ആഷിന ഗോത്ര രൂപീകരണത്തിലേക്ക് വഴിതെളിച്ചതായി കരുതപ്പെടുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് അസിന എന്ന പെൺ ചെന്നായ. ഒഗൂസ്, ഗോഗ്തുർക്ക് എന്നിവർക്കിടയിലാണ് ഈ ഐതിഹ്യം നിലനിൽക്കുന്നത്[1][2].
ചൈനീസ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ പ്രകാരം ഗോഗ്തുർക്കുകളുടെ ഗോത്രരൂപീകരണവും ഇങ്ങനെ ഒരു ചെന്നായയിലാണ് എത്തുന്നത്[3].
ഐതിഹ്യപ്രകാരം; ഒരു യുദ്ധക്കളത്തിൽ നിന്നും പരിക്കേറ്റ നിലയിൽ കാണപ്പെട്ട ഒരു ആൺകുഞ്ഞിനെ അസിന എന്ന പെൺചെന്നായ കണ്ടെത്തുന്നു. ആ കുഞ്ഞിനെ ശുശ്രൂഷിച്ച് ഭേദപ്പെടുത്തിയ അസിന, പിന്നീട് ആ ആൺകുട്ടിയിൽ നിന്ന് ഗർഭിണിയായി. ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറൻ കടൽ കടന്ന് കോച്ചോ പർവതനിരകൾക്കും ടോച്ചറിയൻ നഗരത്തിനും സമീപമുള്ള ഒരു ഗുഹയിലേക്ക് എത്തിയ അസിന, അവിടെ വെച്ച് പത്ത് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പാതി ചെന്നായ് രൂപവും പാതി മനുഷ്യരൂപവും കൂടിയതായിരുന്നു ആ കുഞ്ഞുങ്ങൾ. ഇവരിൽ യിജി നിഷിഡു[4][5] അവരുടെ നേതാവായി മാറുകയും ഗോക്‌ടർക്കിലും മറ്റ് തുർക്കി നാടോടി സാമ്രാജ്യങ്ങളിലും ഭരിച്ചിരുന്ന ആഷിന വംശം സ്ഥാപിക്കുകയും ചെയ്തു.[6][7]