സാവിത്രി | |
---|---|
ജനനം | Chirravuru, Guntur district, മദ്രാസ് പ്രെസിഡൻസി, ഇന്ത്യ | 4 ജനുവരി 1936
മരണം | 26 ഡിസംബർ 1981 മദ്രാസ്, തമിഴ് നാട്, ഇന്ത്യ | (പ്രായം 47)
മറ്റ് പേരുകൾ | മഹാനടി സാവിത്രി |
ജീവിതപങ്കാളി(കൾ) | ജെമിനി ഗണേശൻ (1952–1981) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | സുഭദ്രാമ്മ (അമ്മ) |
പുരസ്കാരങ്ങൾ | രാഷ്ട്രപതി അവാർഡ് നന്ദി അവാർഡ് |
പ്രമുഖ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി, പിന്നണിഗായിക, നർത്തകി, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച സാവിത്രി (4 ജനുവരി 1936 – 26 ഡിസംബർ 1981) തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[1] 30-ാമത്തെ ഇന്റർ നാഷണൽ ഫിലിംഫെസറ്റിവലിൽ സിനിമയിലെ വനിത എന്നാണ് സാവിത്രി എന്ന നടിയെ വിശേഷിപ്പിക്കപ്പെട്ടത്. കൂടാതെ മഹാനടി എന്നറിയപ്പെടുകയും ചെയ്തു.
1960 -ലെ ചിവരാകു മിഗിലെഡി എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതി അവാർഡ് ലഭിക്കുകയുണ്ടായി. 1968-ൽ സാവിത്രി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിന്നരി പപലു എന്ന തെലുങ്കു സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള നന്ദി അവാർഡ് ലഭിക്കുകയുണ്ടായി. 1960-നുശേഷമുള്ള ചലച്ചിത്രജീവിതത്തിൽ സാവിത്രി വലിയ സാമ്പത്തികപ്രശ്നങ്ങളിൽ ചെന്ന് വീഴുകയും മദ്യപാനത്തിന് അടിമപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അഭിനയജീവിതം തടസ്സപ്പെടുകയും ചെയ്തു.1973-ൽ ചുഴി എന്ന മലയാളം സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷെ ആ സിനിമ വിജയിച്ചിരുന്നില്ല.
അർദ്ധാംഗി[2](1955), തോടി കൊഡലു [3](1957), മായാബസാർ, [4](1957), മംഗല്യബലം [5][6](1958), ചിവരുഗു മിഗിലെഡി [7](1960), മൂഗ മനുസുലു (1963), ഡോക്ടർ ചക്രവർത്തി (1964), വരകാട്ണം [8](1968) എന്നിവ സാവിത്രിയ്ക്ക് അവാർഡ് നേടികൊടുത്ത സിനിമകളാണ്.
കളത്തൂർ കണ്ണമ്മ (1959)[9], പാസമലർ (1961)[10][11], പാവ മന്നിപ്പു [12](1961), പാർത്താൽ പസി തീരും (1962), കർപഗം (1963), കർണൻ (1963), കായി കൊടുത്ത ദൈവം നവരാത്രി (1964), തിരുവിളയാടൽ (1965) എന്നീ തമിഴ് സിനിമകളിലും അഭിനയിക്കുകയുണ്ടായി.
1936 ജനുവരി 4 ന് ഇന്ന് ആന്ധ്രാപ്രദേശത്തിന്റെ ഭാഗമായ മദ്രാസ് പ്രെസിഡൻസിയിൽ ഗുണ്ടുർ ജില്ലയിലെ ചിറവുരുവിലാണ് ജനിച്ചത്. സാവിത്രിക്ക് ആറുവയസ്സുള്ളപ്പോൾ അവളുടെ അമ്മ വിധവയാകുകയും അവർ സാവിത്രിയുടെ സഹോദരൻ മാരുതിയെയും കൂട്ടി അവരുടെ സഹോദരന്റെ ആശ്രയത്തിലെത്തുകയും ചെയ്തു. സാവിത്രിയുടെ അമ്മാവൻ അവളുടെ നൃത്തത്തിലുള്ള കഴിവിനെ തിരിച്ചറിഞ്ഞ് അവളെ നൃത്തപരിപാടികൾ അവതരിപ്പിക്കാൻ അനുവദിച്ചു.[13]
1948-ൽ തമിഴ് നടനായ ജെമിനി ഗണേഷനെ സാവിത്രി ആദ്യമായി കണ്ടുമുട്ടുകയും 1952-ൽ അവർ വിവാഹം ചെയ്യുകയും ചെയ്തു. ജെമിനിഗണേഷൻ മുൻവിവാഹം ചെയ്തിട്ടുള്ളതിനാൽ ഈ വിവാഹം അവളുടെ അമ്മാവനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയായി. ജെമിനിഗണേഷന് ആദ്യവിവാഹത്തിൽ 4 കുട്ടികളുള്ളതു കൂടാതെ പുഷ്പവല്ലി എന്ന സ്ത്രീയുമായി ബന്ധവുമുണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫിൽ സാവിത്രി ഗണേഷ് എന്നെഴുതിയതോടെ സാവിത്രിയുടെ വിവാഹം പരസ്യമാകുകയും ചെയ്തു.[14] സാവിത്രിയെ വിവാഹം കഴിച്ചതിനുശേഷമാണ് പുഷ്പവല്ലിയിൽ തനിക്ക് രണ്ട് പെൺമക്കളുണ്ടെന്ന സത്യം ഗണേഷൻ തിരിച്ചറിഞ്ഞത്.[13]
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സാവിത്രി നൃത്തനാടകങ്ങളിൽ അഭിനയിച്ചിരുന്നു. തെലുങ്കു നടനായിരുന്ന കൊൻഗര ജഗ്ഗയ്യയുടെ നാടകകമ്പനിയിൽ ചേർന്ന് നൃത്തനാടകങ്ങൾ അവതരിപ്പിച്ചു.12 വയസ്സുള്ളപ്പോൾ മദ്രാസിലെ സിനിമാഭിനയത്തിലേർപ്പെട്ടെങ്കിലും അത്ര വിജയകരമായിരുന്നില്ല. എന്നാൽ1950 ആയപ്പോഴേയ്ക്കും സംസാരം എന്ന തെലുങ്കു സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രത്തെ ലഭിച്ചു. പക്ഷെ നിരവധി പ്രാവശ്യം അഭിനയിച്ചെങ്കിലും അവൾ വിജയിച്ചില്ല. ഒടുവിൽ ആ കഥാപാത്രം ലക്ഷ്മിരാജ്യത്തിന് നല്കി. രൂപവതി, പാതാളഭൈരവി എന്നിവയിൽ ചെറുവേഷങ്ങൾ അഭിനയിച്ചെങ്കിലും തുടർന്ന് പെല്ലി ചെസി ചൂടു എന്ന തെലുങ്കു സിനിമയിൽ അഭിനയിക്കാൻ സാധിച്ചു.
തെലുങ്കു സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന നിലയിലാണ് സാവിത്രി അറിയപ്പെട്ടിരുന്നത്.1952-ലെ പെല്ലി ചെസി ചൂടു എന്ന തെലുങ്കു സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. [15]ഇന്ത്യൻ സ്ത്രീധന വ്യവസ്ഥിതിയുടെ ചീത്തവശങ്ങളെക്കുറിച്ചുള്ളതാണ് ഈ സിനിമയിലെ പ്രമേയം. കല്യാണം പാണി പാർ എന്ന തലക്കെട്ടിൽ ഈ സിനിമ തമിഴിലും നിർമ്മിച്ചിരുന്നു. തമിഴിൽ നിർമ്മിച്ച ആദ്യത്തെ കളർ സിനിമയായിരുന്നു ഇത്.[16]
1960 -ലെ ചിവരാകു മിഗിലെഡി എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതി അവാർഡ് ലഭിക്കുകയുണ്ടായി. ഈ സിനിമയ്ക്ക് ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു.[17]ഈ സിനിമ ബംഗാളി സിനിമയായ ദീപ് ജ്വാലെ ജയ് എന്ന സിനിമയുടെ പുനർനിർമ്മാണമായിരുന്നു.[18] ഈ സിനിമ വീണ്ടും ഹിന്ദിയിലേയ്ക്ക് ഖാമോഷി എന്ന പേരിൽ പുനർനിർമ്മാണം നടത്തുകയുണ്ടായി. ഇതിലെ നായിക വഹീദ റഹ്മാൻ ആയിരുന്നു. അവർ ഒരു ഇന്റർവ്യൂവിൽ സാവിത്രിയുടെ അഭിനയവുമായി താരതമ്യം ചെയ്തു സംസാരിക്കുകയുണ്ടായി. ചിവരാകു മിഗിലെഡി എന്ന തെലുങ്കു സിനിമയിലെ സാവിത്രിയുടെ അഭിനയത്തിന്റെ നിലവാരത്തിലേയ്ക്ക് തനിയ്ക്ക് എത്താൻ സാധിച്ചില്ല എന്ന് അവർ പറയുകയുണ്ടായി.[19] 1963-ലെ കർപഗം എന്ന തമിഴ് സിനിമയിൽ അമുത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് നാഷണൽ ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. ഈ സിനിമ വിഷുക്കണി എന്ന പേരിൽ മലയാളത്തിൽ പുനർനിർമ്മാണം നടത്തിയിരുന്നു.[20]
1968-ൽ സാവിത്രി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിന്നരി പപലു എന്ന തെലുങ്കു സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള നന്ദി അവാർഡ് [21]ലഭിക്കുകയുണ്ടായി. തുടർന്ന് ഈ സിനിമ തമിഴിലും നിർമ്മിക്കുകയുണ്ടായി. വിവിധമേഖലകളിലുള്ള വനിതകൾ ഒത്തുചേർന്ന് നിർമ്മിച്ച സിനിമയായിരുന്നു ഇത്. [22]1960-നുശേഷമുള്ള ചലച്ചിത്രജീവിതത്തിൽ സാവിത്രി വലിയ സാമ്പത്തികപ്രശ്നങ്ങളിൽ ചെന്ന് വീഴുകയും മദ്യപാനത്തിന് അടിമപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അഭിനയജീവിതം തടസ്സപ്പെടുകയും ചെയ്തു.
ബഹുത് ദിൻ ഹുവേ (1954), ഖർ ബസ്കെ ദേഖോ[23] (1963), ബാലറാം ശ്രീകൃഷ്ണ (1968), ഗംഗാ കി ലഹരെൻ (1964) എന്നീ ഹിന്ദി ചലച്ചിത്രങ്ങളിൽ സാവിത്രി അഭിനയിച്ചിരുന്നു.
തായിഗെ തക്ക മഗ (1978), രവിചന്ദ്ര (1980), ചന്ദനഡ ഗൊംബെ(1979) എന്നീ കന്നട ചലച്ചിത്രങ്ങളിൽ സാവിത്രി അഭിനയിച്ചിരുന്നു.
സാവിത്രി അറിയപ്പെടുന്ന പിന്നണിഗായികയായിരുന്നു. മായാബസാർ (1957) എന്ന ചലച്ചിത്രത്തിലെ സുന്ദരി നീവൻടി എന്നു തുടങ്ങുന്ന ഗാനം, നവരാത്രി (1966) എന്ന ചലച്ചിത്രത്തിലെ രൻഗു രൻഗു സില എന്നു തുടങ്ങുന്ന ഗാനം, അന്നപൂർണ്ണ (1960) എന്ന ചലച്ചിത്രത്തിലെ നീവേവരോ എന്നു തുടങ്ങുന്ന ഗാനം എന്നിവ പാടിയത് സാവിത്രിയായിരുന്നു. ഇൗ സിനിമകളിൽ നടി ഗിരിജയ്ക്ക് ശബ്ദവും നൽകിയിരുന്നു.
സാവിത്രി ചിന്നരി പപലു (1968), ചിരഞ്ജീവി, മാതൃദേവത, വിന്ത സംസാരം, കുഴന്തൈ ഉള്ളം, പ്രാപ്തം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
1969-ൽ മദ്യപാനം ആരംഭിച്ച സാവിത്രി വർഷങ്ങളോളം മദ്യത്തിനടിമയായിരുന്നു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും ഫലമായി 45-ാമത്തെ വയസ്സിൽ 18 മാസം (ഒന്നര വർഷം) കോമാ സ്റ്റേജിൽ കിടന്നു. തുടർന്ന് 1981ഡിസംബർ 26-ന് സാവിത്രി എന്ന മഹാനടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. [13][24]
2018 മേയ് 10-ന് റിലീസ് ചെയ്ത തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നിർമ്മിച്ച മഹാനടി എന്ന ചലച്ചിത്രം സാവിത്രിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണ്.[25][26] [27]
Biographies