തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്, തൃശൂർ. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ച ലോവർ സെക്കൻഡറി സ്കൂൾ പിൽക്കാലത്തു് വികാസം പ്രാപിച്ചാണു് 1919-ൽ ഒരു കലാലയമായി മാറിയതു് [1].
തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. തൃശ്ശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനാച്ചേരി, ഉന്നത വിദ്യാഭ്യാസം പ്രാപിക്കുന്നതിനു് ആഗ്രഹിക്കുന്ന സാധാരണജനങ്ങളെ സേവിക്കുന്നതിനായി 1919 ലാണു് സ്കൂൾ സെന്റ് തോമസ് കോളേജ് എന്ന പേരിൽ കലാലയമായി ഉയർത്തിയതു് [2]. കലാലയത്തിന്റെ തുടക്കം മുതൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും, 2002-2003 അദ്ധ്യായന വർഷം മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് ഇതൊരു മിക്സ്‌ഡ് കോളേജ് ആക്കി മാറ്റുകയയിരുന്നു[3] ഫാദർ മോൺസിഗ്നോർ ജോൺ പാലോക്കാരൻ ആണ് ആദ്യ പ്രിൻസിപ്പാൾ. "സത്യം നിങ്ങളെ സ്വതന്ത്രനാക്കും" എന്നർഥം വരുന്ന വേറിറ്റാസ് വോസ് ലിബെറബിറ്റ് എന്നതാണ് കലാലയത്തിന്റെ ആദർശസൂക്തം.
മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഇവിടുത്തെ വിദ്യാർത്ഥിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഈ കലാലയത്തിൽ അദ്ധ്യാപകനുമായിരുന്നു.