Sadeh جشن سده | |
---|---|
ഇതരനാമം | Jashn-e Sadeh ( പേർഷ്യൻ: جشن سده) |
ആചരിക്കുന്നത് | Iran Tajikistan |
തിയ്യതി | 10 Bahman |
ആവൃത്തി | annual |
ബന്ധമുള്ളത് | Nowruz, Tirgan, Mehregan, Yalda |
ജഷൻ-ഇ-സദെ ഒരു പ്രാചീന പേർഷ്യൻ ആഘോഷമാണ്. ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമായിരുന്ന അക്കീമെനിഡ് സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ആരംഭിച്ച ഒരു ഇറാനിയൻ ഉത്സവമാണിത്.[1] ശീതകാലത്ത് ഇറാനിൽ, പുതുവത്സരദിനമായ നവ്റോസിന് 50 ദിവസം മുൻപാണ് സദെ ആചരിക്കുന്നത്. പുരാതന പേർഷ്യയിൽ അതീവ പ്രൗഢിയോടെയാണ് ഈ മധ്യകാല ശീതകാല ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്.[2] പേർഷ്യൻ ഭാഷയിൽ "നൂറ്" എന്ന് അർത്ഥമാക്കുന്ന സദെ വസന്തത്തിന്റെ ആരംഭം വരെയുള്ള നൂറ് ദിനരാത്രങ്ങളെ സൂചിപ്പിക്കുന്നു. സൊറോസ്ട്രിയൻ മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ് സദെ ആഘോഷം. സൊറോസ്ട്രിയൻ വിശ്വാസപ്രകാരം അഗ്നി നന്മയുടെ പ്രതീകമാണ്. വലിയ ആഴികളൊരുക്കി അഗ്നിയെ ആദരിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. അഗ്നിയെ ബഹുമാനിക്കുന്നതിനും ഇരുട്ട്, മഞ്ഞ്, തണുപ്പ് എന്നിവയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനുമുള്ള ഒരു ആഘോഷമായിരുന്നു ഇത്. ഇതുകാരണം 'അഗ്നിയുടെ ഉത്സവം' എന്നും ഇതറിയപ്പെടുന്നു.
ഐതിഹ്യപ്രകാരം, പൌരാണിക സങ്കൽപ്പത്തിലെ പിഷ്ദാഡിയൻ രാജവംശത്തിലെ (പിഷ്ദാദ് എന്നാൽ നിയമം നൽകുന്നത്) 2-ആമത്തെ രാജാവായിരുന്ന ഹുഷാങ് രാജാവാണ് സാദെ ആഘോഷിക്കുകയെന്ന പാരമ്പര്യം സ്ഥാപിച്ചത്. ഒരിക്കൽ ഹുഷാങ് ഒരു മല കയറുമ്പോൾ ഒരു പാമ്പിനെ കാണുകയും അതിനെ കല്ലുകൊണ്ട് എറിയാൻ ആഗ്രഹിക്കുകയും ചെയ്തുവെന്ന് ഐതിഹ്യത്തിൽ പറയപ്പെടുന്നു. കല്ല് എറിഞ്ഞപ്പോൾ മറ്റൊരു കല്ലിൽതട്ടി വീഴുകയും രണ്ടും തീക്കല്ലായതിനാൽ തീ പടരുകയും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. ഇത്തരത്തിൽ തീ കൊളുത്തുന്നത് എങ്ങനെയെന്ന് അദ്ദേഹം കണ്ടെത്തി.[3] തീ കൊളുത്തുന്നതിന്റെ രഹസ്യം തനിക്ക് വെളിപ്പെടുത്തിയ ദൈവത്തെ ഹുഷാങ് സന്തോഷിപ്പിക്കുകയും സ്തുതിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പ്രഖ്യാപിച്ചു: "ഇത് ദൈവത്തിൽ നിന്നുള്ള പ്രകാശമാണ്, അതിനാൽ നാം അതിനെ ആദരിക്കണം." മതപരമായ വിശ്വാസങ്ങൾ അനുസരിച്ച്, പ്രകാശം, അഗ്നി, ഊർജ്ജം എന്നിവയുടെ പ്രാധാന്യം അനുസ്മരിക്കുന്ന ജഷ്ൻ-ഇ സദെ; ദൈവത്തിൽ നിന്നുള്ള പ്രകാശം അവന്റെ സൃഷ്ടികളുടെ ഹൃദയങ്ങളിൽ കാണപ്പെടുന്നതായി സങ്കൽപ്പിക്കുന്നു. പുരാതന കാലത്ത്, തീ കൊളുത്തിയാണ് ജഷ്ൻ-ഇ സദെ ആഘോഷിച്ചിരുന്നത്.[4] സൊരാസ്ട്രിയക്കാരെ സംബന്ധിച്ചിടത്തോളം സദെയ്ക്കുള്ള പ്രധാന ഒരുക്കം അക്കാലത്തും ഇന്നും ചില ഭാഗങ്ങളിൽ ആഘോഷത്തിൻറെ തലേദിവസം തീ കത്തിക്കുന്നതിനുള്ള വിറകു ശേഖരിക്കലാണ്.