കർത്താവ് | ബങ്കിം ചന്ദ്ര ചാറ്റർജി |
---|---|
യഥാർത്ഥ പേര് | আনন্দমঠ |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഓറിയന്റ് പേപ്പർബാക്ക്‌സ് (വിഷൻ ബുക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്) |
പ്രസിദ്ധീകരിച്ച തിയതി | 1882 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1992 |
ഏടുകൾ | 136 പുറം |
ISBN | ISBN 81-222-0130-X |
ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം (ബംഗാളി - আনন্দমঠ). പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന രചനയായി പരിഗണിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്ത്യാക്കാരുടെ വിമോചനസമരത്തിന്റെ കഥക്കു സമാനമായി അതു പരിഗണിക്കപ്പെട്ടുവെന്നതിൽനിന്നു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ബ്രട്ടീഷുകാർ ഈ നോവൽ നിരോധിച്ചെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ആ നിരോധനം നീക്കം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യം വെളിച്ചം കണ്ടത് ഈ നോവലിലാണ്. [1]
വരൾച്ചയും പട്ടിണിയും പിടികൂടിയിരുന്ന കാലത്ത് കല്യാണി എന്ന വീട്ടമ്മ കൈക്കുഞ്ഞുമായി അക്രമികളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും ബോധരഹിതയായി ഒരു നദിയുടെ കരയിൽ പെട്ട് പോകുകയും ചെയ്യുന്നു. അവളെ കണ്ട ഒരു ഹിന്ദു സന്യാസി രക്ഷിക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ബ്രട്ടീഷുകാർക്കെതിരെ സന്യാസിമാർ സമരം ചെയ്തിരുന്നതിനാൽ ബ്രട്ടീഷുകാരുടെ പിടിയിലകപ്പെടുന്നു. വഴിയെ മറ്റൊരു സന്യാസിയെ സാധാരണ വേഷത്തിൽ കണ്ടപ്പോൾ ആ സ്ത്രീയെ രക്ഷിക്കാനായി ഒരു പാട്ടിലൂടെ സൂചന നൽകുകയും ആ സന്യാസി, സ്ത്രീയെയും കുഞ്ഞിനേയും രക്ഷിക്കുകയും അവരുടെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോകുകയും ഭർത്താവിനെ അവിടെ എത്തിച്ച് അവരെ ഒന്നിപ്പിക്കുകയും ചെയ്തു. മഹേന്ദ്ര എന്ന ആ ഭർത്താവിനെ ഒളിത്താവളത്തിലെ മൂന്നു മുറികളിലായി ആരാധിക്കുന്ന മൂന്നു ദേവതകളുടെ മുഖങ്ങൾ കാണിച്ചു കൊടുക്കുന്നു.
1. ഭൂതകാലത്തെ ജഗഥാത്രി
2. വർത്തമാനകാലത്തെ കാളി
3. ഭാവിയിലെ ദുർഗ
കുറച്ചുനാളുകൾക്കുള്ളിൽ റിബലുകളായ സന്യാസിമാരുടെ ശക്തി വർദ്ധിക്കുകയും അവർ ഒരു ചെറിയ കോട്ടയിലേയ്ക്ക് താവളം മാറ്റുകയും ചെയ്തു. എന്നാൽ ബ്രട്ടീഷ് സേന അവരുടെ താവളം അക്ക്രമിക്കുകയും സന്യാസിമാർക്ക് കനത്ത നാശം വരുത്തുകയും ചെയ്തു. എങ്കിലും ബ്രട്ടീഷുകാരുടെ ആയുധങ്ങൾ പിടിച്ചെടുത്തു തിരിച്ചാക്രമിച്ച സന്യാസിമാർ അവരെ തോൽപ്പിച്ചു. അങ്ങനെ അവർക്ക് ആദ്യജയം ലഭിക്കുന്നു. മഹേന്ദ്രയും ഭാര്യയും പുതിയ വീട് പണിയുകയും സന്യാസിമാരെ തുടർന്നും പിന്തുണക്കുകയും ചെയ്യുന്നതിലൂടെ കഥ അവസാനിക്കുന്നു.
1770-ലെ പട്ടിണിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ബ്രട്ടീഷുകാർക്കെതിരെ സന്യാസിമാർ നടത്തുന്ന സായുധ പോരാട്ടത്തിന്റെ കഥയാണിത്. നോവലിന്റെ കർത്താവായ ബങ്കിംചന്ദ്ര ബ്രട്ടീഷ് ഭരണം ഇല്ലാതാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി അതിശക്തരായ ബ്രട്ടീഷ് പട്ടാളത്തിനെതിരെ ഒരുകൂട്ടം സന്യാസിമാർ നടത്തിയ ചെറുത്തുനിൽപ്പിനെ മനോഹരമായി അവതരിപ്പിച്ചു. കഥക്ക് മേലെ രാജ്യസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്വാനത്തിന്റെയും പ്രതീകമായിയാണ് ഈ നോവൽ അറിയപ്പെടുന്നത്.