ജാർഖണ്ഡിലെ റാഞ്ചിയിൽ സർക്കാർ നടത്തുന്ന മെഡിക്കൽ കോളേജാണ് റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സൈക്യാട്രി ആൻഡ് അലൈഡ് സയൻസസ് (RINPAS).[1] കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴയ തൃതീയ പരിചരണ കേന്ദ്രങ്ങളിലൊന്നാണിത്.
1795-ൽ ബിഹാറിലെ മുൻഘൈറിൽ ഇന്ത്യൻ സൈനികർക്കായി സ്ഥാപിച്ച ഭ്രാന്താലയത്തിൽ നിന്നാണ് റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ-സൈക്യാട്രി ആൻഡ് അലൈഡ് സയൻസസ് (RINPAS; റാഞ്ചി ഇന്ത്യൻ മെന്റൽ ഹോസ്പിറ്റൽ; റാഞ്ചി മാനസിക് ആരോഗ്യശാല) അതിന്റെ ഉത്ഭവം കണ്ടെത്തുന്നത്. ബ്രിട്ടീഷുകാർ പൂർണ്ണമായും ഇന്ത്യൻ രോഗികൾക്കു വേണ്ടി സ്ഥാപിച്ച ആദ്യ ആശുപത്രിയും, അതുപോലെ തന്നെ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴയ മാനസിക ആശുപത്രിയും ആണ് ഇത്.[2] ആദ്യ ഇന്ത്യൻ മെഡിക്കൽ സൂപ്രണ്ടായിരുന്ന ഡോ. ജെ.ഇ. ധുഞ്ജിഭോയിയുടെ കാലത്ത് രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിലും ആധുനിക മൂല്യനിർണ്ണയ രീതികളും ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉപയോഗിക്കുന്നതിലും ആശുപത്രി വലിയ മുന്നേറ്റം നടത്തി. തൽഫലമായി, ഇവിടുത്തെ മരണനിരക്ക് ഇന്ത്യയിലെ മാനസിക ആശുപത്രികളിൽ ഏറ്റവും താഴ്ന്നതായിരുന്നു. കസ്റ്റോഡിയൽ കെയറിൽ നിന്ന് രോഗശമന ചികിത്സയിലേക്ക് ഒരു മാറ്റം ഉണ്ടായി. 1930-കൾ മുതൽ പട്‌ന മെഡിക്കൽ കോളേജിലെ ബിരുദ മെഡിക്കൽ വിദ്യാർത്ഥികൾക്കും തുടർന്ന് ദർഭംഗയിൽ നിന്നും കട്ടക്കിൽ നിന്നും ഉള്ള വിദ്യാർഥികൾക്കും ഇവിടെ സൈക്യാട്രിക് പരിശീലനം നൽകിവരുന്നു.[2] 1936-ൽ സൈക്കോളജിക്കൽ മെഡിസിനിൽ ഡിപ്ലോമയ്‌ക്കായി ലണ്ടൻ, എഡിൻബർഗ് സർവകലാശാലകളുമായി ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്‌തു. ആദ്യത്തെ ഇന്ത്യൻ എംഡിയുടെ (സൈക്യാട്രി) തീസിസ് വർക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടന്നത്. തുടർന്ന് ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ. എൽ.പി. വർമയുടെ മാർഗനിർദേശപ്രകാരം നിരവധി സൈക്യാട്രിസ്റ്റുകൾ എം.ഡി (സൈക്യാട്രി) പൂർത്തിയാക്കി. ഐപിഎസിന്റെ ആദ്യ പ്രസിഡന്റായ ഡോ. ജെ.ഇ. ധുൻജിഭോയ് മുതൽ തുടങ്ങി, ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി സ്റ്റാഫുകളും അലുമിനികളും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ (ഐപിഎസ്) പ്രസിഡൻ്റ് സ്ഥാനവും ഭാരവാഹികളുടെ സ്ഥാനവും സ്ഥാനം വഹച്ചിട്ടുണ്ട്, 1980-കളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചുവെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഇത് ഒരു സ്വയംഭരണ സ്ഥാപനമായി രൂപാന്തരപ്പെട്ടു. കിടപ്പുരോഗികൾക്കുള്ള പരിചരണവും സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലബോറട്ടറി, ഇമേജിംഗ് സേവനങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കണ്ണ്, ദന്ത ശസ്ത്രക്രിയകൾക്കുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലും പ്രത്യേകിച്ച് സാറ്റലൈറ്റ് ക്ലിനിക്കുകളിലും ഹാജർ നില വർധിക്കുകയാണ്. സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രിക് നഴ്‌സിംഗ് എന്നിവയിൽ ബിരുദാനന്തര പരിശീലനം ഇവിടെ ആരംഭിച്ചു, ഗവേഷണത്തിന് വീണ്ടും മുൻഗണന നൽകിത്തുടങ്ങി.[2]