അരിക്കമേട് | |
---|---|
Location | പോണ്ടിച്ചേരി, ഇന്ത്യ |
Type | Cultural |
State Party | ഇന്ത്യ |
ദക്ഷിണേന്ത്യയിൽ പോണ്ടിച്ചേരി പട്ടണത്തിന് 3 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു ഗ്രാമമാണ് അരിക്കമേട്. ബി.സി.യിലും എ.ഡി. ആദ്യശതകങ്ങളിലും ഉണ്ടായിരുന്ന ഇന്തോ-റോമൻ വാണിജ്യ ബന്ധങ്ങളും സാംസ്കാരികസമ്പർക്കങ്ങളും വെളിപ്പെടുത്തുന്ന പലതരം ചരിത്രാവശിഷ്ടങ്ങളും ഉത്ഖനനഫലമായി ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. പ്രാചീനകാലത്ത് പലതരം വർണസ്ഫടികങ്ങളും ശിലകളുംകൊണ്ടുള്ള അലങ്കാരശില്പങ്ങൾ നിർമ്മിക്കുന്ന ഒരു റോമൻ കേന്ദ്രം ഇവിടെയുണ്ടായിരുന്നതായി, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഗവേഷകന്മാർ ഊഹിക്കുന്നു[1].
പ്രാചീന റോമും വെനീസുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന വാണിജ്യസമ്പർക്കങ്ങളെക്കുറിച്ചു ധാരാളം തെളിവുകൾ ഇവിടെനിന്ന് ലഭിക്കുന്നു[2]. മസ്ലിൻതുണികൾ, നീലം, കുരുമുളക്, ഏലം, മറ്റ് സുഗന്ധദ്രവ്യങ്ങൾ, ശംഖുകളും കവടികളുംകൊണ്ടുള്ള അലങ്കാരവസ്തുക്കൾ തുടങ്ങിയവ അരിക്കമേട്ടിൽ നിന്ന് ഇറ്റാലിയൻ നഗരങ്ങളിലേക്കു കയറ്റിഅയച്ചുകൊണ്ടിരുന്നപ്പോൾ, അവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന മുഖ്യവസ്തുക്കൾ മധ്യധരണ്യാഴിത്തീരങ്ങളിലെ വീഞ്ഞും, അതു സൂക്ഷിക്കാൻ ഇരട്ടപ്പിടികളോടുകൂടിയ ഭരണികളും, സ്ഫടികപ്പാത്രങ്ങളും, വർണാഞ്ചിതമായ കളിമൺ ഉപകരണങ്ങളും ആയിരുന്നു. ഇവയിൽ ചിലതിൽ പ്രാചീനലിപികളിലുള്ള ചില തമിഴ് ആലേഖനങ്ങളും കാണാം. പ്രാചീന റോമൻമാതൃകയിലുള്ള നിരവധി വിളക്കുകളും ഇവിടെനിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഒരു ഗുദാമായി ഉപയോഗിക്കപ്പെട്ടുവന്നത് എന്നു കരുതപ്പെടേണ്ട ഒരു എടുപ്പിന്റെ 150 അടി നീളമുള്ള തകർന്ന ഒരടിത്തറയും മതിൽകെട്ടിമറച്ച രണ്ട് അങ്കണങ്ങളും ഇവിടെ കാണാം. കുളങ്ങളും ഇഷ്ടികകൊണ്ടുപടുത്ത രണ്ട് ഓവുചാലുകളും അവയുടെമീതെ ചില കലുങ്കുകളും ഈ നഷ്ടാവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നു.
ഇവിടെ മണൽകുന്നുകളുടെ ഇടയിൽനിന്നു കിട്ടിയ ചില തകർന്ന പദാർഥങ്ങൾ ബാലന്മാർ കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്നതുകണ്ട് കൌതുകവും ജിജ്ഞാസയും വളർന്ന ചിലരാണ് ഈ സ്ഥലത്തിന്റെ സവിശേഷതകൾ 1937-ൽ പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്; തുടർന്ന് ഭാരതീയരും ഫ്രഞ്ചുകാരുമായ ഗവേഷകന്മാർ ഇവിടെ നീണ്ടുനിന്ന ഉത്ഖനനങ്ങൾ നടത്തി. ഇന്ത്യൻ പുരാവസ്തു പര്യവേക്ഷണവകുപ്പിന്റെ (Archaeolo-gical Survey of India) മേധാവിയായിരുന്ന മോർട്ടിമർ വീലറുടെ നേതൃത്വത്തിൽ 1945-ൽ നടത്തപ്പെട്ട ദീർഘമായ ഉത്ഖനനങ്ങളാണ് ചരിത്രപ്രാധാന്യമുള്ള നിരവധി പദാർഥങ്ങൾ പുറത്തുകൊണ്ടുവന്നത്. 1947-48 കാലത്ത് ഫ്രഞ്ച് ഗവൺമെന്റ് നിയോഗിച്ച ജെ.എം. കാസുവേൻ എന്ന ശാസ്ത്രജ്ഞനും ഇവിടെ എത്തി, ഗവേഷണങ്ങൾ നടത്തുകയുണ്ടായി.
തമിഴ്നാടു ഗവൺമെന്റിന്റെ ചെന്നൈയിലെ പുരാവസ്തു ശേഖരത്തിൽ അരിക്കമേട്ടിൽ നിന്നു ലഭിച്ച പല അപൂർവവസ്തുക്കളും പ്രദർശനത്തിനു വച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരിക്കമേട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |