8°39′45″N 76°45′52″E / 8.66250°N 76.76444°E
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്[1] .
ചതുരാകൃതിയിലാണ് അഞ്ചുതെങ്ങ് കോട്ടയുടെ നിർമ്മാണം. ശിലാഫലകങ്ങളോടുകൂടിയ ധാരാളം കല്ലറകൾ കോട്ടയോട് ചേർന്നുണ്ടായിരുന്നു. അവയിൽ ഏറ്റവും പഴയത് 1704 ൽ നിർമ്മിച്ചതാണ്. ഒരു ഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘അഞ്ചുതെങ്ങിലെ കമാണ്ടറായ ജോൺ ബാബോണിന്റെ പത്നി ഡി ബോക്ക് ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു.’ അവരുടെ ജനനതീയതി 1678 നവംബർ 4 എന്നും മരണ ദിവസം 1704 എന്നും രേഖപ്പെടുത്തിയിരിക്കുന്നു.[2]
കേരളത്തിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ഒരു സംഘടിത കലാപം ഉണ്ടായതു ഈ കോട്ട കേന്ദ്രീകരിച്ചായിരുന്നു. 1721 ൽ രാജ്ഞിയെ കാണാൻ പോയ ഒരു സംഘം ബ്രിട്ടീഷുകാരെ നാട്ടു പ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് ആറു മാസത്തോളം കോട്ട ഉപരോധിക്കുകയും ചെയ്തു. തലശ്ശേരിയിൽ നിന്ന് കൂടുതൽ സേന എത്തിയാണ് കലാപം അടിച്ചമർത്തിയത്. വേലുത്തമ്പിയുടെ കാലത്ത് ബ്രിട്ടീഷുകാർക്ക് എതിരെ നടന്ന കലാപത്തിലും കലാപകാരികൾ ഈ കോട്ട ഉപരോധിച്ചിരുന്നു. 1810 ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന മെക്കാളെ കോട്ട തിരിച്ചു പിടിക്കുകയും 1813 ഓടെ കോട്ടയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് കോട്ടയും പ്രദേശവും തിരുവിതാംകൂർ രാജ്യത്തോട് ചേർക്കപ്പെട്ടു. 1921 മുതൽ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് കോട്ട.
ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. [3] ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. [4] ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. [5]
ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ കോട്ടയോട് ചേർന്ന് ഒരു പള്ളിയും പള്ളിക്കൂടവും പ്രവർത്തിച്ചുവരുന്നു.
{{cite news}}
: |first=
missing |last=
(help)