തമിഴ്‌സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്നു അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതുന്ന ജെ. ത്യാഗരാജൻ[1] (ജഗദീശ ത്യാഗരാജൻ) ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017). ഇരുന്നൂറോളം ചെറുകഥകളും എട്ട് നോവലുകളും പതിനഞ്ച് നോവെല്ലകളും രചിച്ചിട്ടുണ്ട്. പല നോവലുകളും ചെറുകഥകളും ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. കനൈയാഴി എന്ന ലിറ്റിൽ മാസികയുടെ പത്രാധിപരായിരുന്നു. 1996 ൽ അപ്പാവിൻ സ്നേഹിതർ എന്ന ചെറുകഥാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.
1931-ൽ സെക്കന്ദരാബാദിൽ[1] ജനിച്ചു. ഇരുപത്തിയൊന്ന് വയസ്സു വരെ അവിടെയായിരുന്നു. 1952-ൽ പിതാവിന്റെ മരണശേഷം ചെന്നൈയിലേക്കു വന്നു. ജെമിനി സ്റ്റുഡിയോയിൽ 14 വർഷം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലി ചെയ്തു.[1] 'മൈ ഇയേഴ്സ് വിത്ത് ബോസ്' എന്ന കൃതി ഇക്കാലത്തെ അനുഭവങ്ങളിൽ നിന്ന് രചിച്ചതാണ്. തമിഴ് സിനിമാ സംവിധായകനും ആനന്ദവികടൻ വാരികയുടെ സ്ഥാപകനും ജെമിനി സ്റ്റുഡിയോസ് ഉടമസ്ഥനുമായ എസ്.എസ്.വാസനു[2] മൊത്തുള്ള കാലത്തെക്കുറിച്ചായിരുന്നു ഈ പുസ്തകം. ഇക്കാലത്ത് 'ഇല്ലസ്ട്രേറ്റഡ് വീക്കിലി'യിൽ ചില കോളങ്ങളും എഴുതിയിരുന്നു. 1966 മുതൽ മുഴുവൻ സമയ എഴുത്തുകാരനായി. അക്കാലത്താണ് 'കനൈയാഴി' എന്ന ലിറ്റിൽ മാസികയുടെ പത്രാധിപസ്ഥാനം സ്വീകരിക്കുന്നത്. അശോകമിത്രൻ എന്ന തൂലികാ നാമം സ്വീകരിക്കുന്നതും ഇക്കാലത്തുതന്നെ. 1966 മുതൽ 1991 വരെ 'കനൈയാഴി'യുടെ പത്രാധിപരായി തുടർന്ന അശോകമിത്രൻ മാസികയെ തമിഴ് സാഹിത്യലോകത്തെ തലപ്പൊക്കമുള്ള പ്രസിദ്ധീകരണമാക്കി മാറ്റി. യൂറോപ്യൻ ഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും അശോകമിത്രന്റെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ് ചലച്ചിത്രലോകത്തെ അടിയൊഴുക്കുകൾ അനാവരണം ചെയ്യുന്ന നോവലായ 'അലിഞ്ഞുപോയ നിഴലുകൾ' എന്ന നോവലും കലർപ്പുകളൊന്നുമില്ലാത്ത മനുഷ്യസൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നാനാർഥങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന 'മാനസസരോവരം' എന്ന നോവലും 'തണ്ണീർ' എന്ന കൃതിയും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[3] നഗരങ്ങളിലെ മധ്യവർഗജീവിതങ്ങളെക്കുറിച്ച് ആഴമുള്ള എഴുത്തുകൾ അശോകമിത്രൻ എഴുതി. തമിഴിലും ഇംഗ്ലീഷിലും മനോഹരമായി എഴുതുമായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2017 മാർച്ച് 23-ന് 85-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. രാജേശ്വരി ത്യാഗരാജനാണ് ഭാര്യ. ദ് ഹിന്ദു ദിനപത്രത്തിലെ അസോസിയറ്റ് എഡിറ്ററായ ടി.രാമകൃഷ്ണൻ ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.
{{cite news}}
: Check date values in: |accessdate=
(help)