അപൂർവ രാഗങ്ങൾ | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | കെ. ബാലചന്ദർ |
നിർമ്മാണം | വി. ഗോവിന്ദരാജൻ ദുരൈസാമി |
രചന | കെ. ബാലചന്ദർ |
അഭിനേതാക്കൾ | കമൽ ഹാസൻ മേജർ സുന്ദരരാജൻ ശ്രീവിദ്യ ജയസുധ നാഗേഷ് രജനികാന്ത് |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | ബി.എസ്. ലോകനാഥ് |
ചിത്രസംയോജനം | എൻ.ആർ. കിട്ടു |
സ്റ്റുഡിയോ | കലാകേന്ദ്ര മൂവീസ് |
വിതരണം | കലാകേന്ദ്ര മൂവീസ് |
റിലീസിങ് തീയതി | 18 ഓഗസ്റ്റ് 1975 |
രാജ്യം | ![]() |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 146 minutes[1] |
കെ. ബാലചന്ദർ സംവിധാനം ചെയ്ത്1975-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് അപൂർവ രാഗങ്ങൾ (തമിഴ്: அபூர்வ ராகங்கள்). കമൽ ഹാസൻ, ശ്രീവിദ്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ രജനികാന്ത്, ജയസുധ, നാഗേഷ്, മേജർ സുന്ദർരാജൻ എന്നിവരും അഭിനയിച്ചിരുന്നു. രജനീകാന്ത് അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് അപൂർവ രാഗങ്ങൾ. കലാകേന്ദ്ര ഫിലിംസിന്റെ ബാനറിൽ വി. ഗോവിന്ദരാജൻ, ജെ. ദുരൈസാമി എന്നിവർ നിർമ്മിച്ച ഈ ചിത്രം 1975 ഓഗസ്റ്റ് 18-ന് പ്രദർശനത്തിനെത്തി. കണ്ണദാസൻ രചന നിർവ്വഹിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു.[2]
വിക്രമാദിത്യ - വേതാള കടങ്കഥ പോലെയുള്ള ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്ന ഈ ചിത്രം 1973-ൽ പുറത്തിറങ്ങിയ 40 കാരറ്റ്സ് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.[3][4]
വ്യത്യസ്ത പ്രായക്കാർ തമ്മിലുള്ള പ്രണയബന്ധം അവതരിപ്പിച്ചതിന്റെ പേരിൽ ചിത്രത്തിന്റെ പ്രദർശനം വലിയ വിവാദമായിരുന്നു. തന്നെക്കാൾ പ്രായമുള്ള ഭൈരവി (ശ്രീവിദ്യ)യുമായി പ്രണയത്തിലാകുന്ന പ്രസന്നയെയും (കമൽ ഹാസൻ) ഭൈരവിയുടെ മകളായ രഞ്ജിനി (ജയസുധ)യുമായി പ്രണയത്തിലാകുന്ന പ്രസന്നയുടെ അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്. ഈ നാലു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു. ഏറെ നിരൂപകശ്രദ്ധ നേടിയ ചിത്രം പ്രദർശനശാലകളിൽ വലിയ വിജയമായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും സ്വന്തമാക്കിയ ചിത്രം ഏക് നയാ പഹേലി എന്ന പേരിൽ ഹിന്ദിയിലും തൂർപ്പ് പദമാര എന്ന പേരിൽ തെലുങ്കിലും പുനർനിർമ്മിച്ചു.