ഉത്തരേന്ത്യയിലെ വൈശ്യ സമുദായമാണ് അഗ്രവാൾ. ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അഗ്രവാൾ സമുദായത്തിൽപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്നത്. ഇവരുടെ സാമൂഹികാചാര മര്യാദകൾ ഒട്ടു മുക്കാലും ക്ഷത്രിയരുടേതു പോലെയാണ്. മുഗൾ ചക്രവർത്തിമാരുടെ ഭരണ കാലത്ത് കൊട്ടാരങ്ങളിൽ ചന്ദനത്തിരി (അഗർബത്തി) കത്തിച്ചു വയ്ക്കുന്നതിന് നിയുക്തരായിരുന്ന ജീവനക്കാരെ അഗർവാല (ചന്ദനക്കാരൻ) എന്നു വിളിച്ചു പോന്നിരുന്നുവെന്നും ഈ പദം ലുപ്തമായി അഗ്രവാൾ ആയിത്തീർന്നുവെന്നുമാണ് ഐതിഹ്യം. ആദ്യ കാലത്ത് ഇവർ കായസ്ഥ വിഭാഗത്തിൽ പെട്ടവരായിരുന്നു. പിൽക്കാലത്ത് ഈ തൊഴിലിൽ ഏർപ്പെട്ടവർ എല്ലാം അഗ്രവാൾമാരായി തീർന്നു. അഗർവാൾ എന്നും ഈ പദത്തിന് പ്രയോഗ ഭേദമുണ്ട്.