ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
ഹൈന്ദവഗ്രന്ഥങ്ങൾ |
---|
ഹിന്ദുമതം കവാടം |
വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പിൽക്കാലത്തുണ്ടായ ഒരു പുനരാഖ്യാനനമാണ് അധ്യാത്മരാമായണം.[1] ശ്രീരാമനെ പരമാത്മാവിന്റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാൻ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള രാമഗീത, ലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്റെ ദിവ്യകഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു. വാല്മീകിരാമായണത്തിന്റെ അനുബന്ധങ്ങളോ തുടർച്ചകളോ രൂപഭേദങ്ങളോ വിവർത്തനങ്ങളോ ആയി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള
തുടങ്ങിയ രാമേതിഹാസങ്ങളിൽ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.
അധ്യാത്മരാമായണത്തിന്റെ രചയിതാവ് ആരാണെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. പതിനെട്ടു പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ[5] ഒരു ഭാഗമാണിതെന്ന് പരക്കെ ഒരു വിശ്വാസമുള്ളതിന് സാർവത്രികമായ സമ്മതിയോ അംഗീകാരമോ ലഭിച്ചിട്ടില്ല. ഈ വിശ്വാസത്തിന് ബാധകമായും സാധകമായും പണ്ഡിതന്മാർ പല തെളിവുകളും ഹാജരാക്കിക്കൊണ്ടുതന്നെയിരിക്കുന്നു. വരരുചി മഹർഷിയാണ് ഇതെഴുതിയതെന്ന വാദം ഇതിന്റെ കർതൃത്വം ദിവ്യൻമാരിലാരോപിച്ച് ഗ്രന്ഥത്തിന്റെ പാവനത്വം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലം മാത്രമാണെന്നാണ് മിക്ക ഭാഷാസാഹിത്യചരിത്രകാരന്മാരുടേയും അഭിപ്രായം.[6] അധ്യാത്മരാമായണത്തിന്റെ ദിവ്യത്വത്തെ പർവതീകരിച്ച് കാണിക്കാൻ ഇതിൽ തന്നെ രചയിതാവ് വേറെയും ചില ഉപാധികൾ സ്വീകരിച്ചിട്ടുണ്ട്. രാമായണകഥ പാർവതിക്ക് പരമേശ്വരൻ പറഞ്ഞുകൊടുത്തതാണെന്ന പ്രസ്താവത്തോടുകൂടി ബ്രഹ്മാവ് നാരദന് നൽകിയ ഉമാമഹേശ്വരസംവാദം, അതിന്റെ പുനരാഖ്യാനമെന്ന നിലയിൽ നൈമിശാരണ്യത്തിൽവച്ച് സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചതാണെന്നും, അതുകൊണ്ടാണ് വേദവ്യാസൻ ഇത് ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തിയതെന്നും ഈ കൃതിയിൽ തന്നെ പറഞ്ഞിരിക്കുന്നത് മേല്പറഞ്ഞ വാദത്തിന് ഉപോദ്ബലകമാണ്. ശൃംഗിവേരപുരത്തിലെ ഒരു രാമവർമരാജാവ് അധ്യാത്മരാമായണത്തിന് രചിച്ച സേതു എന്ന വ്യാഖ്യാനത്തിൽ, രാമന്റെ ഈശ്വരത്വത്തെ വാല്മീകി സ്പഷ്ടമായി കാണിക്കാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു രാമായണപുനഃസൃഷ്ടി വേണ്ടിവന്നത് എന്ന സൂചന നൽകിയിട്ടുണ്ട്.
ഭാരതീയ ദർശനങ്ങളുടെ വളർച്ചയേയും ഭാഷാചരിത്രപരമായ പ്രത്യേകതകളേയും കണക്കിലെടുത്തുകൊണ്ട്, അധ്യാത്മരാമായണത്തിന്റെ രചന എ.ഡി. 14-ആം നൂറ്റാണ്ടിനടുപ്പിച്ചാണെന്ന നിഗമനത്തിലാണ് പണ്ഡിതന്മാർ ചെന്നെത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തിലെ ഒരു സിദ്ധനും കവിയുമായിരുന്ന ഏകനാഥൻ (1548-98) വളരെ അടുത്ത കാലത്താണ് ഈ കൃതിയുടെ രചന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാമനും കൃഷ്ണനും അഭിന്നത്വം കല്പിക്കുന്ന ഒരു പ്രവണത അധ്യാത്മരാമായണത്തിൽ ചിലയിടത്ത് കാണുന്നു.
വൃന്ദാരണ്യേ വന്ദിത വൃന്ദാകര വൃന്ദം,
വന്ദേരാമം ഭവ മുഖവന്ദ്യം സുഖകന്ദം [7].
കബീർ (1440-1518), മീരാബായി (1450-1547), തുളസീദാസ് (1527-1623) തുടങ്ങിയവരുടെ ആരാധനാപാത്രമായിരുന്ന രാമാനന്ദൻ (1360-1470) എന്ന വൈഷ്ണവസന്ന്യാസിയാണ് രാമനിൽ കൃഷ്ണത്വവും കൃഷ്ണനിൽ രാമത്വവും ആരോപിക്കുന്ന ഭക്തിപ്രസ്ഥാനത്തിന്റെ ജനയിതാവെന്നുള്ളതും പ്രത്യേക ശ്രദ്ധയർഹിക്കുന്ന ഒരു കാര്യമാണ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അധ്യാത്മരാമായണത്തിന് 14-ആം നൂറ്റാണ്ടിനെക്കാൾ പ്രാചീനത്വം നകാൻ പണ്ഡിതന്മാർ വൈമുഖ്യം കാണിക്കുന്നു.
മാഹാത്മ്യസർഗം ഉൾപ്പെടെ ആകെ 65 സർഗങ്ങളാണ് അധ്യാത്മരാമായണത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ കാവ്യഗുണം തികഞ്ഞ നാലായിരത്തിലേറെ പദ്യങ്ങളുണ്ട്. കഥാനായകനായ രാമൻ വിഷ്ണുവിന്റെ അവതാരമാണ്. എന്നാൽ, വനവാസത്തിൽ, തന്നെ അനുഗമിക്കാനൊരുങ്ങുന്ന സീതയോട് മാ വിഘ്നം കുരു ഭാമിനി എന്നു പറയുന്നിടത്തും മറ്റും രാമൻ കേവലം ഒരു മനുഷ്യനാണ്. യുദ്ധത്തിന് പുറപ്പെടുന്ന രാവണൻ മണ്ഡോദരിയോട് വിടവാങ്ങുന്നത് ജാനാമി രാഘവം വിഷ്ണും എന്നു പറഞ്ഞുകൊണ്ടാണ്. കവിതയിൽ സന്ദർഭം സൃഷ്ടിച്ചും ജീവാത്മപരമാത്മഭാവങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുമാണ് ഗ്രന്ഥകാരൻ മുന്നോട്ടുപോകുന്നതെന്നതിന്, വനസഞ്ചാരത്തിൽ രാമലക്ഷ്മണമധ്യഗയായ സീത ജീവാത്മപരമാത്മാക്കൾക്ക് മധ്യസ്ഥയായ മഹാമായയാണ് എന്നു പറഞ്ഞിരിക്കുന്നതുതന്നെ തെളിവാണ്.
അഗ്രേയാസ്യാമ്യഹം, പശ്ചാത്-
ത്വമന്വേഹി ധനുർധരഃ-
ആവയോർമധ്യഗാ സീതാ-
മായേവാത്മ പരമാത്മനോ
സീതയെ മോഷ്ടിച്ചുകൊണ്ടുപോകുന്ന രാവണൻ (ശുനകോമന്ത്രപൂതംത്വം പുരോഡാശമിവാധ്വരേ-അധ്വരത്തിങ്കൽനിന്ന് ശുനകൻ മന്ത്രംകൊണ്ടു ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ-) പട്ടിയെപ്പോലെയാണെന്നാണ് ജടായു ഭർത്സിക്കുന്നത്. ഇങ്ങനെ സാംഗോപാംഗമുള്ള ആധ്യാത്മിക തത്ത്വോന്നയനം കൊണ്ട് ഭാവബന്ധുരമായ ഒരു ഉത്കൃഷ്ടകൃതിയായി അധ്യാത്മരാമായണം സമാദരിക്കപ്പെടുന്നു. സീതാദേവി രാമനെപ്പറ്റി പറയുന്ന
രാമം വിദ്ധി പരം ബ്രഹ്മ
സച്ചിദാനന്ദമദ്വയം
സർവോപാധിവിനിർമുക്തം
സത്താമാത്രമഗോചരം.
എന്ന ഭാഗവും, തന്നെപ്പറ്റി പറയുന്ന
മാം വിദ്ധി മൂല പ്രകൃതിം
സർഗസ്ഥിത്യന്തകാരിണീം
തസ്യ സന്നിധിമാത്രേണ
സൃജാമീദമതന്ത്രിതം
തത്സാന്നിധ്യാൻമയാ സൃഷ്ടം
തസ്മിന്നാരോപ്യതേ ബുധൈഃ
എന്ന ഭാഗവും രാമകഥാവതരണത്തിൽ കവിക്ക് മാർഗദർശനം ചെയ്ത ആധ്യാത്മികപശ്ചാത്തലത്തിന്റെ മർമപ്രധാനമായ ഭാവങ്ങൾ ഉൾക്കൊള്ളുന്നു.
ഉത്തരകാണ്ഡം ഉൾപ്പെടെ 7 കാണ്ഡങ്ങളും 76 സർഗങ്ങളും 4250 ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. വിവരണം ചുവടെ. ബാലകാണ്ഡം 7 സർഗം 391 ശ്ലോകങ്ങൾ അയോദ്ധ്യാകാണ്ഡം 9 സർഗം 730 ശ്ലോകങ്ങൾ ആരണ്യകാണ്ഡം 10 സർഗം 516 ശ്ലോകങ്ങൾ കിഷ്കിന്ധാകാണ്ഡം 9 സർഗം 560 ശ്ലോകങ്ങൾ സുന്ദരകാണ്ഡം 5 സർഗം 327 ശ്ലോകങ്ങൾ യുദ്ധകാണ്ഡം 16 സർഗം 1115 ശ്ലോകങ്ങൾ ഉത്തരകാണ്ഡം 9 സർഗം 611 ശ്ലോകങ്ങൾ.
പ്രധാന കഥാപ്രവാഹത്തിന്റെ ഗതിയിൽതന്നെയുള്ളതായാലും ആധ്യാത്മികതത്ത്വങ്ങൾ പ്രകാശിപ്പിക്കാനുള്ള അവസരമൊന്നും കവി കൈവിട്ടുകളഞ്ഞിട്ടില്ല. ബാലകാണ്ഡത്തിൽ കൌസല്യ, അഹല്യ, പരശുരാമൻ എന്നിവരുടെയും, അയോധ്യാകാണ്ഡത്തിൽ നാരദന്റെയും, ആരണ്യത്തിൽ അഗസ്ത്യന്റെയും, കിഷ്കിന്ധയിൽ സുഗ്രീവന്റെയും, യുദ്ധത്തിൽ വിഭീഷണന്റെയും സ്തുതികളും, ലക്ഷ്മണോപദേശം, താരോപദേശം, കൌസല്യോപദേശം തുടങ്ങിയ ആധ്യാത്മികോദ്ബോധനങ്ങളും, ഉത്തരകാണ്ഡത്തിലെ രാമഗീത, രാമഹൃദയം, രാമോപനിഷത്ത് തുടങ്ങിയ ഭാഗങ്ങളും, ഈ കൃതിയുടെ പര്യായങ്ങളായി ഇതിൽ തന്നെ ഉപയോഗിച്ചിട്ടുള്ള അധിരാമസംഹിത, അധ്യാത്മചരിതം, പുരാണോത്തമം തുടങ്ങിയ സവിശേഷശൈലികളും രാമകഥയിൽ കവി ബോധപൂർവം സന്നിവേശിപ്പിക്കാൻ വിജയകരമായി ശ്രമിച്ച പല വിശിഷ്ടാശയങ്ങളെയും വിളിച്ചോതുന്നു.
വാല്മീകിരാമായണം, അധ്യാത്മരാമായണ കർത്താവിന് നല്ലപോലെ പരിചിതമായിരുന്നുവെന്നതിനു തർക്കമില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ സാധൂകരിക്കാനും സ്ഥിരീകരിക്കാനും വിശദാംശങ്ങളിൽ പല പുതിയ കല്പനകളും സംവിധാനങ്ങളും അധ്യാത്മരാമായണകവി കൈക്കൊണ്ടിട്ടുണ്ട്. അയോധ്യാകാണ്ഡത്തിൽ നാരദൻ രാമനെ സന്ദർശിക്കുന്നതും അദ്ദേഹത്തിന്റെ ജനനോദ്ദേശ്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും തുടർന്ന് രാമൻ വനവാസപ്രതിജ്ഞ ചെയ്യുന്നതും അവതാരകഥയ്ക്ക് ശക്തി വർധിപ്പിക്കാൻ അധ്യാത്മരാമായണകാരൻ കൂട്ടിച്ചേർത്തതാണ്. വസിഷ്ഠൻ രാമന്റെ അവതാരമഹത്ത്വത്തെപ്പറ്റി ഭരതനെ ഉദ്ബോധിപ്പിക്കുന്ന ഭാഗം വാല്മീകിരാമായണത്തിലില്ല. രാമനെ, വിഷ്ണുവാണെന്നു മനസ്സിലാക്കി കൈകേയി കാട്ടിൽ പോയി രാമനോട് മാപ്പു ചോദിക്കുന്ന ഭാഗം-ഇത് എഴുത്തച്ഛൻ വിട്ടുകളഞ്ഞിരിക്കുന്നു-അധ്യാത്മരാമായണത്തിലെ മറ്റൊരു മൌലിക സൃഷ്ടിയാണ്. അതുപോലെതന്നെയാണ് രാവണന് അപഹരിക്കാൻ തക്ക പാകത്തിൽ ഒരു മായാസീതയെ സൃഷ്ടിച്ചുവെന്ന കല്പനയും. സീതയ്ക്ക് രാക്ഷസസ്പർശം കൂടാതെ കഴിയുവാനും രാവണവധാനന്തരം അഗ്നിയിൽനിന്ന് സീതയെ വീണ്ടെടുക്കുന്ന കഥ കൂടുതൽ യുക്തിസഹമാക്കുവാനും കവി പ്രയോഗിച്ച ഒരു പൊടിക്കൈയാണിത്. സ്വയംപ്രഭ രാമനെ സന്ദർശിക്കുന്നതും ഹനുമാൻ കുരുവിയെപ്പോലെ ചെറുതായി അശോകവനത്തിൽ സീതയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാലനേമിയുടെ കഥയും ആദികവി പറയാത്തവയാണ്. മൃതസഞ്ജീവനി കൊണ്ടുവരാൻ വാല്മീകി ഹനുമാനെ കൈലാസത്തിലേക്ക് അയക്കുമ്പോൾ അധ്യാത്മരാമായണ കർത്താവു ചെയ്യുന്നത് ക്ഷീരസമുദ്രത്തിലെ ദ്രോണപർവതത്തിലേക്ക് അയക്കുകയാണ്. അതുപോലെ രാവണൻ ഹോമം നടത്തുന്നതിനെയും കപികൾ മണ്ഡോദരിയേയും മറ്റും ഉപദ്രവിച്ച് അത് മുടക്കുന്നതിനെയും പറ്റി വാല്മീകി ഒന്നും പറയുന്നില്ല. പട്ടാഭിഷേകത്തിനുശേഷം ഹനുമാൻ ഹിമാലയത്തിൽ തപസ്സിനുപോയി എന്ന പരാമർശം, ഉത്തരകാണ്ഡത്തിൽ വിവരിച്ചിരിക്കുന്ന ബാലിസുഗ്രീവോത്പത്തി, രാവണസനൽകുമാരസംവാദം തുടങ്ങിയവയും അധ്യാത്മരാമായണത്തിലെ പുതിയ കല്പനകളാണ്.
അധ്യാത്മരാമായണം എന്ന കൃതിക്ക് പ്രാചീനത കുറവാണെങ്കിൽ, അതിന്റെ പ്രചാരത്തിന് അതിലും വളരെ കുറച്ച് പഴക്കമേയുള്ളു. ഭാരതത്തിൽ തന്നെ ഇതിന് സാർവത്രികപ്രചാരം സിദ്ധിച്ചിട്ടില്ല. എന്നാൽ ഇതിൽ അന്തർഹിതമായിട്ടുള്ള ലക്ഷ്മണോപദേശം, രാമഗീത, ആദിത്യഹൃദയം, അഗസ്ത്യസുതീക്ഷ്ണസംവാദം തുടങ്ങിയ ഭാഗങ്ങൾക്ക് ഭാരതത്തിന്റെ പല ഭാഗങ്ങളിലും, (വിവിധ പാഠഭേദങ്ങളോടുകൂടി) ഭക്തന്മാരുടെ ഇടയിൽ നല്ല സ്ഥാനമുണ്ട്.
വ്യാഖ്യാനങ്ങളും, വിവർത്തനങ്ങളും. ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സഹായകമായ ശക്തിയേറിയ ഒരു ഘടകം എന്ന നിലയിലാണ് അധ്യാത്മരാമായണത്തിന്റെ പ്രചാരം. 20-ആം നൂറ്റാണ്ടിൽ ഹിന്ദിയിൽ ഉണ്ടായിട്ടുള്ള ഏതാനും വിവർത്തനങ്ങൾ മൂലത്തിന്റെ അർഥം പറഞ്ഞുപോകുന്നതേയുള്ളു. ഒറിയയിൽ ഇതിന് മൂന്ന് വിവർത്തനങ്ങളുണ്ട്. ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ ഇതിന് കാര്യമായ ഭാഷാന്തരങ്ങളൊന്നും കാണാനില്ല.
അധ്യാത്മരാമായണത്തിന് മലയാളത്തിൽ ഉണ്ടായിട്ടുള്ള വിവർത്തനം പ്രസിദ്ധമാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം വിവിധ രാമായണകഥാഖ്യാനങ്ങളിലെന്നല്ല, മലയാള ഭാഷാസാഹിത്യചരിത്രത്തിന്റെ വളർച്ചയിലും ഒരു സുവർണാധ്യായം കുറിച്ചു. എഴുത്തച്ഛന്റെ പ്രധാന കൃതികളിൽ ആദ്യത്തേതും ഏറ്റവും പ്രചാരമുള്ളതുമാണിത്.
അധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം,
അധ്യയനം ചെയ്കിൽ മർത്ത്യനജ്ജൻമനാ
മുക്തിസിദ്ധിക്കുമതിനില്ല സംശയം
എന്ന ഫലശ്രുതി യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്നത് അക്കാലത്തെ രാമഭക്തന്മാരുടെ വിശ്വാസത്തെ സ്ഫുടീകരിക്കുന്നു. ഭക്തിസംവർധകമാംവണ്ണം ഭാഷാനുവാദം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൃതി മൂലത്തിലെ ഗുണോത്തരഭാഗങ്ങളെ സ്വീകരിച്ചും ശുഷ്കഭാഗങ്ങൾ ഉപേക്ഷിച്ചും യഥോചിതം സങ്കോചവികാസങ്ങൾ സൃഷ്ടിച്ചും രസാനുഗുണമായ പദവിന്യാസങ്ങൾ വരുത്തിയും പുനസംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു മഹൽസാഹിത്യസൃഷ്ടിയാണ്. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന്റെ അനുബന്ധമായി ചേർത്തിരിക്കുന്ന ഉത്തരരാമായണം അദ്ദേഹം തന്നെ ചെയ്ത വിവർത്തനമാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരല്ല.
വള്ളത്തോൾ നാരായണമേനോൻ വാല്മീകിരാമായണം തർജുമചെയ്ത് പ്രസിദ്ധപ്പെടുത്തുന്നതുവരെ (1909) മലയാളികൾക്ക് രാമകഥയെ സമീപിക്കാനുള്ള ഏറ്റവും സുഗമമായ രാജപാത എഴുത്തച്ഛന്റെ അധ്യാത്മരാമായണം ആയിരുന്നു. അതിനുശേഷവും അതിന്റെ സ്ഥാനത്തിനു വലിയ മാറ്റം ഉണ്ടായിട്ടില്ല. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനും കഥകളി കലാപണ്ഡിതനും നടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാർ 1853-ൽ എഴുത്തച്ഛന്റെ കൃതി ആദ്യമായി, തന്റെ കേരളവിലാസം അച്ചുകൂടത്തിൽനിന്ന് മുദ്രണം ചെയ്ത് പ്രകാശിപ്പിച്ചു. മുദ്രിത പ്രസാധനങ്ങൾ സാർവത്രികമാകുന്നതുവരെ അധ്യാത്മരാമായണത്തിന്റെ പ്രതികൾ ഓലയിൽ പകർത്തി എഴുതി പ്രചരിപ്പിക്കുന്നതിൽ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ (1848-1909) എന്ന പണ്ഡിതൻ മുൻകൈയെടുത്തിരുന്നതായി പറയപ്പെടുന്നു. കുണ്ടൂർ നാരായണമേനോൻ (1861-1936) ഇത് വൃത്താനുവൃത്തം വിവർത്തനം നടത്തിയിട്ടുണ്ടെങ്കിലും അത് അച്ചടിച്ച് പുറത്തുവന്നിട്ടില്ല. എന്നാൽ കൊട്ടാരത്തിൽ ശങ്കുണ്ണി(1855-1937)യുടെ തർജുമ പ്രസിദ്ധീകൃതമായിട്ടുണ്ട് (1912). പേട്ടയിൽ രാമൻപിള്ള ആശാൻ (1842-1937) രാമായണത്തെ അധികരിച്ച് തിരുവനന്തപുരത്ത് നടത്തിയ ചില പ്രഭാഷണങ്ങളുടെ സമാഹാരമാണ് അധ്യാത്മരാമായണ സദാചാരങ്ങൾ എന്ന കൃതി. കെ.സാംബശിവശാസ്ത്രി (1879-1946) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് സമഗ്രമായ ഒരു വ്യാഖ്യാനം എഴുതി. കെ.സി. കേശവപിള്ള (1868-1914) അതിലെ ലക്ഷ്മണോപദേശത്തിന് മാത്രമായി തത്ത്വബോധിനി എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധ്യാത്മരാമായണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |