നവീന വാസ്തുവിദ്യ (modern architecture), ഉല്പന്ന രൂപകല്പന (industrial design) തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒരു തത്ത്വമാണ് ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു (ഇംഗ്ലീഷ്: Form follows function) എന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഈ ആശയം ഉദ്ഭവിച്ചത്. ഒരു കെട്ടിടമോ ഏതെങ്കിലും ഉത്പന്നമോ രൂപകല്പനചെയ്യുമ്പോൾ, അതിന്റെ ധർമ്മത്തിനായിരിക്കണം പ്രാധാന്യം, മറിച്ച് രൂപത്തിനല്ല. ഇതാണ് ഈ ശൈലി അർഥമാക്കുന്നത്.
ഈ വാക്യത്തിന്റെ കർത്തൃത്വം അമേരിക്കൻ ശില്പിയായിരുന്ന ഹോറേഷ്യോ ഗ്രീനോയുടെ (Horatio Greenough) മേൽ പലപ്പോഴും ആരോപിക്കപ്പെടുന്നുണ്ട്. ഇത് തെറ്റാണെങ്കിൽകൂടിയും അദ്ദേഹത്തിന്റെ ചിന്താധാരകൾ പിന്നീടുത്ഭവിച്ച ഫങ്ക്ഷണലിസവുമായ് ചേർന്നുപോകുന്നവയാണ്.[1] ഗ്രീനോയുടെ സാഹിത്യസൃഷ്ടികൾ കുറേവർഷങ്ങളായി ആരും ശ്രദ്ധിച്ചിരുന്നില്ല. 1930ലാണ് അവ കണ്ടെടുത്തത്. 1947ൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ആകൃതിയും ആവശ്യവും : ഹോറേഷ്യോ ഗ്രീനോയുടെ കാഴ്ച്ചപ്പാടിൽ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഗ്രീനോയുടെ അതേ നാട്ടുകാരനും വാസ്തുശില്പിയുമായ ലൂയിസ് സള്ളിവെൻ തന്റെ ഒരു പ്രബന്ധത്തിൽ ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു എന്ന ശൈലി ഉൾപ്പെടുത്തി. [1] ഗ്രീനോയുടെ മരണത്തിന് ഏകദേശം 50വർഷം ശേഷമായിരുന്നു ഇത്. ഇന്ന് ഈ തത്ത്വത്തിന്റെ സ്രഷ്ടാവായി സള്ളിവനെയാണ് കണക്കാക്കുന്നത്. അദ്ദേഹം ഈ തത്ത്വത്തെക്കുറിച്ച് പറയുന്നതെന്തെന്നാൽ,
ജൈവീകവും അജൈവികവുമായ എല്ലാ വസ്തുക്കളിലും വ്യാപിക്കുന്ന നിയമവും
ഭൗതികവും ആദ്ധ്യാത്മികമായ സർവ്വതിലും
മാനവികവും അമാനുഷികവുമായ സർവ്വതിലും
സുസ്‌പഷ്‌ടമായ ശിരസ്സിലും
ഹൃദയത്തിലും മനസ്സിലും
വേർതിരിച്ചു മനസ്സിലാക്കാവുന്നതായ ജീവൻ ഈ തത്ത്വത്തിൽ ലയിച്ചിരിക്കുന്നു.
അതായത് ആകൃതി ആവശ്യത്തെ എല്ലായ്പ്പോഴും അനുഗമിക്കുന്നു.ഇതാണ് നിയമം[2]