അലിഗഡ് പ്രദേശത്ത് നിന്നും രൂപപ്പെട്ട ഒരു വിദ്യാഭ്യാസ നവോത്ഥാനപ്രസ്ഥാനമായിരുന്നു അലീഗഡ് മൂവ്മെന്റ് അഥവാ അലീഗഡ് പ്രസ്ഥാനം[1]. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് പാശ്ചാത്യ ശൈലിയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനം സ്ഥാപിക്കാനുള്ള പ്രേരണയായാണ് അലീഗഡ് പ്രസ്ഥാനം രൂപം കൊള്ളുന്നത്[2]. 1875-ൽ അലീഗഡിൽ തന്നെ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജിന്റെ രൂപീകരണത്തിന് ഇത് വഴിതെളിച്ചു. ഈ പ്രദേശവുമായി ബന്ധപ്പെടുത്തിയാണ് പിൽക്കാലത്ത് ഈ പ്രസ്ഥാനത്തിന് അലീഗഡ് പ്രസ്ഥാനം എന്ന് പേര് വന്നത്[3]. സർ സയ്യിദ് അഹമ്മദ് ഖാൻ ആയിരുന്നു. വിശാലമായ അലിഗഢ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. വിദ്യാഭ്യാസ പരിഷ്കരണമാണ് കൂട്ടായ്മയുടെ വിശാലലക്ഷ്യമായിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മത, രാഷ്ട്രീയ, സംസ്കാരിക, സാമൂഹിക മണ്ഡലങ്ങളിലെല്ലാം വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ ഈ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന് സാധിച്ചു.
1857ലെ പട്ടാള കലാപത്തോടെ മുഗൾ സാമ്രാജ്യത്തിൻറെ പതനം പൂർണ്ണമാവുകയും ബ്രിട്ടീഷുകാരുടെ ഭരണം ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ മുസ്‌ലിം ജനതയുടെ സ്ഥിതി പരിതാപകരമാം വിധം വഷളായിക്കൊണ്ടിരുന്നു. ഈ അവസ്ഥ വിശകലനം ചെയ്ത സയ്യിദ് അഹ്‌മദ് ഖാൻ, ഈ പിന്നോക്കാവസ്ഥ പരിഹരിക്കാനായിവിദ്യാഭ്യാസ പരിഷകരണമാണ് കണ്ടെത്തിയത്. മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന വിദ്യാഭ്യാസരീതി അവരുടെ അധപതനത്തിന് കാരണമാവുന്നതായി അദ്ദേഹം വിലയിരുത്തി[4]. ഈ മേഖലയിൽ മാറ്റങ്ങൾക്കായി നിലകൊള്ളുന്ന ഒരു കൂട്ടായ്മക്ക് അദ്ദേഹം രൂപം കൊടുത്തു. മധ്യേന്ത്യയിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചുകൊണ്ട് സയ്യിദ് അഹ്‌മദ് ഖാൻ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഉർദു സാഹിത്യത്തിൽ വലിയൊരു വഴിത്തിരിവാണ് അലീഗഡ് പ്രസ്ഥാനം കൊണ്ടുവന്നത്. അന്ന് നിലനിന്നിരുന്ന ഗഹനവും അക്കാദമിക്കുമായ ശൈലിക്ക് പകരം ലളിതമായ ഒരു സാഹിത്യശൈലിക്ക് അവർ രൂപം കൊടുത്തു.
1859ൽ സർ സയ്യിദ് മുറാദാബാദിൽ ഗുൽഷൻ സ്കൂൾ സ്ഥാപിച്ചു[5].
1862ൽ അദ്ദേഹം ഗാസിപൂരിൽ വിക്ടോറിയ സ്കൂൾ സ്ഥാപിച്ചു[5].
1863-ൽ ശാസ്ത്ര - സാഹിത്യങ്ങളിലെ പ്രധാന കൃതികൾ ഉർദുവിലേക്ക് വിവർത്തനം ചെയ്യുന്നതിനായി സർ സയ്യിദ് ഗാസിപൂരിൽ ട്രാൻസ്ലേഷൻ സൊസൈറ്റി സ്ഥാപിച്ചു[6]. ഇത് പിന്നീട് ഇതിനെ സയന്റിഫിക് സൊസൈറ്റി എന്ന പേരിൽ അലീഗഡിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ദ അലീഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഗസറ്റ്, തഹ്സീബുൽ അഖ്‌ലാഖ് (ദ മുഹമ്മദൻ സോഷ്യൽ റിഫോർമർ) എന്നിങ്ങനെ രണ്ട് ജേണലുകൾ ഇവിടെ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു[7].
രാഷ്ട്രീയലക്ഷ്യത്തോടെ 1866ൽ ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ അലിഗഢിൽ സ്ഥാപിതമായി.[8]
1868-ൽ സയ്യിദ് ഇംദാദ് അലി ബീഹാർ സയന്റിഫിൿ സൊസൈറ്റി സ്ഥാപിച്ചു. മുസഫർപൂരിൽ നിന്ന് പ്രവർത്തനമാരംഭിച്ച സൊസൈറ്റി അഖ്ബാറുൽ അഖ്‌യാർ എന്ന ദ്വൈവാരിക പുറത്തിറക്കിയിരുന്നു[9].
ബീഹാർ സയന്റിഫിക് സൊസൈറ്റിയും ഭൂമിഹാർ ബ്രാഹ്മൺ സഭയും ചേർന്ന് 1899 ജൂലൈ 3ന് മുസാഫർപൂരിൽ ഒരു കോളേജ് സ്ഥാപിച്ചു. ഇത് ഇപ്പോൾ ലംഗത് സിംഗ് കോളേജ് എന്നറിയപ്പെടുന്നു[10].
1875-ൽ അലീഗഡിലെ സ്വന്തം ബംഗ്ലാവിൽ മദ്രസത്തുൽ ഉലൂം മുസൽമാനിൽ ഹിന്ദ് എന്ന വിദ്യാലയം സ്ഥാപിച്ചു[11]. ഇതിന്റെ സീനിയർ സെക്ഷൻ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജിയേറ്റ് സ്കൂൾ എന്ന പേരിലാണ് ഉണ്ടായിരുന്നത്[12]. ഇത് 1877-ൽ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് (MAO കോളേജ്) ആയി പരിവർത്തിക്കപ്പെട്ടു[13].
1877-ൽ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജിലെ റോബർട്ട് ലിട്ടൻ ലൈബ്രറി സ്ഥപിക്കപ്പെട്ടു. സ്വാതന്ത്ര്യശേഷം ഈ ലൈബ്രറി മൗലാന ആസാദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു[14].
1884-ൽ കോളേജിൽ ഒരു സംവാദ ക്ലബിന് സർ സയ്യിദ് രൂപം നൽകി. ഇത് പിന്നീട് വിവിധ കാലങ്ങളിൽ സിഡ്ഡൺസ് യൂണിയൻ ക്ലബ്[15], മുസ്‌ലിം യൂണിവേഴ്സിറ്റി യൂണിയൻ[16] എന്നീ നാമങ്ങളിൽ അറിയപ്പെട്ടു.
1886-ൽ സമുദായ വിദ്യാഭ്യാസ പരിഷ്കരണത്തിനായി മുഹമ്മദൻ എജുക്കേഷണൽ കോൺഗ്രസ് സ്ഥാപിച്ചു. ഇത് പിന്നീട് (1890-ൽ) ആൾ ഇന്ത്യ മുഹമ്മദൻ എജുക്കേഷണൽ എന്ന പേരിലേക്ക് മാറി[17].