ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയും പൗരസ്ത്യ ഇന്ത്യയുടെ സഭാമേലധ്യക്ഷനുമായി സ്പെയിൻ രാജാവിനാൽ നിയുക്തനായ ഒരു അഗസ്തീനിയൻ സന്യാസിയായിരുന്നു അലെക്സോ ഡെ മെനസിസ്. ആംഗലേയം: Aleixo de Menesis.(1559 ജനുവരി 29-1617 മാർച്ച് 30) ഉദയംപേരൂർ സൂനഹദോസ് അദ്ദേഹമാണ് വിളിച്ചുകൂട്ടിയത്. ഇതിന്റെ പേരിൽ മെനസിസിനുനേരെ വളരെയധികം വിമർശനങ്ങൾ ചരിത്രകാരന്മാർ നടത്തിയിട്ടുണ്ട്.[1]
ഔദ്യോഗിക ജീവിതകാലത്ത് അദ്ദേഹം ഗോവയിലെയും(1595-1612), ബ്രാഗയിലെയും (1612-1617) മെത്രോപ്പോലീത്തയായിരുന്നു[2] ഇന്ത്യയിലേയും (1607-1609), പിന്നീട് പോർത്തുലിലേയും(1612-1615). ഗോവർണ്ണദോർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .
പോർച്ചുഗലിലെ തുറമുഖനഗരമായിരുന്ന ലിസ്ബണിൽ 1559 ജനുവരി 25 ന് കാന്റാന്ഹീഡ് എന്ന പ്രഭുകുടുംബത്തിലെ ഡോ. അലോയിസ് ഡെ മെനസിസിനും ലൂയിസാ ഡി ഡി സില്വേറിയക്കും[3] മൂന്നാമത്തെ മകനായി അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന് ആദ്യ ഭാര്യയിലുണ്ടായ ലൂയിസാ ഡി നൊറോണ കൂടാതെ ലൂയി, അല്വാരോ, മേശിയ എന്നീ സഹോദരങ്ങളും ഉണ്ടായിരുന്നു. ആവൂളായിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. 1574-ൽ തന്റെ 15-ആം വയസ്സിൽ ദോമിനോസ്ത്രി ഡെ ഗ്രാസിയ എന്ന നവസന്യാസ ഭവനത്തിൽ പ്രവേശിച്ചു പഠനം ആരംഭിച്ചു.
ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് സ്വഭാവ ശുദ്ധിയിലും ജീവിതലാളിത്യത്തിലും അഗസ്തീനിയൻ അനുഷ്ഠാനങ്ങളിലും തീക്ഷ്ണതയുള്ളവനായിത്തീർന്നു. കോയിമ്പ്ര സർവ്വകലാശാലയിൽ നിന്നും സാഹിത്യാദി മാനവിക വിഷയങ്ങൾക്കൊപ്പം തത്വശാസ്ത്രം, തർക്കശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉന്നത ബിരുദം സമ്പാദിച്ചു.
സ്പെയിനിലെ രാജാവായ ഫിലിപ് അദ്ദേഹത്തെ കോയിമ്പ്ര അക്കാദമിയുടെ റെക്റ്റർ ആയി നിയമിച്ചുവെങ്കിലും അദ്ദേഹം വിനയപൂർവ്വം അത് നിരസിച്ചു. കൊട്ടാരത്തിലെ സുവിശേഷ പ്രഭാഷകനാവാനാണ് അദ്ദേഹം താല്പര്യം കാണിച്ചത്. അദ്ദേഹത്തിന്റെ നൈപുണ്യം മനസ്സിലാക്കിയ സഭാ ഭരണാധികാരികൾ അദ്ദേഹത്തെ ടുറിം എന്ന സ്ഥലത്തെ സന്യാസ സഭാ ശ്രേഷ്ഠനായും പിന്നീട് 1590-ൽ സാന്താ റൻസെയിലെ ആശ്രമാധിപനായും നിയമിച്ചു. രണ്ടുവർഷത്തിനു ശേഷം ലിസ്ബണിലെ ഗ്രാസാ സന്യാസ ഭവനത്തിന്റെ സാരഥിയായി. 1594-ൽ അഗസ്തീനിയൻ സഭയുടെ പോർച്ചുഗൽ പ്രൊവിൻസിന്റെ മൂനാം ഡെഫനേറ്ററായി. ഈ സമയത്താണ് ഗോവാ രൂപതാദ്ധ്യക്ഷനായിരുന്ന ഡോ. മത്തേവൂസ് ഡെ മദീന നിര്യാതനാവുന്നത്. ഇതിനെതുടർന്ന് ഫിലിപ് രാജകുമാരൻ ഡോ. മെനസിസിനെ അദ്ദേഹത്തിന്റെ പിൻഗാമിയായി ഗോവ രൂപതയുടെ മെത്രാപ്പൊലീത്തയായി വാഴിച്ചു. എന്നാൽ ഇത്തരം ഉന്നത സ്ഥാനങ്ങളിൽ ഇരിക്കാൻ അദ്ദേഹത്തിന് ആദ്യം താലപര്യം ഉണ്ടായിരുന്നില്ല. എന്നാൽ രാജാവിന്റെ നിർബന്ധത്തിന് വഴങ്ങി 1595 മാർച്ച് 26-ന് ലിസ്ബണിൽ വച്ച് മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. അതേ വർഷം തന്നെ നൊസ്സ സിഞ്ഞാരോ ഡെ വിക്ടോറിയ എന്ന കപ്പലിൽ ഗോവയിലേയ്ക്ക് തിരിച്ചു.
1595 സെപ്റ്റംബർ മാസത്തിൽ ഗോവയിൽ എത്തിച്ചേർന്നു. ധാരാളം ജീവ കാരുണ്യപ്രവർത്തനങ്ങളും മത പ്രഭാഷണങ്ങളും അദ്ദേഹം നടത്തി, ഗോവയിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ അദ്ദേഹം മുൻകൈ എടുത്തു. അവിടത്തെ ജനങ്ങളുടെ വിശ്വാസം ദൃഡപ്പെടുത്താൻ വേണ്ട ഏർപ്പാടുകൾ അദ്ദേഹം ചെയ്തു. അദ്ദേഹം, തന്റെ ശമ്പളം മുഴുവനും ദരിദ്രർക്ക് ദാനമായി കൊടുത്തിരുന്നു എന്നും ദരിദ്രരോടെത്ത് ഭക്ഷണം കഴിച്ചിരുന്നു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഗോവയിൽ നിരവധി പേരെ അദ്ദേഹം മതപരിവർത്തനം നടത്തി ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും നൽകി. യൂറോപ്യൻ സന്യാസികളിൽ പലർക്കും നാട്ടുഭാഷകൾ വശമില്ലായിരുന്നതിനാൽ ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നേരാം വണ്ണം കാര്യങ്ങൾ നടക്കാൻ ഇത് തടസ്സമായി. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി അദ്ദേഹം തന്റെ അരമനയിൽ പ്രാദേശിക ഭാഷകൾ പഠിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തുകയും അതുവഴി അദ്ദേഹവും വിവിധ ഭാഷകൾ പഠിക്കുകയും ചെയ്തു. പിന്നീട് പ്രാദേശിക ഭാഷയിൽ പ്രാവീണ്യമില്ലാത്ത സന്യാസിമാരെ പ്രവർത്തനങ്ങൾക്ക് നിയോഗിക്കരുതെന്നും അത്തരക്കാർക്ക് ആനുകൂല്യങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങളിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് അതിയായ താല്പര്യം കാണിച്ച മെനസിസ് മെത്രാൻ പേർഷ്യയിലെ മാനസാന്തരവും അർമേനിയൻ ക്രിസ്ത്യാനികളുടെ കത്തോലിക്കാവത്കരണവും മുന്നിൽ കണ്ടുകൊണ്ട് വൈസ്രോയിയുടെ അംഗീകാരത്തോടുകൂടി പേർഷ്യയിൽ ഷായുടെ ആസ്ഥാനത്ത് ഒരു എംബസി സ്ഥാപിക്കുകയും തന്റെ സഹായിയായിരുന്ന അന്തോണി ഗുവായെ അംബാസഡറായി നിയോഗിക്കുകയും ചെയ്തു.
അക്കാലത്ത് കേരളത്തിൽ മാർത്തോമാ ക്രിസ്ത്യാനികളെ ഭരിച്ചിരുന്നത് മാർ ജേക്കബ് എന്ന മെത്രാൻ ആയിരുന്നു. അന്നുവരെ കേരളത്തിൽ മാർത്തോമാ ക്രിസ്ത്യാനികളെ ഭരിക്കാൻ അവസരം ലഭിച്ചിരുന്നത് പേർഷ്യയിലെ കിഴക്കിന്റെ സഭയുടെ മെത്രാന്മാരായിരുന്നു. മാർപ്പാപ്പയ്ക്ക് അതുവരെ അവരുടെ മേൽ നിയന്ത്രണം ഉണ്ടായിരുന്നില്ല.
പോർച്ചുഗീസുകാർ 1498ൽ മലബാറിൽ എത്തിച്ചേർന്നിരുന്നെങ്കിലും നസ്രാണികളുമായി സമ്പർക്കത്തിൽ എത്തിയത് 1505നു ശേഷമായിരുന്നു. തദ്ദേശീയ നസ്രാണികളും വിദേശത്തുനിന്നും വന്ന പോർട്ടുഗീസ് മിഷനറിമാരും തമ്മിലുള്ള ബന്ധം ആദ്യവർഷങ്ങളിൽ ഊഷ്മളമായിരുന്നു. എന്നാൽ അധികം വൈകാതെ നസ്രാണികളുടെ പൗരസ്ത്യ സുറിയാനി സഭാ ബന്ധവും ആരാധനാക്രമവും മിഷനറിമാരുടെ സംശയ ദൃഷ്ടിയിലായി. മലബാറിലെ നസ്രാണികൾ നെസ്തോറിയൻ പാഷണ്ഡതയുടെയും ശീശ്മയുടെയും സ്വാധീനത്തിൽപ്പെട്ടു കഴിയുന്നവർ ആണെന്നും അവരെ തിരുത്തി റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ എത്തിക്കേണ്ടതുണ്ടെന്നും മിഷനറിമാർ തീരുമാനിച്ചു. പോർട്ടുഗീസുകാർ വന്നപ്പോൾ എന്നാൽ മാർത്തോമാ ക്രിസ്ത്യാനികൾ യോഹന്നാൻ എന്ന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇദ്ദേഹത്തിനുശേഷം വന്ന മാർ യാക്കോബ് മെത്രാപ്പോലീത്ത മിഷണറിമാരുമായി സൗഹൃദത്തിൽ മുന്നോട്ടു പോയി. ഇദ്ദേഹത്തിന് ശേഷം നസ്രാണികളുടെ സഭയുടെ നിയന്ത്രണം പിടിച്ചെടുക്കാം എന്ന് കരുതിയ പോർട്ടുഗീസുകാരെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് പുതിയ പൗരസ്ത്യ സുറിയാനി മെത്രാന്മാർ ഇന്ത്യയിൽ എത്തിച്ചേർന്നു. മാർ അബ്രാഹം, മാർ യൗസേപ്പ് എന്നിവരായിരുന്നു അവർ. അദ്ദേഹത്തിന്റെ നിര്യാണശേഷം വന്ന മെത്രൊപ്പോലിത്ത മാർ ആബ്രഹാം ആയിരുന്നു. ഇത് മനസ്സിലാക്കിയ പോർട്ടുഗീസുകാർ അദ്ദേഹത്തെ സമ്മർദ്ദം മൂലം കത്തോലിക്കാ വിശ്വാസം പരസ്യമായി അംഗീകരിപ്പിച്ചെങ്കിലും അദ്ദേഹത്തിൽ സംശയം ഉണ്ടായ അവർ പിന്നീട് അദ്ദേഹത്തെ പേർഷ്യയിലേഉക്ക് തിരിച്ചയച്ചു. അദ്ദേഹം അവർക്ക് ഒരു മെത്രപ്പോലീത്തയെ വേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പേർഷ്യയിലേയും കൽദായയിലേയും മറ്റും പാത്രിയാർക്കീസിൺ സന്ദേശങ്ങൾ അയച്ചു. ഇതെല്ലാം പക്ഷേ പോർട്ടുഗീസുകാർ തടഞ്ഞു. കത്തുകൾ ഒന്നും പുറത്തേയ്ക്ക് പോയില്ല. എന്നാൽ അദ്ദേഹത്തിന്റെ കുറ്റങ്ങളും കുറവുകളെയും കുറിച്ച് ക്ലെമൻറ് എട്ടാമൻ മാർപാപ്പയ്ക്ക് വിവരം ലഭിക്കുകയും ഡോ. മെനസിസിനെ അന്വേഷിക്കാൻ ഏല്പിക്കുകയും ചെയ്തു അദ്ദേഹത്തെകുറിച്ച് അന്വേഷിക്കാൻ നിയുക്തനായ ഡോ. മെനസിസ് വിശദമായ ഒരു അന്വേഷണ റിപ്പോർട്ട് മാർപാപ്പയ്ക്ക് അയച്ചു. [4]
മാർ അബ്രഹാമിന്റെ നിര്യാണത്തെ തുടർന്ന് ജാതിക്കു കർത്തവ്യൻ എന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന അർക്കദിയാക്കോൻ ഗീവർഗീസ് (Archdeacon) ഭരണം പരമ്പരാഗതമായി ഏറ്റെടുക്കുകയും അതു ചില പ്രശ്നങ്ങൾക്കിടവരുത്തുകയും ചെയ്ത സന്ദർഭത്തിലാണ് ഡോ. മെനസിസ് കേരളത്തിലേയ്ക്ക് വരാൻ തീർച്ചപ്പെടുത്തിയത്. ഇതിന് മാർപാപ്പയുടെ സമ്മതം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുവാനും അദ്ദേഹം തീർച്ചപ്പെടുത്തി. 1598 സെപ്റ്റംബറിൽ ഗോവയിൽനിന്ന് മലബാറിലേയ്ക്ക് യാത്ര ആരംഭിച്ചു. വടകര, കോട്ടക്കൽ എത്തി പോർട്ടുഗീസു മേധാവികളുമായി കുഞ്ഞാലി മരക്കാരെക്കുറിച്ച് കൂടിയാലോചന ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ കേരള പര്യടനം ആരംഭിച്ചത്. പിന്നീട് ചിറക്കൽ കോവിലകത്തു ചെന്ന കോലത്തിരിയേയും അവിടെ നിന്ന് സാമൂതിരിയേയും സന്ദർശിച്ചു. 1599- ഫെബ്രുവരിയിൽ കൊച്ചിയിൽ വന്നിറങ്ങി. അദ്ദേഹത്തിന് വിപുലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എന്നാൽ അറിയിച്ചിട്ടും ഗീവർഗീസ് അർക്കദിയാക്കോൻ ആഗതനായില്ല. പിന്നീട് അർക്കദിയാക്കോൻ മെനസിസുമായി രമ്യതയിൽ എത്തുകയായിരുന്നുവത്രേ.
ഡോ. മെനസിസ് പിന്നീട് കേരളത്തിലെ പള്ളികൾ എല്ലാം സന്ദർശിച്ച് അവിടങ്ങളിലെ ആചാരാനുഷ്ടാനങ്ങൾ മനസ്സിലാക്കുകയും നിരവധി പേരെ മതപരിവർത്തനം നടത്തുകയും ചെയ്തു. അർക്കദിയോക്കാന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മുപ്പത്തിയെട്ടുപേർക്ക് വൈദികപട്ടം നൽകി. കേരളത്തിലെ വിശ്വാസങ്ങൾക്കെതിരെ സമരം പ്രഖ്യാപിപ്പിച്ചു. എന്നാൽ മാർത്തോമായുടെ അനുയായികൾ എന്നവകാശപ്പെട്ട അർക്കദിയാക്കോനും കൂട്ടരും ചെറുത്തുനിന്നു. അവരുടെ പാരമ്പര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് അവർ ഇതിനെ കണ്ടത്. എന്നാൽ ഡോ. മെനസിസ് ഒരുപക്ഷേ തെറ്റായ വിശ്വാസം എന്ന് അദ്ദേഹം കരുതിയിരുന്നവ നിർമ്മാർജ്ജനം ചെയ്യാനായിരുന്നിരിക്കണം ഈ നടപടികളിലൂടെ ശ്രമിച്ചത്. അദ്ദേഹം അർക്കദിയാക്കോന് പത്തു കല്പനകൾ കോടുത്തു. അവ താഴെ പറയുന്നവയായിരുന്നു.
മേൽപറഞ്ഞ പത്തു കല്പനകളും അനുസരിക്കാമെന്ന് അർക്കദിയാക്കോൻ സമ്മതിച്ചുവെങ്കിലും പിന്നീട് നേരെ എതിരെ തിരിയുകയാണ് ഉണ്ടായത്. അതിനുശേഷം ആണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്.
ഭദ്രാസനം അങ്കമാലിയായിരുന്നതിനാൽ സൂനഹദോസ് അങ്കമാലിയിൽ വച്ചു നടത്താൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അർക്കദിയോക്കാന് അങ്കമാലിയിൽ ഒരു വൻ നസ്രാണിപ്പട്ടാളം ഉണ്ടായിരുന്നത് ഇതിന് തടസ്സമായി കണക്കാക്കപ്പെട്ടു. അടിയന്തര സമയത്ത് പോർട്ടുഗീസ് പട്ടാളത്തിന് എത്തിച്ചേരുകയും ബുദ്ധിമുട്ടായതിനാൽ അതിന് തക്ക സ്ഥലമായി ഉദയംപേരൂർ പള്ളി മെനസിസ് തിരഞ്ഞെടുക്കുകയായിരുന്നു. 1599 ജൂൺ 20 മുതൽ 26 വരെ നീണ്ടു നിന്ന ഇന്ത്യയിലെ ആദ്യത്തെ സൂനഹദോസിൽ 153 കത്തനാർമാരും 600 അൽമായരും പോർട്ടുഗീസ് പ്രതിനിധികൾ അടക്കം ആകെ 832 പേർ പങ്കെടുത്തു. ഈ സൂനഹദോസിനെ കുറിച്ച് ക്രൈസ്തവ ചരിത്രകാരന്മാരുടെ ഇടയിൽ ഇന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.[5] ഇതിന് യഥാർത്ഥത്തിൽ മാർപാപ്പയുടെ അംഗീകാരമില്ലാത്തതിനാൽ ഇതിന് നിയമ സാധുതയില്ലാ എന്നാണ് ചിലർ വാദിക്കുന്നത്. തീരുമാനങ്ങൾ എകപക്ഷീയമായിരുന്നു എന്നുമാണ് അവർ കരുതുന്നത്. [6] [7] എന്നാൽ നിയമാനുസ്രണമായിരുന്നെന്നും അർക്കദിയോക്കാനടക്കം മലങ്കര സഭയുടെ പ്രമുഖ നേതാക്കന്മാരുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് ഇതിലെ തീരുമാനങ്ങൾ നടത്തിയതെന്നും മറ്റൊരു കൂട്ടം പറയുന്നു. [8] സൂനഹദോസിൽ വച്ച് പാഷാണ്ഡത ആരോപിക്കപ്പെട്ട എല്ലാ ആചാരരീതികൾ ഉപേക്ഷിക്കുകയും, ഗ്രന്ഥങ്ങൾ തീയിട്ട് നശിപ്പിക്കുകയും ലത്തീൻ ആരാധനാക്രമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പാഷാണ്ഡത ആരോപിക്കപ്പെട്ട മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ പേരിലുള്ള പള്ളികൾ എല്ലാം സകല വിശുദ്ധന്മാരുടെ പേരിലേയ്ക്ക് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഉദയംപേരൂർ പള്ളി[9], വടക്കൻ പറവൂർ വലിയപള്ളി, അകപ്പറമ്പ് പള്ളി, കായംകുളം പള്ളി, കോതനല്ലൂർ പള്ളി എന്നിവ അക്കൂട്ടത്തിൽ പെടുന്നു.
ഏതാണ്ട് 250 വർഷം ശ്രമിച്ചിട്ടും റോമിന് വഴങ്ങാത്ത ഒന്നായിരുന്നു മലങ്കര സഭ. എന്നാൽ കേവലം ഒരു വർഷം കൊണ്ട് മെനസിസിന് അതിലെ ഒരു വലിയ വിഭാഗത്തെ കീഴ്പെടുത്തുവാൻ സാധിച്ചു. അദ്ദേഹത്തിന്റെ വാക് ചാതുര്യവും സാമർത്ഥ്യവും ഭരണതന്ത്രജ്ഞതയും അതിന് അദ്ദേഹത്തെ സഹായിച്ചു. ഇതിനിടയ്ക്ക് പോർച്ചുഗലിലെ റോം എന്ന് അറിയപ്പെടുന്ന ബ്രാഗ എന്ന സ്ഥലത്തെ മെത്രാപൊലീത്തയും നഗര പിതവുമായ ഡോ. അഗസ്തിഞ്ഞ് 1609- കാലം ചെയ്യുകയും പിൻഗാമിയായി മെനസിസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 1611- ന് മെനസിസ് കേരളത്തോട് വിടപറഞ്ഞ് ലിസ്ബണിലേയ്ക്ക് പോയി. ഇൻഹ്റ്റ്യയിലെ നേട്ടങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് പോർട്ടുഗലിലെ വൈസ്രോയി എന്ന ബഹുമതി ഫിലിപ്പ് രണ്ടാമൻ രാജാവ് നൽകി ആദരിക്കുകയുണ്ടായി.
മെനസിസിന്റെ അവസാനകാലം വളരെ ദുരിതപൂർണ്ണമായിരുന്നു എന്നാണ് രേഖകൾ.[അവലംബം ആവശ്യമാണ്] അദ്ദേഹത്തിന് അസുഖങ്ങൾ ബാധിക്കുകയും ശയ്യാവലംബിയായിത്തീരുകയും ചെയ്തു. 1617 മാർച്ച് 30-നു കാലം ചെയ്തു. മൃതദേഹം വി.ഫിലിപ്പിന്റെ നാമത്തിലുള്ള മത്രീയനെസിലെ ആശ്രമദേവാലയത്തിൽ സംസ്കരിക്കുകയും പിന്നീട് ബ്രാഗയിലെ അഗസ്തീനിയൻ ദേവാലയത്തിൽ പ്രധാന അൾത്താരയ്ക്കു സമീപം പുന:സംസ്കരിക്കപ്പെടുകയും ചെയ്തു.