അകനാനൂറ്

തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ. സംഘം കൃതി കളെ അകം, പുറം എന്ന് രണ്ടായി തിരിക്കാം. അകം കൃതികൾ ആത്മപരങ്ങളും പുറം കൃതികൾ വസ്തുപരങ്ങളും ആണ്.

പ്രാചീന തമിഴ് പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അകം എന്നത് പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികളെയാണ്‌. . വീരത്വം, ഔദാര്യം, കീർത്തി മുതലായ വിഷയങ്ങളെ 'പുറം' എന്നും പറയപ്പെടുന്നു. അകംപാട്ടുകളിലെ നായകൻ സങ്കല്പപാത്രങ്ങളാണ്. പുറംപാട്ടുകളില് നാടുവാഴുന്നവരുടെ ഗുണങ്ങളെ വാഴ്ത്തുകയാണ് പതിവ്. അതിനാൽതന്നെ അകംപാട്ടുകള് കവിസങ്കല്പങ്ങളായും പുറംപാട്ടുകള് വസ്തുസ്ഥിതികഥനങ്ങളായും പരിണമിക്കുന്നു. പ്രേമകഥ വിവരിക്കുമ്പോള് അതിന് അനുയോജ്യമായ സ്ഥലം, സമയം, പക്ഷി, മൃഗം, വൃക്ഷം, പൂവ് എന്നിങ്ങനെയുള്ളവയെ ഇണക്കി പാടുന്ന പതിവാണുള്ളത്. ജനഹൃദയങ്ങളില് മാത്രം ജീവിച്ച നാടോടിപ്പാട്ടുകളുടെ രീതിയും ഇതുതന്നെ. അവയിൽ നിന്നാണ് പുലവ(പണ്ഡിത)ന്മാര് അകംകൃതികളിലെ പ്രതിപാദനസമ്പ്രദായം കൈക്കൊണ്ടതെന്നു വിചാരിക്കാം. അങ്ങനെ അകംപാട്ടുകളിൽ പ്രകൃതിവർണന സുലഭമായിത്തീർന്നു. എങ്കിലും അവയുടെ പ്രധാനലക്ഷ്യം പ്രേമത്തെപ്പറ്റി പാടുക എന്നതുതന്നെയായിരുന്നു.

പ്രാചീന തമിഴ്കൃതികൾ പത്തുപ്പാട്ട്, എട്ടുത്തൊകൈ, പതിനെണ്കീഴ്കണക്ക് എന്നീ മൂന്നിനത്തിൽ അടങ്ങുന്നു. അവയുടെ എട്ടുത്തൊകൈനൂല്കളിൽ നറ്റിണൈ, അകനാനൂറ്, ഐങ്കുറുന്നൂറ്, കുറുന്തൊകൈ, കലിത്തൊകൈ എന്നിങ്ങനെ സമാഹാരഗ്രന്ഥങ്ങളാണ് അകംകൃതികൾ എന്ന പേരിൽ അറിയപ്പെടുന്നത്. അകം കവിതകളുടെ ഉപ വിഭാഗങ്ങൾ ഇവയാണ്.

ഉപവിഭാഗങ്ങൾ കവിതകൾ
അകനാനൂറ് 400 കവിതകൾ
നറ്റിണൈ 400 കവിതകൾ
കുറുന്തൊകൈ 401 കവിതകൾ
ഐങ്കുറുനൂറ് 500കവിതകൾ
കലിത്തൊകൈ 149കവിതകൾ
പരിപാടൽ 8 കവിതകൾ
പത്തുപാട്ട് 4കവിതകൾ

ഇവയെല്ലാം അകം കവിതകളെങ്കിലും ഒരു സമാഹാര ശീർഷകത്തിൽ മാത്രമേ 'അകം'മുദ്ര കലർന്നിട്ടുള്ളൂ. അതാണ് അകനാനൂറ്. നാനൂറ് ചെറു കവിതകൾ അടങ്ങുന്ന ഈ സഞ്ചയത്തിന്റെ സമാഹർത്താവ് രുദ്രശർമ്മാ ആണെന്ന് കരുതപ്പെടുന്നു. കവിതകൾക്കു പ്രത്യേകം ശീർഷകങ്ങളില്ല. തലക്കെട്ടായി പാലൈ, കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ തുടങ്ങിയ പ്രകൃതി ദൃശ്യങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു. 145 കവി ശ്രേഷ്ഠന്മാരാണ് ഇതിന്റെ രചയിതാക്കൾ

അകനാനൂറ്

[തിരുത്തുക]

13 മുതൽ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത്. ഇതിനു 'നെടുന്തൊകൈ' എന്നും പേരുണ്ട്. ഉപ്പൂരികുടികിഴാർമകൻ ഉരുത്തിര ചൻമൻ ആണ് സമാഹർത്താവ്; സമാഹരിപ്പിച്ചത് ഉക്കിരപ്പെരുവഴുതി എന്ന പാണ്ഡ്യരാജാവും. ഇതിൽ ആദ്യത്തെ 120 പാട്ടുകളെ 'കളിറ്റിയാനൈ നിരൈ' എന്നും 121 മുതൽ 300 വരെയുള്ള പാട്ടുകളെ 'മണിമിടൈ പവളം' എന്നും അവസാനത്തെ 100 പാട്ടുകളെ 'നിത്തിലക്കോവൈ' എന്നും പറയുന്നു.

ഇതിന്റെ പായിരം (പ്രശസ്തി) പാടിയത് 'ഇടൈയളനാട്ട് മണക്കുടിയാൻ പാൽവണ്ണതേവൻ' ആയ വില്ലവതരൈയൻ ആണ്. അദ്ദേഹത്തിന്റെ കാലം നിർണയിക്കപ്പെട്ടിട്ടില്ല. ഈ സമാഹാരഗ്രന്ഥത്തിലെ പാട്ടുകൾ രചിച്ച പുലവൻമാരുടെ എണ്ണം 145 ആണെന്ന് അദ്ദേഹം പറയുന്നു. തമിഴ് സാഹിത്യകാരന്മാർ മിക്കവരും ഇത് അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള പണ്ഡിതന്മാരുടെ പേരുകൾ കണക്കാക്കുമ്പോൾ അവരുടെ എണ്ണം 158 വരും. മൂന്നുപേരുടെ നാമധേയം നിശ്ചയമില്ല. കുറിഞ്ചി (മലവാരം), മുല്ലൈ (കാട്), മരുതം (വയലും കരയും), പാലൈ (മഴയില്ലാത്തിടം), നെയ്തൽ (സമുദ്രതീരം) എന്നീ അഞ്ചു തിണൈകളെ സംബന്ധിച്ച ഈ പാട്ടുകളുടെ ക്രമീകരണം പ്രത്യേകം ശ്രദ്ധാർഹമാണ്. ഒറ്റ എണ്ണമായിട്ടുള്ളവ പാലൈപ്പാട്ടുകളാണ്; 10, 20, 30 എന്ന സംഖ്യയുള്ളവ നെയ്തൽപാട്ടുകൾ; 4, 14, 24 എന്നിങ്ങനെ ഒടുവിൽ 4 വരുന്നവ മുല്ലൈപ്പാട്ടുകൾ; 2, 8, 12, 18 എന്നിപ്രകാരം 2, 8 ഒടുവിലുള്ളവ കുറിഞ്ചിത്തിണൈയിൽ ഉൾപ്പെടും; 6 ഒടുവിൽ വരുന്നവ (6, 16, 26, 36 മുതലായവ) മരുതം സംബന്ധിച്ചവയാണ്. ഇങ്ങനെയൊരു സമ്പ്രദായം മറ്റൊന്നിലും കാൺമാനില്ല.

അകനാനൂറിലെ പാട്ടുകളിൽ 80 എണ്ണം കുറിഞ്ചിയെപ്പറ്റിയുള്ളവയാകുന്നു; പാലൈ സംബന്ധിച്ച 200; മുല്ലൈപ്പാട്ടുകൾ 40; മരുതം സംബന്ധിച്ചവ 40; നെയ്തൽ പാട്ടുകൾ 40. ഇവയിൽ കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നീ അഞ്ചുവക പ്രദേശങ്ങളുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്.

പുണർതൽ (സംഭോഗം), പിരിതൽ (വിരഹം), ഇരുത്തൽ (സ്ഥിതി), ഊടൽ (പ്രണയകലഹം), ഇരങ്കൽ (വ്യസനം) എന്നീ അഞ്ചുവക ഒഴുക്കങ്ങൾ (നടപടികൾ) ഉചിതമായ ഉപമകളിണക്കി ഇതിൽ വിവരിച്ചിരിക്കുന്നു.

അന്തിയിളം കീരനാർ മുതൽ വേമ്പറ്റൂർ കുമരനാർ വരെ 158 പുലവരാണ് അകനാനൂറിലെ പാട്ടുകൾ രചിച്ചിരിക്കുന്നത്. അവരിൽ സ്ത്രീകളുമുണ്ട്.

നന്ദൻമാർ (മഗധം), മൗര്യാക്രമണം, ഉതിയൻചേരൻ, ചേരലാതൻ, മാന്തരംപൊറൈയൻ, കടുംകോ, ഉതിയൻ, കോതൈമാർവൻ, തിത്തൻ, കരികാലൻ, കിള്ളിവളവൻ, ആലങ്കാനത്തുചെഴിയൻ, പശുംപൂൺ പാണ്ഡ്യൻ, പഴയൻ മാറൻ എന്നിങ്ങനെ സംഭവങ്ങളും രാജാക്കന്മാരും ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. മുൻപറഞ്ഞ ചേരചോളപാണ്ഡ്യരാജാക്കന്മാർക്കു പുറമേ അനേകം സാമന്തൻമാരുടെ പേരുകളും ഈ ഗാനങ്ങളിൽ കാണാം. ബാണന്മാർ, ഗംഗന്മാർ, തിരൈയന്മാർ മുതലായവരെയും പണ്ടത്തെ ഗ്രാമഭരണം, വിവാഹരീതികൾ, മതസ്ഥാപനങ്ങൾ, സംസ്കാരം, പുരാണകഥകൾ എന്നിവയെയും ഇതിൽ വിവരിച്ചിട്ടുണ്ട്.

അകനാനൂറിന്റെ കാലം

[തിരുത്തുക]

ആദിമ സംഘം,മദ്ധ്യമ സംഘം,അന്തിമസംഘം എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി മൂന്നു തമിഴ് സംഘങ്ങൾ പുരാതന കാലത്തുണ്ടായിരുന്നു.ഇവയിൽ ആദ്യത്തെ സംഘം പാണ്ഡേശ്വരന്മാരുടെ മേൽനോട്ടത്തിൽ ദക്ഷിണമധുരയിൽ 4400കൊല്ലക്കാലം നിലവിലുണ്ടായിരുന്നു.സാഹിത്യം.സംഗീതം,നാടകം എന്നീ ശാഖകളിൽപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ ഇക്കാലത്തു രചിക്കപ്പെട്ടു.ഈവക ഗ്രന്ഥങ്ങളും സംഘത്തിന്റെ ആസ്ഥാനമായ ദക്ഷിണ മധുരയും കടുങ്കോന്റെ കാലത്ത് കടലെടുത്തുപോയി.പിന്നീട് 3700 സംവത്സരക്കാലം നിലനിന്നുവന്ന മദ്ധ്യമ സംഘം പാണ്ഡ്യ രാജധാനിയായ കപാടപുരത്തില്ണ് പ്രവർത്തിച്ചു വന്നിരുന്നത്.ഇതും കടലെടുക്കപ്പെട്ടു.അവസാനത്തേതായ അന്തിമസംഘം (കടൈച്ചങ് കം)മധുരാപുരിയിലാണു പ്രവർത്തിച്ചിരുന്നത്.ക്രി.പി.മൂന്നാം നൂറ്റാണ്ടിന്നിടയ്ക്കു വച്ച്ശത്രുക്കളുടെ പടയോട്ടത്തിൽ ഇതു നാമാവശേഷമായി തീർന്നു.

നറ്റിണൈ

[തിരുത്തുക]

9 മുതൽ 12 വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത്. പന്നാറു തന്തമാറൻ വഴുതിയുടെ ആജ്ഞപ്രകാരമാണ് ഈ പാട്ടുകൾ സമാഹരിച്ചത്. സമാഹർത്താവ് ആരെന്ന് വ്യക്തമായിട്ടില്ല. സംഘകാലത്തിന്റെ അന്ത്യദശയിലാണ് ഇത് സമാഹരിക്കപ്പെട്ടതെന്നു കാണുന്നു. അകംകൃതികളിൽ പ്രാധാന്യമേറിയതാണ് ഈ കൃതി. 187 പുലവന്മാർ പാടിയ പാട്ടുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. തഞ്ചാവൂർ ശ്രീനിവാസപിള്ളയും എസ്. വൈയാപുരിപ്പിള്ളയും 175 പുലവന്മാരാണ് നറ്റിണൈ ഗാനങ്ങൾ പാടിയതെന്ന അഭിപ്രായക്കാരാണ്. അവരുടെ പട്ടിക പരിശോധിച്ചാൽ, രാജാവിൽ നിന്ന് 'കാവിതി'പ്പട്ടം നേടിയ വണിക് പ്രമുഖന്മാരും ധാന്യവ്യാപാരികളും ആചാര്യന്മാരും കുറത്തിമാരും കൊല്ലൻ തുടങ്ങിയ തൊഴിലാളികളും അക്കാലത്ത് നല്ല പാണ്ഡിത്യമുള്ളവരായിരുന്നുവെന്ന് തെളിയുന്നു. ചേരചോള പാണ്ഡ്യന്മാരുടെ പൊതുപേരുകളാണ് ഇതിൽ ഉൾ പ്പെടുത്തിയിരിക്കുന്നത്. രാജാക്കന്മാർ തങ്ങളുടെ കർത്തവ്യം ശരിക്കു നിര്വഹിച്ചാൽ അവരുടെ ഭരണം സന്തുഷ്ടി നല്കുന്ന തണലിനു സദൃശമായിരിക്കും എന്ന ആദർശം മുൻനിർത്തി ചോളന്മാർ, ധർമത്തിന് ലോപം വരാത്തവിധം നീതി നടത്തിവന്നു. കുറിഞ്ചിനിലങ്ങളിൽ ദേശകാവൽ ഏർ ‍പ്പെടുത്തിയിരുന്നു. കാവലാളന്മാർ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കുറിഞ്ചിനിലരാഗം പാടി കാവൽ നിർവഹിച്ചിരുന്നു. നെയ്തൽ നിലങ്ങളിലെ കാവൽക്കാർ യാമംതോറും ജനങ്ങളെ മണിയടിച്ചുണർത്തി വാതിലടച്ചു സശ്രദ്ധരായിരിക്കാൻ ഉദ്ബോധിപ്പിച്ചിരുന്നു. സജ്ജനങ്ങളുടെ ഊരും പേരും എഴുതി പൊതുസ്ഥലങ്ങളിൽ വച്ചിരുന്നു. അയൽ, പരതൻ മുതലായവരുടെ പ്രത്യേകതകളും തൊണ്ടി, കൊർക്കൈ, മാന്തൈ, കാണ്ടവായിൽ, കൂടൽ, കിടങ്കിൽ, ചായ്ക്കാട്, പൊറൈയാട്, മരുങ്കൂർപ്പട്ടിനം, മുള്ളൂർ, വെണ്ണി മുതലായ പ്രാചീന നഗരങ്ങളുടെ നാമങ്ങളും ഇവയിലുണ്ട്. ഇവയിൽ ചിലതിന്റെ രൂപാന്തരങ്ങൾ ഇന്നും കേരളത്തിൽ നിലനിൽക്കുന്നു. അക്കാലത്തെ വേഷവിധാനങ്ങൾ, വാണിജ്യരീതി, കലകൾ, ചികിത്സാവിധി, മതം മുതലായവയെപ്പറ്റി പലതും ഇതിൽ നിന്നു ഗ്രഹിക്കാം. അന്നത്തെ സംസ്കാരത്തിന്റെ സ്വഭാവമറിയാൻ ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടുന്നു.

ഐങ്കുറുനൂറ്

[തിരുത്തുക]

3 മുതൽ 6 വരെ വരികളുള്ള 500 പാട്ടുകളുടെ സമാഹാരമാണിത്. മരുതം, നെയ്തൽ, കുറിഞ്ചി, പാലൈ, മുല്ലൈ എന്നീ 5 'ഒഴുക്ക'ങ്ങളിൽ ഓരോന്നിനെയും കുറിച്ച് 100 വീതം ചെറിയ പാട്ടുകൾ ഇതിലുണ്ട്; അതാണ് ഇതിന് ഈ പേരു വരാൻ കാരണം. ഇതു സമാഹരിച്ചത് പുലത്തുറൈമുറ്റിയ കൂടലൂർ കീഴാർ ആണ്. യാനൈകട്ചേയ്മാന്തഞ്ചേരൽ ഇരുമ്പൊറൈ ഇവ പ്രസാധനം ചെയ്തു. ഈ രാജാവിന്റെ ചരമത്തെപ്പറ്റി വിലപിച്ച് കൂടലൂർ കീഴാർ പാടിയ ഗാനം പുറനാനൂറിൽ (220) കാണാം. ആ സ്ഥിതിക്ക് പുറനാനൂറ് സമാഹരിക്കപ്പെടുന്നതിനുമുമ്പ് ഈ ചേരരാജാവിന്റെ കാലത്ത് ഐങ്കുറുനൂറ് പ്രകാശനം ചെയ്യപ്പെട്ടുവെന്ന് കരുതാം. മരുതം പാടിയ ഓരംപോകിയാർ ആതൻ എന്ന ചേരരാജാവിനെയും അദ്ദേഹത്തിന്റെ വംശജനായ അവിനിയെയും തന്റെ ഗാനങ്ങളിൽ വാഴ്ത്തിയിരിക്കുന്നതുകൊണ്ട് ആ കവി അവിനിയുടെ സമകാലികനാണെന്ന് വിചാരിക്കാം. അദ്ദേഹം അക്കാലത്ത് ജീവിച്ചിരുന്ന ചോളപാണ്ഡ്യരാജാക്കന്മാരെയും ചില സാമന്തന്മാരെയും ആശ്രയിച്ചിരുന്നതായി കാണുന്നു. നെയ്തൽ പാടിയ അമ്മൂവനാർ ചേരനാട്ടിലെ സമുദ്രതീരനഗരങ്ങളായ തൊണ്ടിയെയും മാന്തയെയും ഭംഗിയായി വർണിച്ചിട്ടുണ്ട്. കപിലർ കുറിഞ്ചിത്തിണയെപ്പറ്റി പാടുന്നതിൽ വിദഗ്ദ്ധനാണ്. ഓതൽ ആന്തയാർ പാരിയെപ്പറ്റി പാടിയിരിക്കുന്നു. മാതൽ അഥവാ ഓതല്ലൂർ കുട്ടനാട്ടിലെ ഒരു സ്ഥലമാണ്. മുല്ലയെപ്പറ്റി പാടിയ പേയനാർ നല്ലൊരു പണ്ഡിതനായിരുന്നു. (ചേരനാട്ടിൽ ചിറയ്ക്കലിനു സമീപമുള്ള 'പൈയനൂർ' -- പയ്യന്നൂർ -- മുമ്പു പേയന്നൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.)

ആതൻ, അവിനി, കുട്ടുവൻ എന്നീ ചേരരാജാക്കന്മാരും കടുമാൻകിള്ളി എന്ന ചോളരാജാവും തെന്നവൻ, തേർവൺകോമാൻ, കൊർക്കൈക്കോമൻ എന്നീ നാമങ്ങളുള്ള പാണ്ഡ്യരാജാവും ഇതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ പല ആചാരങ്ങളും വിശ്വാസങ്ങളും മറ്റു പല സാമൂഹിക പ്രത്യേകതകളും ഇതിൽ നിഴലിക്കുന്നു.

ഇതിൽ 4 മുതൽ 8 വരെ വരികളുള്ള 400 പാട്ടുകളുണ്ട്. പൂരിക്കോ ആണ് സമാഹർത്താവ്. സമാഹരണത്തിന് പ്രേരണ നൽകിയത് ആരാണെന്ന് വ്യക്തമല്ല. ഐങ്കുറുനൂറും ഇതും ഒരേ കാലത്ത് സമാഹരിക്കപ്പെട്ടിരിക്കണം. കുറുന്തൊകൈ പാടിയ പുലവൻമാർ 203 പേരാണ്. ഇവരിൽ ചേരരാജാക്കന്മാരും ചോളന്മാരും പാണ്ഡ്യന്മാരും ഉൾപ്പെടുന്നു. ചില ഉദ്യോഗസ്ഥന്മാരും പുലവൻമാരുടെ പരിഗണനയിൽ വരുന്നു. ഒരു സൈന്യാധിപനും അതിലുണ്ട്. വിഭിന്നവൃത്തികളിൽ ഏർപ്പെട്ടിരുന്ന പലരേയും ഇക്കൂട്ടത്തിൽ കാണാം. സ്ത്രീകളും അപൂർവമല്ല.

അന്നത്തെ നഗരസംവിധാനം, വാർത്താവിതരണം, ഈശ്വരാരാധന, ശില്പവിദ്യ, കുറിഞ്ചിനിലത്തിന്റെ പ്രത്യേകതകൾ, കർമപദ്ധതി മുതലായവയെല്ലാം ഇതിൽനിന്നറിയാം.

കലിത്തൊകൈ

[തിരുത്തുക]

ഇതിലുള്ള പാലൈയെ പെരുങ്കടുങ്കോനും കുറിഞ്ചിയെ കപിലരും മരുതത്തെ മരുതൻ ഇളനാകനും മുല്ലയെ ചോഴൻ നല്ലുരിത്തിരനും നെയ്തലിനെ നല്ലന്തുവനും പാടി യെന്ന് ഒരു വെൺപാ വ്യക്തമാക്കുന്നു. ഈ വെൺപാ പില്ക്കാല സൃഷ്ടിയാണെന്നും കലിത്തൊകൈയുടെ പഴയ കൈയെഴുത്തു പ്രതികളിൽ ഇത് കാണുന്നില്ലെന്നും ഇതിന്റെ കർത്താവ് നല്ലന്തുവനാർ മാത്രമാണെന്നും ചില ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു.

ഇതേവരെ പറഞ്ഞ അകംകൃതികളിൽനിന്നും വിഭിന്നമാണ് കലിത്തൊകൈ. ഇത് 'കലിപ്പാ' വൃത്തത്തിൽ വിരചിതമാണ്. ഇതിലെ പാട്ടുകളിൽ ചിലതിന് 80 വരികൾ ഉണ്ട്. തൊൽകാപ്പിയർ പൊരുളിയലിൽ വിധിച്ചിട്ടുള്ളവിധം നിർമ്മിക്കപ്പെട്ടവയാണ് ഇവ. അതുകൊണ്ട് ഇതിൽ കൈക്കിളൈ, പെരുന്തിണൈ, മടലേറുതൽ, ഹീനൻമാരുടെ പ്രണയം എന്നിവ സംബന്ധിച്ച ഗാനങ്ങൾ കൂടുതലായുണ്ട്. ഇതിന്റെ രീതി അത്ര മേന്മയുള്ളതല്ല. മറ്റ് അകംകൃതികളിലെപ്പോലെ പ്രശസ്തരായ അനേകം രാജാക്കന്മാർക്കും മഹാനഗരങ്ങൾക്കും മലകൾക്കും നദികൾക്കും ഇതിൽ സ്ഥാനമില്ല. പാണ്ഡ്യരാജാക്കന്മാരും മധുര, പൊതിയിൽ എന്നീ പട്ടണങ്ങളും വൈഗാനദിയും മാത്രമാണ് ഇതിൽ വർണ്യവിഷയമായിട്ടുള്ളത്. ചേരചോള രാജാക്കന്മാരുടെയോ അവരുടെ നഗരങ്ങളെയോ പറ്റി യാതൊന്നും ഇതിൽ കാണാനില്ല. പുരാണകഥകൾ ഒട്ടേറെ ഇതിൽ സ്ഥലംപിടിച്ചിട്ടുണ്ട്. ഇത് ഒറ്റ വ്യക്തിയുടെ കൃതിയാണെന്നും അതല്ല, അഞ്ചുപേരുടെ കൃതിയാണെന്നും അഭിപ്രായഭേദങ്ങൾ നിലവിലുണ്ട്. സംഘകാലത്തിന്റെ അവസാന ഘട്ടത്തിലുണ്ടായതെന്ന് പറയപ്പെടുന്ന ഈ കൃതിയിൽ ഹിന്ദുമതസ്വാധീനം മറ്റു സംഘകാലകൃതികളെ അപേക്ഷിച്ച് കൂടുതലായി കാണുന്നു.

അവലംബം

[തിരുത്തുക]

അകനാനൂറ് - വിവ:നെന്മാറ പി.വിശ്വനാഥൻ നായർ,കേരള സാഹിത്യ അക്കാദമി

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകംകൃതികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.