അസം ഗണ പരിഷത്ത്


Asom Gana Parishad
অসম গণ পৰিষদ
അസം ഗണ പരിഷത്ത്
ചെയർപേഴ്സൺPrafulla Kumar Mahanta
രൂപീകരിക്കപ്പെട്ടത്1985
മുഖ്യകാര്യാലയംGopinath Bordoloi Road,
Guwahati, 781001
യുവജന സംഘടനAsom Yuva Parishad
വനിത സംഘടനAsom Mahila Parishad
കർഷക സംഘടനAsom Krishak Parishad
പ്രത്യയശാസ്‌ത്രംRegionalism
Nationalism
സഖ്യംNational Democratic Alliance
ലോക്സഭയിലെ സീറ്റുകൾ
1 / 545
രാജ്യസഭയിലെ സീറ്റുകൾ
1 / 245
സീറ്റുകൾ
14 / 126
വെബ്സൈറ്റ്
Asom Gana Parishad Site

അസമിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാണ് അസം ഗണ പരിഷത്ത് (Asom Gana Parishad അഥവാ AGP). 1985 മുതൽ 1989 വരെയും പിന്നീട് 1996 മുതൽ 2001 വരെയും ഉള്ള കാലയളവുകളിൽ സംസ്ഥാന ഭരണം നടത്തിയിരുന്നത് അസം ഗണ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു.

ചരിത്രം

[തിരുത്തുക]

സംസ്ഥാനത്തെ അന:ധികൃത കുടിയേറ്റത്തിനെതിരായി ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഉടലെടുത്ത അസം മൂവ്മെന്റ് പ്രക്ഷോഭകാലത്ത് (1979 - 1985) ഒരു ശക്തവും സംഘടിതവുമായ പ്രാദേശിക പാർട്ടിക്ക് വേണ്ടിയുള്ള അഭിലാഷം പ്രക്ഷോഭകാരികളുടെ ഇടയിൽ ഉയർന്നു വന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിലെ പിന്നോക്കാവസ്ഥയും കുറഞ്ഞ തൊഴിൽ സാധ്യതകളും അസ്സാമിയ മധ്യവർഗ്ഗത്തിനിടയിൽ പരത്തിയ അസംതൃപ്തി ഇതിനെ ത്വരിതപ്പെടുത്തി.[1] അസം അക്കോർഡ് എന്നറിയപ്പെടുന്ന കരാർ പ്രകാരം 1985 ഓഗസ്റ്റ് മാസത്തിൽ പ്രക്ഷോഭം ഒത്തുതീർപ്പായെങ്കിലും ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പ്രക്ഷോഭത്തിന് പിന്തുണ നൽകിയ വിവിധ സംഘടനകളുടെ കൂട്ടായ ശ്രമഫലമായി അസം ഗണ പരിഷത്ത് എന്ന പ്രാദേശിക പാർട്ടി രൂപമെടുത്തു. അപ്പോഴേക്കും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ സ്വയം പിരിച്ചു വിട്ട് ‎ ‎പ്രഫുല്ല കുമാർ മഹന്തയെ പോലെയുള്ള സ്റ്റുഡൻസ് യൂണിയൻ നേതാക്കൾ പുതിയ പാർട്ടിയുടെ സമുന്നത സ്ഥാനങ്ങളിലേക്കെത്തി. അത്തവണത്തെ തെരഞ്ഞെടുപ്പിൽ അസം ഗണ പരിഷത്ത് വിജയം നേടുകയും പ്രഫുല്ല കുമാർ മഹന്തയെ മുഖ്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തു.

പിളർപ്പുകളും ലയനങ്ങളും

[തിരുത്തുക]

1991 മാർച്ചിൽ പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഭൃഗു കുമാർ ഫുകാൻ, മുൻ എം.പി ദിനേശ് ഗോസ്വാമി, സ്പീക്കർ പുലകേഷ് ബറൂറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നതുൻ അസം ഗണ പരിഷത്ത് എന്ന പുതിയ പാർട്ടി സ്ഥാപിക്കപ്പെട്ടു. എന്നാൽ 1992-ൽ ഇവർ വീണ്ടും അസം ഗണ പരിഷത്തിൽ ലയിച്ചു.

2000-ൽ പ്രഫുൽ കുമാർ മഹന്തയുടെ മന്ത്രിസഭയിലെ പൊതു മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അതുൽ ബോറയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടിയിൽ നിന്ന് മാറി തൃണമൂൽ ഗണ പരിഷത്ത് (TGP) എന്ന പാർട്ടിക്ക് രൂപം നൽകി.

2001-ൽ മഹന്ത സർക്കാരിന് അധികാരം നഷ്ടമാവുകയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വരുകയും ചെയ്തു. ഇതിനെ തുടർന്നുള്ള കാലയളവിൽ അദ്ദേഹത്തിന് എതിരായി വിവിധ കോണുകളിൽ നിന്ന് അനവധി അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നു. ഒപ്പം അദ്ദേഹത്തിന്റെ ഭരണവേളയിൽ സംസ്ഥാനത്ത് നടന്ന 'നിശ്ശബ്ദ കൊലപാതങ്ങളിൽ' സർക്കാരിന് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന വാദവും ചർച്ചാ വിഷയമായി. ഇതെല്ലാം അദ്ദേഹത്തിന് പാർട്ടി അധ്യക്ഷസ്ഥാനം നഷ്ടപ്പെടാൻ കാരണങ്ങളായി . തുടർന്ന് 2005 ജൂലൈ 3-ന് പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ അസം ഗണ പരിഷത്തിൽ നിന്ന് പുറത്താക്കപ്പെട്ട മഹന്ത അസം ഗണ പരിഷത്ത് ( പ്രോഗ്രസീവ്) എന്ന പാർട്ടി രൂപീകരിച്ചു.

2008-ൽ പാർട്ടിയിൽ നിന്ന് പല കാലങ്ങളിൽ വിട്ടുപോയ പാർട്ടികളെ തിരികെ കൊണ്ട് വന്ന് സംഘടനയെ ശക്തിപ്പെടുത്തണം എന്ന ഒരു ചിന്ത അസം ഗണ പരിഷത്ത് നേതൃത്വത്തിലുണ്ടാവുകയും അതിനുളള ആത്മാർത്ഥ ശ്രമങ്ങൾ ആരംഭിക്കയും അതിന്റെ ഫലമായി മഹന്തയുടെ അസം ഗണ പരിഷത്ത് ( പ്രോഗ്രസീവ്), ബോറയുടെ തൃണമൂൽ ഗണ പരിഷത്ത് തുടങ്ങിയ പാർട്ടികൾ അസം ഗണ പരിഷത്തിൽ ലയിച്ചു.

അവലംബം

[തിരുത്തുക]
  1. "Emergence of Asom Gana Parishad, AGP Website". Archived from the original on 2011-04-07. Retrieved 2011-05-14.