2018 സെപ്റ്റംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന ഏകദിന അന്താരാഷ്ട്രക്രിക്കറ്റ് ടൂർണമെന്റായിരുന്നു [1]2018 ഏഷ്യാ കപ്പ് അഥവാ ( യൂണിമോണി ഏഷ്യ കപ്പ്). ഇത് ഏഷ്യാ കപ്പിന്റെ പതിനാലാമത്തെ പതിപ്പായിരുന്നു. 1984, 1995 ടൂർണമെന്റുകൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏഷ്യാകപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ[2] കിരീടം നിലനിർത്തി[3].
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അഞ്ച് മുഴുവൻ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ഈ ടൂർണമെന്റിൽ പങ്കെടുത്തു. ഇവരെ കൂടാതെ 2018 ഏഷ്യാ കപ്പ് ക്വാളിഫയർ ടൂർണമെന്റ് ജയിച്ച ഹോങ്കോങ്ങും ഏഷ്യാകപ്പിൽ പങ്കെടുത്തു. [4] മാർച്ചിൽ നടന്ന 2018 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പത്താം സ്ഥാനത്തേക്ക് ഒതുങ്ങിയ ഹോങ്കോങ്ങിന് അവരുടെ അന്താരാഷ്ട്ര ഏകദിന പദവി നഷ്ടമായി. [5][6] എന്നിരുന്നാലും, 2018 സെപ്റ്റംബർ 9 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും ഏകദിന പദവി നൽകി[7].
ടൂർണമെന്റ് ഇന്ത്യയിൽ കളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്[8][9]. എന്നൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് വേദി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് മാറ്റി[1].
2015 ഒക്ടോബർ 29 ന് സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിനു ശേഷം ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യയുടെ (ബിസിസിഐ) സെക്രട്ടറി 2018 ടൂർണമെന്റിന്റെ പതിപ്പ് ഇന്ത്യയിൽ നടക്കുമെന്ന് പ്രസ്താവിച്ചു[10]. 2017 എസിസി അണ്ടർ 19 ഏഷ്യാ കപ്പ് മലേഷ്യയിലേക്ക് മാറ്റിയതിനു ശേഷം, 2017 ഓഗസ്റ്റിൽ ബിസിസിഐ ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ സർക്കാർ അനുമതി തേടി. [11] പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അബുദാബിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2018 ഏപ്രിലിൽ അബുദാബിയിൽ ടൂർണമെന്റ് ആതിഥേയത്വം വഹിക്കുന്നത് പരിഗണിക്കുമോ എന്ന് ബിസിസിയോടും എസിസിയോടും ആവശ്യപ്പെട്ടു[12].
ടൂർണമെന്റിന് മുന്നോടിയായി 2018 ലെ എസിസി എമർജിംഗ് ടീമുകൾ ഏഷ്യാ കപ്പിന് ഏപ്രിലിൽ ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു[13]. എന്നാൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനത്തോടെ, എമർജിംഗ് ടീമുകൾ ഏഷ്യാ കപ്പ് 2018 ഡിസംബറിലേക്ക് മാറ്റുകയും, ശ്രീലങ്ക പാകിസ്ഥാനുമായി ടൂർണമെന്റിന്റെ സംയുക്ത ആതിഥേയത്വം വഹിക്കുകയും ചെയ്തു[1].
ടൂർണമെന്റിന്റെ മത്സരങ്ങളും ഫോർമാറ്റും 2018 ജൂലൈ 24 നാണ് പ്രഖ്യാപിച്ചത്, ആറ് ടീമുകളേയും മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു[14]. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകൾ ടൂർണമെന്റിന്റെ സൂപ്പർ ഫോർ വിഭാഗത്തിലേക്ക് മുന്നേറും. സൂപ്പർ ഫോർ വിഭാഗത്തിലെ മികച്ച രണ്ട് ടീമുകൾ ഫൈനൽ കളിക്കും. തുടക്കത്തിൽ തന്നെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയ ടീം അവരുടെ ആദ്യത്തെ സൂപ്പർ ഫോർ ഗെയിം അബുദാബിയിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഗ്രൂപ്പ് ഘട്ടത്തിൽ എത്രാമത് എത്തിയാലും ഇന്ത്യ ദുബായിൽ ആയിരിക്കും കളിക്കുക[15]. 2018 സെപ്റ്റംബർ 19 ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സൂപ്പർ ഫോർ വിഭാഗത്തിന്റെ ഷെഡ്യൂൾ പരിഷ്കരിച്ചു [16]. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ക്യാപ്റ്റൻമാർ എസിസിയുടെ പുതിയ ഷെഡ്യൂളിനെ വിമർശിച്ചിരുന്നു[17][18].
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ്, വഫദർ മൊമന്ദ്നെ പരിക്കു മൂലം അഫ്ഗാനിസ്താൻ ടീമിൽ നിന്നും ഒഴിവാക്കി പകരം യാമിൻ അഹ്മദ്സൈ ടീമിൽ പകരക്കാരനായി വന്നു, [25] കൂടാതെ മോമിനുൾ ഹഖിനെ ബംഗ്ലാദേശ് ടീമിൽ ചേർത്തു[26]. പരുക്കിനെത്തുടർന്ന് ദിനേശ് ചണ്ഡിമലിനെയും ദനുഷ്ക ഗുണതിലകയെയും ശ്രീലങ്ക ടീമിൽ നിന്ന് പുറത്തായി. അവർ യഥാക്രമം നിറോഷൻ ഡിക്ക്‌വെല്ലയ്ക്കും ശേഷൻ ജയസൂര്യയ്ക്കും വഴിമാറി[27][28]. ഓപ്പണിംഗ് മത്സരത്തിൽ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനാൽ ബംഗ്ലാദേശിന്റെ തമീം ഇക്ബാലിന് ടൂർണമെന്റിന്റെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനായില്ല[29].
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം അവസാനിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരെ പരിക്കുകളാൽ ടൂർണമെന്റിന്റെ തുടർ മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി. രവീന്ദ്ര ജഡേജ, ദീപക് ചഹാർ, സിദ്ധാർത്ഥ് കൗൾ എന്നിവരാണ് ഇവർക്ക് പകരമെത്തിയത്[30]. ടൂർണമെന്റിന്റെ സൂപ്പർ ഫോർ ഘട്ടത്തിൽ സൂമ്യ സർക്കാറിനെയും ഇമ്രുൽ കെയ്‌സിനെയും ബംഗ്ലാദേശ് അവരുടെ ടീമിൽ ഉൾപ്പെടുത്തി[31]. 2018 ജനുവരിയിൽ ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടയിലേറ്റ പരിക്കുമൂലം ബംഗ്ലാദേശിന്റെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ നിന്നും റൂർണമെന്റിൽ നിന്നും തന്നെ ഷാക്കിബ് അൽ ഹസന് പുറത്ത് പോകേണ്ടതായി വന്നു[32].
പതിമൂന്ന് മത്സരങ്ങൾക്കും ഐസിസി ഇനിപ്പറയുന്ന അമ്പയർമാരെയും മാച്ച് റഫറിമാരെയും നിയമിച്ചു. ഐസിസിയുടെ അന്താരഷ്ട്ര അമ്പയർ പാനലിൽ നിന്നും, ഏഷ്യാ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആറ് അമ്പയർമാരും നിഷ്പക്ഷ രാജ്യങ്ങളിൽ നിന്ന് നാലും പേരും ബാക്കി രണ്ട് പേർ ഐ.സി.സി. എലൈറ്റ് പാനൽ നിന്നുമാണ്[33].
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ്ശ്രീലങ്കയെ നേരിട്ടു[34]. 1995 ഏപ്രിലിനുശേഷം യുണൈറ്റഡ് അറബ് എമിറേറ്റിൽ 1995 ഏഷ്യാ കപ്പിൽപാകിസ്ഥാനെ നേരിട്ട ശേഷം ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്[35].
രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഗ്രൂപ്പ് ബിയിൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സൂപ്പർ ഫോർ വിഭാഗത്തിലേക്ക് മുന്നേറുകയും ചെയ്തു[36][37]. ഗ്രൂപ്പ് എയിൽ ഹോങ്കോങ്ങും അവരുടെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു, ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലേക്ക് മുന്നേറി[38].
സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഒമ്പത് വിക്കറ്റിനും ബംഗ്ലാദേശ് അഫ്ഗാനിസ്താനെ മൂന്ന് റൺസിനും പരാജയപ്പെടുത്തി. അങ്ങനെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യ മുന്നേറി, അഫ്ഗാനിസ്ഥാൻ പുറത്തുമായി. [40][41] അവസാന സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശ് 37 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി. [42]
ഇന്ത്യയുടെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ എംഎസ് ധോണിയ്ക്ക് ക്യാപ്റ്റന്റെ ചുമതൽ നൽകി, ഏകദിനത്തിൽ 200 തവണ ഇന്ത്യയെ നയിക്കുകയും, [43] ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി ധോണി മാറി. [44] ഈ മത്സരം ടൈയിലാണ് അവസാനിച്ചത്, ഏഷ്യാ കപ്പിൽ ആദ്യമായാണ് ഒരു മത്സരം ടാഇയിൽ കലാശിക്കുന്നത്. അതുപോലെ ആദ്യമായാണ് അഫ്ഗാനിസ്ഥാന്റെ ഒരു ഏകദിന മത്സരം ടൈ ആകുന്നതും.