊപ്പം 1871 ൽ എഡിൻബർഗ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പ്രവേശനം നേടിയ യഥാർത്ഥ സ്ത്രീകളിൽ ഒരാളും പിന്നീട് പാരീസിൽ യോഗ്യത നേടിയ വനിതയുമായിരുന്നു.[2]
ഈ സമയത്ത് വൈദ്യശാസ്ത്രം പഠിക്കുന്ന സ്ത്രീകൾ സാമൂഹ്യമായ ഒറ്റപ്പെടൽ, അവജ്ഞയോടെയുള്ള നോട്ടങ്ങൾ, 'പരിഹാസപരമായ പരാമർശങ്ങൾ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകളെ നേരിടേണ്ടതായി വന്നു.[3] ചാൽമേഴ്സ് വാട്സൺ 1891-ൽ പിൽക്കാലത്ത് ഒരു വോട്ടവകാശവാദിയായി മാറിയ എൽസി ഇംഗ്ലിസും അവളുടെ പിതാവ് ജോൺ ഇംഗ്ലിസും ചേർന്ന് സ്ഥാപിച്ച എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വുമണിൽ തന്റെ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ചു.[4] 1896-ൽ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് അവർ MB CM ബിരുദം നേടി.[5][6]
ബിരുദാനന്തരം, ലണ്ടനിൽ ഒരു വർഷം ചെലവഴിച്ച ചാൽമേഴ്സ് വാട്സൺ, പ്ലാസ്റ്റോവിലെ മെറ്റേണിറ്റി ഡിസ്ട്രിക്റ്റ് അസോസിയേഷനിൽ ഫിസിഷ്യനായി ജോലി ചെയ്തതോടൊപ്പം കെന്റിലെ ഡോ. ബർണാഡോയുടെ ഭവനത്തിൽ ആറുമാസക്കാലവും ജോലി ചെയ്തു.[7]
1936 ഓഗസ്റ്റ് 7-ന് കെന്റിലെ റോൾവെൻഡനിലെ ഫ്രെൻഷാമിലുള്ള സഹോദരൻ സർ ഓക്ക്ലാൻഡ് ഗെഡ്സിന്റെ വീട്ടിൽവച്ച് ചാൽമേഴ്സ് വാട്സൺ അന്തരിച്ചു. കുറച്ചുകാലമായി സഹിച്ചുകൊണ്ടിരുന്ന അസുഖത്തിൽ നിന്ന് മുക്തി പ്രാപിക്കാൻ അവർ സഹോദരനോടൊപ്പം താമസിച്ചുവരികയായിരുന്നു.[8]
Alexandra Mary Geddes.