അശോക് ഗെഹ്ലോട്ട് | |
---|---|
രാജസ്ഥാൻ മുഖ്യമന്ത്രി | |
ഓഫീസിൽ 2018-2023, 2008-2013, 1998-2003 | |
മുൻഗാമി | വസുന്ധര രാജെ സിന്ധ്യ |
പിൻഗാമി | ഭജൻലാൽ ശർമ്മ |
നിയമസഭാംഗം | |
ഓഫീസിൽ 2023, 2018, 2013, 2008, 2003, 1999 | |
മണ്ഡലം | സർദാർപുര |
ലോക്സഭാംഗം | |
ഓഫീസിൽ 1998, 1996, 1991, 1984, 1980 | |
മണ്ഡലം | ജോധ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോധ്പൂർ, രാജസ്ഥാൻ | 3 മേയ് 1951
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | സുനിത ഗെഹ്ലോട്ട് |
കുട്ടികൾ | സോണിയ, വൈഭവ് |
As of 2 ഒക്ടോബർ, 2022 ഉറവിടം: ലോക്സഭ |
മൂന്നു തവണ (1998-2003, 2008-2013, 2018-2023) രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന[1] രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അശോക് ഗെഹ്ലോട്ട്.[2] (ജനനം: 03 മെയ് 1951) അഞ്ച് തവണ ലോക്സഭാംഗം, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച ഗെഹ്‌ലോട്ട് മൂന്നു തവണ രാജസ്ഥാൻ പി.സി.സി പ്രസിഡൻറായിരുന്നു.[3][4][5][6][7]
രാജസ്ഥാനിലെ ജോധ്പൂരിൽ ലക്ഷ്മൺ സിംഗ് ഗെഹ്ലോട്ടിൻ്റെ മകനായി 1951 മെയ് 3ന് സൈനിക് ക്ഷത്രിയ മൻഡോർവ്വ രജപുത്ത് കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോധ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിലും നിയമത്തിലും ബിരുദം നേടി. ബി.എസ്.സി, എം.എ, എൽ.എൽ.ബിയാണ് വിദ്യാഭ്യാസയോഗ്യത.[8]
കോൺഗ്രസിൻ്റെ വിദ്യാർത്ഥി പോഷക സംഘടനയായ എൻ.എസ്.യു.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1974 മുതൽ 1979 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായിരുന്നു. 1977-ൽ ആദ്യമായി സർദാർപുര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജോധ്പൂരിൽ നിന്ന് ആദ്യമായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ വീണ്ടും ലോക്സഭാംഗമായി. 1989-ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991, 1996, 1998 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെൻ്റ് അംഗമായ ഗെഹ്ലോട്ട് 1998-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ച് ആദ്യമായി രാജസ്ഥാൻ മുഖ്യമന്ത്രിയായി. 1999-ൽ നടന്ന നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സർദാർപുര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഗെഹ്ലോട്ട് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും സർദാർപുരയിൽ നിന്ന് നിയമസഭാംഗമായി. 2008, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[9]
പ്രധാന പദവികളിൽ
1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 200-ൽ 153 സീറ്റും നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം കോൺഗ്രസ് പാർട്ടിയ്ക്ക് ലഭിച്ചതിനെ തുടർന്നാണ് ലോക്സഭാംഗമായിരുന്ന അശോക് ഗെഹ്ലോട്ട് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ഭരണ വിരുദ്ധ വികാരം അലയടിച്ച 1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 33 സീറ്റിലൊതുങ്ങി.
അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പ്രക്രിയ 1998 മുതൽ രാജസ്ഥാനിൽ സംഭവിക്കുന്നുണ്ട്. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി 120 സീറ്റ് നേടി അധികാരം ഉറപ്പിച്ചപ്പോൾ കോൺഗ്രസ് 56 സീറ്റിലേയ്ക്ക് ചുരുങ്ങി.
2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 78 സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ് 96 സീറ്റ് നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല. ഒടുവിൽ 4 സീറ്റ് നേടിയ ബി.എസ്.പിയുടെ പിന്തുണയോടെ സംസ്ഥാനത്ത് 2008-ൽ കോൺഗ്രസ് ഭരണമുറപ്പിച്ചപ്പോൾ അശോക് ഗെഹ്ലോട്ട് രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റു.
കേന്ദ്ര-സംസ്ഥാന ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചതിനെ തുടർന്ന് 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി വീണപ്പോൾ ബി.ജെ.പി 163 സീറ്റുമായി കുതിച്ച് കയറി.
2018-ൽ വീണ്ടും സംസ്ഥാനത്ത് ഭരണമാറ്റം. 73 സീറ്റിൽ ബി.ജെ.പി ജയിച്ചപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ പി.സി.സി പ്രസിഡൻറായിരുന്ന യുവനേതാവ് സച്ചിൻ പൈലറ്റിൻ്റെ മികവിൽ 100 സീറ്റ് നേടി കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷവും ഗെഹ്ലോട്ടിനെ പിന്തുണച്ചതോടെ മൂന്നാം തവണയും അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[10]
2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 115 സീറ്റ് നേടി ഭൂരിപക്ഷമുറപ്പിച്ച് രാജസ്ഥാനിൽ അധികാരത്തിൽ തിരിച്ചുകയറിയപ്പോൾ 69 സീറ്റുകൾ നേടാനെ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 2023 ഡിസംബർ 3ന് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[11][12]