തിരുവിതാംകൂർ ഇളയ റാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആറ്റിങ്ങൽ ഇളയതമ്പുരാൻ | |
---|---|
ജനനം | ഗൗരി ലക്ഷ്മിഭായി 1945 |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം |
തൊഴിൽ | കവയിത്രി |
സജീവ കാലം | 1994 - |
Notable work | 'ദ് ഡോൺ'(1994), ശ്രീ പത്മനാഭസ്വാമി ടെമ്പിൾ(1998), തുളസി ഗാർലൻഡ് (1998), 'ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് '(2002)etc |
സ്ഥാനപ്പേര് | തിരുവിതാംകൂർ ഇളയ മഹാറാണി, ആറ്റിങ്ങൽ ഇളയതമ്പുരാൻ |
മുൻഗാമി | സേതു പാർവ്വതിഭായി |
ജീവിതപങ്കാളി | ആർ .ആർ. വർമ്മ(പരേതനായി) |
കുട്ടികൾ | പൂരൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ, അവിട്ടം തിരുനാൾ ആദിത്യവർമ്മ, ഭരണി തിരുനാൾ ലേഖ പാർവ്വതിഭായി(ദത്തുപുത്രി) |
മാതാപിതാക്കൾ |
|
ബന്ധുക്കൾ | മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ(അമ്മാവൻ)
ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ(അമ്മാവൻ) ശ്രീ മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ(സഹോദരൻ) ശ്രീ ഗോദവർമ്മ രാജ(അച്ഛൻ) സേതു ലക്ഷ്മി ബായി തമ്പുരാട്ടി(മാതൃസഹോദരി, തിരുവിതാംകൂറിന്റെ അവസാന റീജന്റ് ഭരണാധികാരി ശ്രീ രാജാ രവി വർമ്മ( മാതാമഹിയുടെ മാതാമഹൻ) |
മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരിയാണു് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി. തിരുവിതാംകൂർ രാജവംശത്തിൽ ജനിച്ചു.[1] മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടേയും ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുടെ പുത്രിയും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ അനന്തരവളുമാണു്. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തിരുവല്ലയിലെ പാലിയക്കര പടിഞ്ഞാറെ കൊട്ടാരത്തിലെ അംഗവും മാനേജ്മെന്റ് രംഗത്ത് പ്രസിദ്ധനുമായ ശ്രീ ആർ .ആർ. വർമ്മയാണു് ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ വിവാഹം ചെയ്തത്. രണ്ടു പുത്രന്മാരും ഒരു ദത്തുപുത്രിയുമുണ്ട്. രണ്ടായിരത്തി അഞ്ചിൽ(2005) ഉണ്ടായ ഒരു വാഹനാപകടത്തിൽ ശ്രീ ആർ. ആർ. വർമ കൊല്ലപ്പെട്ടു.
നൂറ്റി അൻപതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ സംഭാവനകളായി ലഭിച്ചിട്ടുണ്ടു്. പി.പി. രാമവർമ്മരാജയുടെ 'ശ്രീ ശബരിമല അയ്യപ്പചരിതം' എന്ന കൃതി തമ്പുരാട്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. സാമൂഹിക-സാംസ്കാരിക മേഖലകളിലും തമ്പുരാട്ടി സജീവമായി പ്രവർത്തിക്കുന്നു.
തിരുമുൽക്കാഴ്ച(1992)യാണ് അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിരതിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. ഇംഗ്ളീഷ് ഭാഷാ പ്രയോഗത്തിൽ പ്രകടമാകുന്ന അയത്നലാളിത്യം ഈ കവിതകൾ വായിക്കുന്ന ആരുടെയും ശ്രദ്ധയാകർഷിക്കും. 'സൈലൻസ്'എന്ന കവിതയിലെ ആദ്യ വരികൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.
അമ്മാവന്റെ മരണശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയിൽ തളം കെട്ടി നില്ക്കുന്ന ശൂന്യത കവയിത്രിയിൽ ഉണർത്തുന്ന ശോകമാണ് ഈ ചരണങ്ങളെ വിഷാദാർദ്രമാക്കിത്തീർക്കുന്നത്. പുരാണകഥാസൂചനകൾ സമൃദ്ധമായി കാണുന്നതാണ് തമ്പുരാട്ടിയുടെ കവിതകളുടെ മറ്റൊരു സവിശേഷത. ശ്രീ പത്മനാഭനു പ്രണാമമർപ്പിച്ചുകൊണ്ടുള്ള'ഇൻ എൻട്രീറ്റി'എന്ന കവിതയിൽ കവയിത്രി രണ്ടു തുള്ളി കണ്ണീർകൊണ്ട് പത്മനാഭന്റെ കാൽ കഴുകുന്നതായി സങ്കല്പിക്കുന്നു. വാമനന്റെ കാലടികൾ മൂന്ന് ലോകങ്ങളെയും അളന്നതുപോലെ ഈ കണ്ണീർക്കണങ്ങൾ തന്റെ ഇഷ്ടദേവതയുടെ ആസ്ഥാനമായ പാലാഴിയെ മുക്കിക്കളയുമാറു വളർന്നിടട്ടെ എന്ന് ആലങ്കാരികമായി കവയിത്രി ഉള്ളുതുറന്നു പ്രാർഥിക്കുന്നതോടെ കവിതയ്ക്ക് അവാച്യമായൊരു വശ്യത കൈവരുന്നു.
'ദ് ഡോൺ'(1994)എന്ന കവിതാസമാഹാരവും ശ്രീ പത്മനാഭസ്വാമി ടെമ്പിൾ, തുളസി ഗാർലൻഡ് (1998), 'ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് '(2002) എന്നീ ഗദ്യകൃതികളുമാണ് തമ്പുരാട്ടിയുടെ മറ്റു രചനകൾ. 'പോയട്രി ക്വാർട്ടർലി' എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണു് 'ദ് ഡോൺ' എന്ന കൃതി പ്രസിദ്ധീകരിച്ചതു്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാസങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. (വിവർത്തകർ: കെ. ശങ്കരൻ തമ്പൂതിരി, കെ. ജയകുമാർ). കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി 'ഗാർലൻഡ്'. പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയിൽ കാണാം. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതിൽ വെളിവാകുന്നുണ്ട്.
ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് 'ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയ ൻസ്'. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ. ഗദ്യ കൃതിയാണെങ്കിലും അടിമുടി കാവ്യമയമാണു് ഇതിലെ ഭാഷ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |