ഹെലൻ മയോ | |
---|---|
ജനനം | |
മരണം | 13 നവംബർ 1967 Adelaide, Australia | (പ്രായം 89)
തൊഴിൽ(s) | Medical doctor, medical educator |
ഹെലൻ മേരി മയോ, OBE (ജീവിതകാലം: 1 ഒക്ടോബർ 1878 - 13 നവംബർ 1967) അഡ്‌ലെയ്ഡിൽ ജനിച്ചു വളർന്ന ഒരു ഓസ്‌ട്രേലിയൻ മെഡിക്കൽ ഡോക്ടറും മെഡിക്കൽ അദ്ധ്യാപികയുമായിരുന്നു. 1896-ൽ അഡ്‌ലെയ്ഡ് സർവകലാശാലയിൽ ചേർന്ന ഹെലൻ മയോ അവിടെ വൈദ്യശാസ്ത്രം പഠിച്ചു. ബിരുദം നേടിയ ശേഷം, അവർ ഇംഗ്ലണ്ട്, അയർലൻഡ്, ബ്രിട്ടീഷ് ഇന്ത്യ എന്നിവിടങ്ങളിൽ ശിശു ആരോഗ്യ രംഗത്ത് രണ്ട് വർഷം ചെലവഴിച്ചു. 1906-ൽ അഡ്‌ലെയ്ഡിലേക്ക് മടങ്ങിയെത്തിയ അവർ ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിക്കുകയും അഡ്‌ലെയ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലും അഡ്‌ലെയ്ഡ് ഹോസ്പിറ്റലിലും (പിന്നീട് റോയൽ അഡ്‌ലെയ്ഡ്) സ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
1909-ൽ അമ്മമാർക്ക് ശിശുക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഉപദേശം ലഭിക്കുന്ന അമ്മമാർക്കുള്ള ഒരു സ്കൂൾ അവർ സ്ഥാപിച്ചു. 1927-ൽ മദേഴ്‌സ് ആൻഡ് ബേബീസ് ഹെൽത്ത് അസോസിയേഷനായി മാറിയ ഈ സംഘടന, ഒടുവിൽ സൗത്ത് ഓസ്‌ട്രേലിയയിലുടനീളം ശാഖകൾ സ്ഥാപിക്കുകയും നഴ്‌സുമാർക്കുള്ള ഒരു പരിശീലന സ്‌കൂൾ ഇതുമായി സംയോജിപ്പിക്കുകയും ചെയ്തു. 1914-ൽ, ശിശുക്കളെ ചികിത്സിക്കുന്നതിനായി ചിൽഡ്രൻസ് ഹോസ്പിറ്റലിനുവേണ്ടിയുള്ള പ്രചാരണം പരാജയപ്പെട്ടതിനെത്തുടർന്ന്, മയോ ശിശുക്കൾക്കായി മരീബ ഹോസ്പിറ്റൽ സ്ഥാപിച്ചു.
മെഡിക്കൽ നേട്ടങ്ങൾക്ക് പുറമേ, മയോ മറ്റ് നിരവധി സംഘടനകളിലും പങ്കാളിയായിരുന്നു. അഡ്‌ലെയ്‌ഡ് യൂണിവേഴ്‌സിറ്റിയിൽ 1914 മുതൽ 1960 വരെ യൂണിവേഴ്‌സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച അവർ (ഓസ്‌ട്രേലിയയിൽ ഇത്തരമൊരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത) അവിടെ ഒരു വനിതാ ക്ലബ്ബും ബോർഡിംഗ് കോളേജും സ്ഥാപിക്കുകയും ചെയ്തു.
പ്രൊഫഷണൽ വനിതകൾക്കായുള്ള അഡ്‌ലെയ്ഡ് ലൈസിയം ക്ലബ്ബിന്റെ സ്ഥാപക കൂടിയാണ് അവർ. 1967 നവംബർ 13-ന് മയോ അന്തരിച്ചു.
1878 ഒക്ടോബർ 1-ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് നഗരത്തിലാണ് ഹെലൻ മേരി മയോ എന്ന പേരിൽ അവർ ജനിച്ചത്.[1] ഒരു സിവിൽ എഞ്ചിനീയറായിരുന്ന ജോർജ്ജ് ഗിബ്സ് മയോയുടെയും (1845-1921) ഹെൻറിയെറ്റ മേരി മായോയുടെയും (മുമ്പ് ഡോണ്ൽഡൻ 1852–1930) ഏഴു മക്കളിൽ മൂത്തവളായിരുന്നു അവർ.[2] അതുപോലെതന്നെ അവർ അഡ്‌ലെയ്ഡിലെ പ്രമുഖ ഡോക്ടറായിരുന്ന ജോർജ്ജ് മയോയുടെയും മരിയ ഗാൻഡിയുടെയും കൊച്ചുമകളായിരുന്നു. 10 വയസ്സുള്ളപ്പോൾ, അവൾ ഒരു സ്വകാര്യ അദ്ധ്യാപകനിൽനിന്ന് പതിവായി പാഠങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് അവളുടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.[3] 16-ആം വയസ്സിൽ, ഗ്രോട്ട് സ്ട്രീറ്റിലെ പെൺകുട്ടികൾക്കായുള്ള അഡ്വാൻസ്ഡ് സ്‌കൂളിൽ ചേർന്ന (അഡ്‌ലെയ്ഡ് ഹൈസ്‌കൂളിന്റെ മുന്നോടിയായ) മയോ അവിടെനിന്ന് ഒരു വർഷത്തിനുശേഷം 1895-ന്റെ അവസാനത്തോടെ മെട്രിക്കുലേഷൻ പാസായി.[4]
വനിതാ ഡോക്ടർമാരെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും, ചെറുപ്പം മുതലേ വൈദ്യശാസ്തര രംഗത്ത് ഒരു കരിയർ പിന്തുടരാനാണ് മയോ തീരുമാനിച്ചത്.[5] എന്നിരുന്നാലും, അന്നത്തെ അഡ്‌ലെയ്ഡ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന എഡ്വേർഡ് റെന്നി, ഹെലന്റെ പിതാവിനോട് മെഡിസിൻ പഠനം ആരംഭിക്കാൻ തക്ക പ്രായം അവൾക്ക് ആയിട്ടില്ലെന്ന് ഉപദേശിച്ചതിനാൽ, 1896-ൽ മയോ അഡ്‌ലെയ്ഡ് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിൽ ചേർന്നു.[6] ആദ്യ വർഷ പഠനത്തിനൊടുവിൽ അവളുടെ ഇളയ അനുജത്തി ഒലിവിന്റെ മരണം സംഭവിച്ചതോടെ, ആ വർഷത്തെ അവസാന പരീക്ഷ എഴുതാൻ മയോയ്ക്ക് കഴിഞ്ഞില്ല, 1897-ൽ ആദ്യ വർഷത്തെ പഠനം പുനരാരംഭിച്ചപ്പോൾ ആകെയുള്ള അഞ്ച് വിഷയങ്ങളിൽ രണ്ടെണ്ണത്തിന് അവൾ പരാജയപ്പെട്ടു (ലാറ്റിൻ, ഗ്രീക്ക്).[7] പിതാവിന്റെ അനുവാദത്തോടെ 1898-ൽ മയോ വൈദ്യശാസ്ത്ര പഠനത്തിന് ചേർന്നു.[8][9] അവൾ അതിസമർത്ഥയായ വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയായിരുന്ന മയോ, തന്റെ ക്ലാസ്സിൽ ഒന്നാമതെത്തിയതോടെ, അവളുടെ നാലാമത്തെയും അഞ്ചാമത്തെയും വർഷത്തെ പഠനത്തിൽ യഥാക്രമം ഡേവിസ് തോമസ് സ്കോളർഷിപ്പും എവറാർഡ് സ്കോളർഷിപ്പും നേടി.[10][11]
1902 അവസാനത്തോടെ ബിരുദം നേടിയ ശേഷം, മയോ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിൽ റസിഡന്റ് മെഡിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.[12] 1904 ഫെബ്രുവരിയിൽ, പ്രായോഗിക പരിചയം നേടുന്നതിനായി അവർ ഇംഗ്ലണ്ടിലേക്ക് പോയി.[13][14] അവിടെ ലണ്ടനിലെ ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റിലുള്ള ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രണിൽ ക്ലിനിക്കൽ ക്ലാർക്കായി ജോലി ചെയ്തു.[15] മിഡ്‌വൈഫറിയിൽ പരിചയം നേടുന്നതിന്, അവർ ഡബ്ലിനിലെ കൂംബെ വിമൻസ് ഹോസ്പിറ്റലിലേക്ക്[16] പോകുകയും ലണ്ടനിലേയ്ക്ക് മടങ്ങിയശേഷം ഉഷ്ണമേഖലാ വൈദ്യശാസ്ത്രത്തിൽ ഒരു കോഴ്‌സ് പൂർത്തിയാക്കാൻ ഇന്ത്യയിലേക്ക് പോയ അവർ അവിടെ ഒരു വർഷം ഡൽഹിയിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള കേംബ്രിഡ്ജ് മിഷനിൽ മിഡ്‌വൈഫായി ജോലി ചെയ്തു.[17] 1906-ൽ, അഡ്‌ലെയ്ഡിലേക്ക് മടങ്ങിയ മയോ, കുടുംബവീടിനോട് ചേർന്നുള്ള മോർഫെറ്റ് സ്ട്രീറ്റിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു.[18] അവളുടെ ഒഴിവു സമയങ്ങളിൽ, അഡ്‌ലെയ്ഡ് ഹോസ്പിറ്റലിൽ ലബോറട്ടറി ജോലികളിലേർപ്പെടുകയും അഡ്‌ലെയ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഓണററി അനസ്‌തറ്റിസ്റ്റായി നിയമനം ഏറ്റെടുക്കുകയും ചെയ്തു.[19]
ഹെലൻ മയോ വിവാഹം കഴിച്ചിട്ടില്ല. മനശാസ്ത്രജ്ഞൻ എൽട്ടൺ മയോ (1880-1949), ജഡ്ജി സർ ഹെർബർട്ട് മയോ (1885-1972) എന്നിവരായിരുന്നു അവളുടെ സഹോദരങ്ങൾ.