ഇസ്‌ലാമിക പ്രമാണങ്ങളുടെ വ്യാഖ്യാനത്തിനായി യുക്തിചിന്തയുടെ കൂടി സഹായം ഉപയോഗിച്ചുവന്ന ആദ്യകാല ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു അഹ്‌ൽ അൽ റയ്യ് (അറബി: أهل الرأي)[1]. അഹ്ലുറയ്യ്, അസ്‌ഹാബുറയ്യ് എന്നിങ്ങനെയും ഈ സംഘം അറിയപ്പെട്ടുവന്നു. ആ കാലത്ത് ഇസ്‌ലാമിക നിയമങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് പഠനം നടത്തിവന്ന മൂന്ന് വിഭാഗങ്ങളിലൊന്നായിരുന്നു അഹ്ലുറയ്യ്. അഹ്‌ൽ അൽകലാം, അഹ്‌ൽ അൽ ഹദീഥ് എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം[2]. ഇവയിൽ അഹ്‌ൽ അൽ ഹദീഥ് ആണ് പ്രായേണ നിലനിന്നത്.
ഹനഫി മദ്‌ഹബിലെ പല ആദ്യകാല പണ്ഡിതരും ഉൾപ്പെട്ടിരുന്ന അഹ്ലുറയ്യ് പ്രസ്ഥാനത്തിൽ പ്രമാണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തി യുക്തിപരമായി അപഗ്രഥിക്കുന്ന രീതിയാണ് പിന്തുടർന്നത്. ഖിയാസ് പോലുള്ള പ്രയോഗങ്ങൾ ഇതിനായി ഉപയോഗിച്ചുവന്നു. ശബ്ദം, അല്ലെങ്കിൽ യുക്തി എന്നൊക്കെയാണ് റയ്യ് എന്ന പദത്തിന്റെ അർത്ഥമായി കണക്കാക്കപ്പെടുന്നത്[1]. എന്നാൽ ഇതിനെ ഖണ്ഡിക്കുന്നതായിരുന്നു അഹ്‌ൽ അൽ ഹദീഥിന്റെ നിലപാടുകൾ. ഖുർആനും ആധികാരികമായ ഹദീഥുകളും മാത്രമാണ് ഇസ്‌ലാമിക നിയമത്തിന്റെ സ്വീകാര്യമായ സ്രോതസ്സുകളെന്നാണ് അഹ്‌ൽ അൽ-ഹദീസ് പ്രസ്ഥാനത്തിന്റെ നിലപാട്. ഖിയാസ്, ഇസ്തിസ്‌ലാഹ്, ഹിയാൽ എന്നിവയുടെ ഉപയോഗത്തെ പോലും അവർ എതിർത്തു[3]. മുസ്‌ലിം സമൂഹത്തിന്റെ "സാമ്പ്രദായികരീതികൾ", "സമത്വത്തിന്റെ പൊതുതത്ത്വങ്ങൾ", പ്രവാചകന്റെ ആശയങ്ങളുടെ ആത്മാവ് എന്നിവ പലപ്പോഴും ഹദീഥുകളുടെ അക്ഷരങ്ങളെ സ്വാധീനിക്കാമെന്ന് അഹ്ലുറയ്യ് കരുതുന്നുണ്ടെന്ന് ഡാനിയൽ ഡബ്ല്യു. ബ്രൗൺ നിരീക്ഷിക്കുന്നുണ്ട്[4].