സിഹ്വാനാബ

സിഹ്വാനാബ, ലാ സിഗ്വാനാബ, സിഗ്വ അല്ലെങ്കിൽ സെഗ്വ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന അമാനുഷിക കഥാപാത്രം മധ്യ അമേരിക്കൻ നാടോടിക്കഥകളിൽ നിന്നുള്ള ഒരു  കഥാപാത്രമാണ്. മെക്സിക്കോയിലും ഈ കഥാപാത്രത്തെക്കുറിച്ച് കേൾക്കാനാകുന്നതാണ്. പുറകിൽ നിന്ന് കാണുന്ന രീതിയിൽ ആകർഷകമായ നീണ്ട മുടിയുള്ള ഒരു സ്ത്രീയുടെ രൂപത്തിലുള്ള ഈ സത്വം രൂപ പരിണാമം സുസാദ്ധ്യമായ ആത്മാവാണ്. മനുഷ്യരെ അപകടത്തിലാക്കുന്നതിനു മുമ്പായി ഒരു കുതിരയുടെ അല്ലെങ്കിൽ തലയോട്ടിയുടേതിനു സമാനമായ തന്റെ മുഖം അവൾ ഇരയുടെ മുന്നിൽ തന്റെ മുഖം വെളിവാക്കുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ സ്പെയിനിൽ നിന്ന് ലാറ്റിൻ മേരിക്കയിലേക്ക് കൊണ്ടുവന്നിരിക്കാവുന്ന സിഗ്വാനാബ എന്ന കഥാപാത്രവും അതിന്റെ വകഭേദങ്ങളും തദ്ദേശീയരേയും മെസ്റ്റിസോ ജനസംഖ്യയേയും നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമായി കോളനിക്കാർ ഉപയോഗിച്ചിരുന്നു.[1]

ഒരാളുമായി സംസർഗ്ഗത്തിൽ വരുമ്പോൾ നഗ്നയായി അല്ലെങ്കിൽ ലോലമായ ധവള വസ്ത്രം ധരിച്ചു കാണപ്പെടുന്ന അവൾ സാധാരണയായി ഒരു പൊതു ജലാശയത്തിലോ നദിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ജലസ്രോതസിൽ[2] സ്നാനം നടത്തുന്നതായോ കാണപ്പെടുന്നു. മറ്റു ചിലപ്പോൾ വസ്ത്രം കഴുകുന്നതായും കാണാവുന്നതാണ്.[3] ചന്ദ്രനില്ലാത്ത രാത്രികളിൽ വൈകി പുറത്തിറങ്ങുന്ന ഒറ്റപ്പെട്ട പുരുഷന്മാരെ ആദ്യം തന്റ മുഖം കാണാൻ അനുവദിക്കാതെ ആകർഷിക്കാനാണ് അവൾ ഇഷ്ടപ്പെടുന്നത്.[4] ഇത്തരം ആളുകളെ അവരുടെ നിശ്ചിത വഴികളിൽനിന്ന് തെറ്റായ മാർഗ്ഗത്തിലൂടെ നടക്കാൻ പ്രേരിപ്പിച്ച് ആഴത്തിലുള്ള മലയിടുക്കുകളിലും ഇരുണ്ട വനങ്ങളിലും കൊണ്ടുചെന്നെത്തിക്കുന്നു.[5]

ഗ്വാട്ടിമാലയിൽ, സിഹ്വാനാബ വളരെ നീളമുള്ള മുടിയുള്ള സുന്ദരിയും മോഹിനിയുമായ ഒരുസ്ത്രീയായി പ്രത്യക്ഷപ്പെടുന്നു. ഒരു കുതിരയുടെ അല്ലെങ്കിൽ തലയോട്ടിയുടെ രൂപം തന്നിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന അവൾ അവസാന നിമിഷം വരെ തന്റെ മുഖം ഇരയ്ക്കു മുന്നിൽ വെളിപ്പെടുത്തില്ല.[6] അവളുടെ ഇര (സാധാരണയായി അവിശ്വാസിയായ ഒരു പുരുഷൻ) ഭയത്താൽ മരിക്കുന്നില്ലെങ്കിൽ, അയാൾ ഭ്രാന്തുപിടിച്ച് അവിടെനിന്ന് ഓടിപ്പോകുന്നു.[7] ഒരു പുരുഷനെ വഴിതെറ്റിക്കുന്നതിനായി സിഹ്വാനാബയ്ക്ക് അയാളുടെ കാമുകിയുടെ രൂപം വളരെ ദൂരെനിന്ന് അനുകരിക്കുവാൻ‌ സാധിക്കുന്നു.[8]

സിഹ്വാനാബ കുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഇരയെ തന്റെ വരുതിയിലേയ്ക്ക് ആകർഷിക്കാൻ കുട്ടിയുടെ മാതാവിന്റെ രൂപമെടുക്കുന്നു. ഒരിക്കൽ സിഹ്വാനാബയാൽ സ്പർശിക്കപ്പെട്ടാൽ കുട്ടി ഭ്രാന്തനായിത്തീരുകയും ഒറ്റപ്പെടുത്തപ്പെടുന്ന കുട്ടി ഏതെങ്കിലും വിജന പ്രദേശത്തേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

പ്രതിരോധം

[തിരുത്തുക]

പരമ്പരാഗത രീതികളിലൂടെ സിഹ്വാനാബയെ ഒഴിവാക്കാവുന്നതാണ്. ഗ്വാട്ടിമാലയ്ക്കും എൽ സാൽവദോറിനുമിടയിലുള്ള അതിർത്തി പ്രദേശങ്ങളിൽ, സിഹ്വാനാബയെ കാണുന്നവർ അവളുടെ മേൽ കുരിശിന്റെ അടയാളം കാണിക്കുകയോ അല്ലെങ്കിൽ അവരുടെ ഉടവാളിന്മേൽ കടിക്കുകയോ ചെയ്താൽ, ഒരേ സമയം ദുരാത്മാവും ഇരയെ ഗ്രസിക്കുന്ന  ഭയവും ഒഴിവാകുന്നു.

പദോൽപ്പത്തി

[തിരുത്തുക]

സിഗ്വാനാബ അല്ലെങ്കിൽ സിഹ്വാനാബ എന്ന വാക്കിന്റെ ഉത്ഭവം മെസോഅമേരിക്കയിലെ തദ്ദേശീയ ഭാഷകളിൽനിന്നാണ്. അതിന്റെ ഉറവിടമായി വിവിധ പദങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ മാസിഹ്വാറ്റ്‌ലി എന്നറിയപ്പെടുന്ന സിഗ്വാനാബ, cihuatl ("സ്ത്രീ" എന്നർത്ഥം), matlatl ("വല" എന്നർത്ഥം) എന്നിങ്ങനെ രണ്ട് ഘടകങ്ങളായി വിഭജിക്കാവുന്ന ഒരു നഹ്വാറ്റ്ൽ പദമാണ്. ഇതിലെ "നെറ്റ്-വുമൺ" എന്നത് ഒരു സ്ത്രീ തന്റെ രൂപലാവണ്യത്തിന്റെ വലയിൽ പുരുഷന്മാരെ വശീകരിച്ചെടുക്കുന്നതിന്റെ ആലങ്കാരിക ആശയം ഉൾക്കൊള്ളുന്നു.

അതുപോലെ, ഹോണ്ടുറാസിലെയും കോസ്റ്റാറിക്കയിലെയും ആത്മാവിനെക്കുറിക്കുന്ന പേരുകളായ സിഗ്വ അല്ലെങ്കിൽ സെഗ്വ എന്നിവയുടെ ഉത്ഭവവും "സ്ത്രീ" എന്നർത്ഥം വരുന്ന നഹ്വാറ്റ്ൽ പദമായ സിഹ്വാറ്റിൽനിന്നാണ്. ഗ്വാട്ടിമാലൻ ചരിത്രകാരനും നാടോടി കഥാകാരനുമായ അഡ്രിയാൻ റെസിനോസ് സിഗ്വാനാബ എന്ന വാക്കിന് സാധ്യതയുള്ള രണ്ട് ഉറവിടങ്ങൾ നൽകി. ഗ്വാട്ടിമാലയിലെ 20 ലധികം ഭാഷകളിലൊന്നിൽ, സിഗ്വാനാബ എന്നാൽ നഗ്നയായ സ്ത്രീ എന്നാണ് അർത്ഥമാക്കുന്നതെന്ന് അവകാശപ്പെട്ട അദ്ദഹം പക്ഷേ അതിന്റെ ഉത്ഭവത്തിന്റെ കൃത്യമായ ഭാഷ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. മറ്റൊരു സ്രോതസ്സിൽ അദ്ദേഹം അതിന്റെ ഉത്ഭവം "അഭിസാരിക" എന്നർത്ഥം വരുന്ന നഹ്വാറ്റ്ൽ പദമായ ciuanauac അല്ലെങ്കിൽ ciguanauac ൽ നിന്നാആണെന്ന് അവകാശപ്പെട്ടു.

സിഗ്വാനാബ എന്ന പദം, ഒരു മലഞ്ചെരിവ് അല്ലെങ്കിൽ ആഴത്തിലുള്ള മലയിടുക്ക് അർത്ഥമുള്ള കിച്ചെ മായാ പദമായ സിവാനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്വാട്ടിമാലയിൽ,  ഗ്വാട്ടിമാലൻ നാടോടി പദോൽപത്തി ശാസ്ത്രം ഈ വാക്കിന്റെ ഉത്ഭവം ഇത്തരത്തിലാണെന്ന് സൂചന നൽകുന്നു. എന്നിരുന്നാലും റെസിനോസ്, റോബർട്ടോ പാസ് വൈ പാസ് തുടങ്ങിയ പണ്ഡിതന്മാർ ഇതിനോട് വിയോജിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Fernández-Poncela 1995, p.107.
  2. Lara Figueroa 1996, pp.28-29.
  3. Lara Figueroa 1996, p.32.
  4. Lara Figueroa 1996, p.29.
  5. Lara Figueroa 1996, p.29.
  6. Lara Figueroa 1996, p.30.
  7. Barnoya Gálvez 1999, p.139.
  8. Barnoya Gálvez 1999, p.139.