അരുണ ബുദ്ധ റെഡ്ഡി | |
---|---|
— Gymnast ♀ — | |
പ്രതിനിധീകരിച്ച രാജ്യം | ![]() |
ജനനം | ഹൈദ്രാബാദ്, ഇന്ത്യ | 25 ഡിസംബർ 1995
Residence | ഹൈദ്രാബാദ് |
Discipline | Women's artistic gymnastics |
Level | സീനിയർ ഇന്റർനാഷണൽ എലൈറ്റ് (ഇന്ത്യൻ ദേശീയ ജിംനാസ്റ്റിക്സ് ടീം) |
Years on national team | 2013 |
College team | സെന്റ് മേരീസ് കോളേജ് |
കലാലയം | സെന്റ് മേരീസ് കോളേജ്, ഹൈദ്രാബാദ് |
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരമാണ് അരുണ ബുദ്ധ റെഡ്ഡി (ജനനം : 1995 ഡിസംബർ 25). 2018-ൽ മെൽബണിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിൽ ഇവർ വെങ്കല മെഡൽ നേടിയിരുന്നു. ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് അരുണ റെഡ്ഡി.[1][2] 2013, 2014, 2017 എന്നീ വർഷങ്ങളിലെ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് മെഡലുകളും നേടിയിട്ടുണ്ട്.
1995-ലെ ക്രിസ്തുമസ് ദിനത്തിൽ ഹൈദ്രാബാദിലാണ് അരുണ റെഡ്ഡി ജനിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ബി. നാരായണ റെഡ്ഡിയാണ് പിതാവ്. 2013-ൽ ബഷീർബാഗിലെ സെന്റ് മേരീസ് ജൂനിയർ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ അരുണ 2017-ൽ ഹൈദ്രാബാദിലെ സെന്റ് മേരീസ് കോളേജിൽ നിന്നു ബി.കോം ബിരുദം നേടി.[3][4]
അരുണ റെഡ്ഡി തന്റെ അഞ്ചാം വയസ്സിൽ കരാട്ടെ പരിശീലനം ആരംഭിച്ചിരുന്നു. ഒരു ജിംനാസ്റ്റിക്സ് താരത്തിനുവേണ്ട മെയ്‌വഴക്കം മകൾക്കുണ്ടെന്നു മനസ്സിലാക്കിയ പിതാവ് നാരായണ റെഡ്ഡി അരുണയെ ജിംനാസ്റ്റിക്സ് പരിശീലിപ്പിക്കുവാൻ പറഞ്ഞയച്ചു. സ്വർണ്ണലതയുടെയും രവീന്ദറിന്റെയും ശിഷ്യത്വത്തിൽ ഹൈദ്രാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വച്ച് അരുണ റെഡ്ഡി ജിംനാസ്റ്റിക്സ് പരിശീലനം ആരംഭിച്ചു. പിന്നീട് ബ്രിജ് കിഷോറിന്റെ ശിഷ്യയായിത്തീർന്ന അരുണ റെഡ്ഡി ദേശീയ ഗെയിംസിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു.
2005-ലാണ് അരുണ റെഡ്ഡി ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.[5] 2014-ലെ ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്തെത്തിയിരുന്നു.[5] 2013-ലെ ആന്റ്‌വെർപ്, 2014-ലെ നാന്നിംഗ്, 2017-ലെ മോൺട്രിയൽ എന്നീ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചുവെങ്കിലും യോഗ്യതാ റൗണ്ടുകൾക്കപ്പുറം എത്തിച്ചേരുവാൻ കഴിഞ്ഞില്ല.[6][7]
2018-ൽ മെൽബണിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിൽ അരുണ റെഡ്ഡി വെങ്കലം നേടിയതോടെ ജിംനാസ്റ്റിക്സ് ലോകകപ്പിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി.[5] ഏറ്റവും അപകടം നിറഞ്ഞ വോൾട്ട് ഇനത്തിൽ 13.649 പോയിന്റ് നേടിക്കൊണ്ടാണ് അരുണയുടെ മെഡൽ നേട്ടം. ഈ മത്സരത്തിൽ സ്ലൊവേനിയയുടെ ജ്യാസ ക്യാസ്ലെഫ് സ്വർണ്ണവും (13.800) ഓസ്ട്രേലിയയുടെ എമിലി വൈറ്റ് ഹെഡ് വെള്ളിയും (13.699) നേടി.[8] ഒളിമ്പിക്സിന് ദീപാ കർമാക്കർ യോഗ്യത നേടിയതാണ് അന്നുവരെ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് ചരിത്രത്തിലെ ഏറ്റവും പ്രധാന നേട്ടമായി കണക്കാക്കിയിരുന്നത്.[5] 2016-ലെ റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ദീപാ കർമാക്കർ ഫൈനലിലെത്തുകയും നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ദീപ കർമാക്കർ മെഡൽ നേടിയിട്ടുണ്ടെങ്കിലും ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടിയിരുന്നില്ല.[8][5] ദീപാ കർമാക്കറെയാണ് താൻ മാതൃകയാക്കുന്നതെന്ന് അരുണ റെഡ്ഡി പറഞ്ഞിട്ടുണ്ട്.[5]
{{cite news}}
: External link in |work=
(help)